Israel’s war on Gaza: വാക്കുപാലിക്കില്ലെ?, ഗസയില്‍ ആക്രമണം നടത്തി ഇസ്രായേല്‍; ഫലസ്തീനികള്‍ക്ക് ദാരുണാന്ത്യം
Polio Vaccination: മധ്യ, ദക്ഷിണ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമങ്ങളില്‍ ഇതിനോടകം നിരവധി ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പോളിയോ വാക്‌സീന്‍ നല്‍കുന്നതിനായി ദിവസവും പകല്‍ 8 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയാറാണെന്ന് ഹമാസും ഇസ്രായേലും അറിയിച്ചിരുന്നു.
ഗസ: കനത്ത ആക്രമണങ്ങള്‍ക്കിടയിലും പോളിയോ വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കംകുറിച്ചു. ഗസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് കുഞ്ഞുങ്ങള്‍ക്ക് പോളിയോ വിതരണം ആരംഭിച്ചത്. മധ്യ, ദക്ഷിണ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമങ്ങളില്‍ ഇതിനോടകം നിരവധി ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പോളിയോ വാക്‌സീന്‍ നല്‍കുന്നതിനായി ദിവസവും പകല്‍ 8 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയാറാണെന്ന് ഹമാസും ഇസ്രായേലും അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ നടപ്പാക്കുന്നത്.
പോളിയോ ബാധ മൂലം ഒരു കുട്ടി ഭാഗീകമായി തളര്‍ന്നതിന് പിന്നാലെയാണ് ഈ നീക്കം. ഞായറാഴ്ച കൂടുതല്‍ കുട്ടികള്‍ക്ക് പോളിയോ നല്‍കാനാണ് ലോകാരോഗ്യസംഘടന ലക്ഷ്‌യമിടുന്നത്. 6.50 ലക്ഷം കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനുള്ളത്.
പുലര്‍ച്ചെ ആറ് മണിക്കും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കുമിടയില്‍ വെടിനിര്‍ത്തലായിരിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. സെന്‍ട്രല്‍ ഗാസയിലാണ് ആദ്യം വാക്‌സീന്‍ നല്‍കുക. പിന്നീട് തെക്കന്‍ ഗാസയില്‍ വാക്‌സീന്‍ നല്‍കും. ആ സമയത്ത് ഇവിടെയും മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും. ശേഷം വടക്കന്‍ ഗാസയില്‍ ക്യാമ്പ് നടക്കും. ഇവിടെയും മൂന്ന് ദിവസത്തെ വെടിനിര്‍ത്തലാണ് ഉണ്ടാവുക. ആവശ്യമെങ്കില്‍ ഒരു ദിവസം കൂടി വെടിനിര്‍ത്തല്‍ തുടരും.
നാലാഴ്ചയ്ക്ക് ശേഷം ഒരു സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ ആവശ്യമായി വരുമെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നു. ഈ മാസം 23ന് ടൈപ് ടു പോളിയോ ബാധിച്ച് 10 മാസം പ്രായമായ കുട്ടിയ്ക്ക് ഒരു കാലില്‍ തളര്‍വാതമുണ്ടായിരുന്നു. 25 വര്‍ഷത്തിനിടെ ആദ്യമായാണ് ഗസയില്‍ പോളിയോ സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രദേശത്ത് വാക്‌സിന്‍ നല്‍കാനുള്ള നീക്കങ്ങള്‍ ശക്തി പ്രാപിച്ചത്. ഗാസ മുനമ്പില്‍ 10 വയസില്‍ താഴെയുള്ള ആറര ലക്ഷം പലസ്തീനിയന്‍ കുഞ്ഞുങ്ങളുണ്ടെന്നാണ് ഹമാസ് വക്താവ് ബസെം നയിം റൂയിട്ടേഴ്‌സിനോട് പ്രതികരിച്ചു.
ഇസ്രയേല്‍ സൈന്യവുമായി സഹകരിച്ചാണ് വാക്‌സിന്‍ വിതരണം നടക്കുക. കരെം ഷാലോമിലൂടെ ഇതിനകം വാക്‌സികളും ഗാസയിലെത്തിച്ചിട്ടുണ്ട്.
എന്നാല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. ലൈഫ് എന്ന പേരില്‍ ടിക്ടോക് വീഡിയോ ചെയ്യുന്ന 19കാരനായ മെഡോ ഹലീമിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, വെസ്റ്റ് ബാങ്കിലെ ഗുഷ് എറ്റ്‌സിയോണില്‍ ഇസ്രായേല്‍ കുടിയേറ്റ മേഖലയിലുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടില്ല. കുടിയേറ്റക്കാരുടെ സുരക്ഷ സംവിധാനത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.