Israel-Iran War: നെതന്യാഹുവിന്റെ വസതിയില്‍ ബോംബാക്രമണം; പിന്നില്‍ ഇറാനോ?
Bombs Fired Into Netanyahu's Home: സ്‌ഫോടനം നടത്തിയത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഹമാസ് തലവന്‍ യഹ്യ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ഒക്ടോബര്‍ 19ന് ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നു. ടെല്‍ അവീവിന് സമീപമുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്ക് നേരെയായിരുന്നു ആക്രമണം.
ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ബോംബാക്രമണം. സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകളാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വിവരം. ബോംബുകള്‍ പൊട്ടിത്തെറിക്കുന്ന സമയത്ത് നെതന്യാഹുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് പോലീസും ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് സംശയം. ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് നേരെ ഇറാന്റെ വധഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് നേരെയുള്ള ആക്രമണം വീട്ടിലും ഉണ്ടാകുന്നത് കണ്ടുനില്‍ക്കാനാകില്ല. വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.
ബെഞ്ചമിന്‍ നെതന്യാഹുവിന് നേരെയുള്ള ആക്രമണം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തിന്റെ വീടിന് നേരെ ഫ്‌ളാഷ് ബോംബ് എറിഞ്ഞത് മറ്റൊരുതരത്തില്‍ ചുവപ്പുരേഖ മറികടക്കുന്നത് കൂടിയാണെന്ന് ഇസ്രായേല്‍ സുരക്ഷാമന്ത്രി ബെന്‍ ഗ്വിര്‍ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.
എന്നാല്‍ സ്‌ഫോടനം നടത്തിയത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഹമാസ് തലവന്‍ യഹ്യ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ഒക്ടോബര്‍ 19ന് ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നു. ടെല്‍ അവീവിന് സമീപമുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്ക് നേരെയായിരുന്നു ആക്രമണം.
അതേസമയം, ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാല പൂര്‍ണമായി തകര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്‌സിലാണ് പരീക്ഷണശാല പ്രവര്‍ത്തിച്ചിരുന്നത്. ഇസ്രായേല്‍ നടത്തിയ ആക്രമണത്തോടെ ഇറാന്റെ ഒരു വര്‍ഷത്തേക്കുള്ള ആണവായുധ പദ്ധതിയാണ് തകരാറിലായതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇസ്രായേലിന്റെ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഇറാന്‍ ആണാവയുധങ്ങള്‍ നിര്‍മിക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്യുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്നാല്‍ ഇറാന്റെ രഹസ്യകേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതായാണ് യുഎസ് പറയുന്നത്. ആണവപരീക്ഷം ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് യുഎസ് ഇറാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.