Israel-Hezbollah Conflict: സ്‌ഫോടന ശബ്ദം നിലയ്ക്കാതെ ലെബനന്‍; വീണ്ടും ബോംബാക്രമണം
Israel Attack on Southern Lebanon and Beirut: ബെയ്‌റൂട്ടിലെ കൂടുതല്‍ മേഖലകളിലുള്ള ജനങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഇസ്രായേല്‍ ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ യുഎന്‍ സമാധാന സേനയുടെ ആസ്ഥാനമായ നഖൂറയിലേക്കും ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. നാല് ഇറ്റാലിയന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി യുഎന്‍ അറിയിച്ചു.
ജറുസലേം: തെക്കന്‍ ലെബനനിലും ബെയ്‌റൂട്ടിലും ആക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് വീണ്ടും ബോംബാക്രമണം ഉണ്ടായിരിക്കുന്നത്. ലെബനനന്‍ അതിര്‍ത്തിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള ഖിയം എന്ന പട്ടണത്തിലാണ് ഇസ്രായേല്‍ സൈന്യവും ഹിസ്ബുള്ളയും തമ്മില്‍ ആക്രമണം നടക്കുന്നത്. ആക്രമണത്തില്‍ ലെബനന്‍ വൈദ്യസഹായ സംഘത്തിലെ 5 പേര്‍ കൊല്ലപ്പെട്ടു.
ബെയ്‌റൂട്ടിലെ കൂടുതല്‍ മേഖലകളിലുള്ള ജനങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഇസ്രായേല്‍ ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ യുഎന്‍ സമാധാന സേനയുടെ ആസ്ഥാനമായ നഖൂറയിലേക്കും ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. നാല് ഇറ്റാലിയന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി യുഎന്‍ അറിയിച്ചു.
വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇസ്രായേല്‍ വീണ്ടും ആക്രമണം രൂക്ഷമാക്കിയിരിക്കുന്നത്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ലെബനനിലും ഇസ്രായേലിലും യുഎസ് പ്രതിനിധി എമസ് ഹോക്‌സ്‌റ്റൈന്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കായെത്തിയിരുന്നു. അദ്ദേഹം യുഎസിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടല്‍ രൂക്ഷമായത്. ഹിസ്ബുള്ളയ്ക്ക് വേണ്ടി ലെബനന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബേരിയാണ് ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത്.
ഇസ്രായേല്‍-ഹിസ്ബുള്ള യുദ്ധം അവസാനിച്ച 2006ല്‍ യുഎന്‍ രക്ഷാസമിതിയുടെ പ്രമേയത്തിലെ വ്യവസ്ഥകളോട് നീതി പുലര്‍ത്തുന്ന ശുപാര്‍ശകളായിരുന്നു യുഎസ് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ചിരുന്നത്. ഈ വ്യവസ്ഥയില്‍ അനുശാസിക്കുന്നത് പ്രകാരം ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍ പരിധിയില്‍ ഹിസ്ബുള്ളയുടെ സായുധ സൈന്യം ഉണ്ടായിരിക്കില്ല. ഈ മേഖലയില്‍ യുഎന്‍ സമാധാന സേനയും ലെബനന്‍ സൈന്യവും കാവല്‍ നില്‍ക്കും. എന്നാല്‍ തങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടായാല്‍ ലെബനനിലേക്ക് കടന്നുകയറാനുള്ള പൂര്‍ണസ്വാതന്ത്ര്യം വേണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കഴിഞ്ഞ രണ്ട് മാസത്തിനിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുനൂറിലേറെ കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും 1,100 കുട്ടികള്‍ക്ക് പരിക്കേറ്റെന്നും യുനിസെഫ് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലെബനനില്‍ ആകെ 3,516 പേര്‍ കൊല്ലപ്പെട്ടെന്നും യുനിസെഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
അതിനിടെ, ഗസയില്‍ യുദ്ധം നടത്തിയതിന് രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ പ്രതികരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അറസ്റ്റ് വാറണ്ട് ഇസ്രായേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ വിരുദ്ധ തീരുമാനങ്ങള്‍ തങ്ങളെ തടയില്ല, എല്ലാ വിധത്തിലും രാജ്യത്തെ സംരക്ഷിക്കുന്നത് തുടരുമെന്നും സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
രാജ്യങ്ങളുടെ ചരിത്രത്തിലെ തന്നെ കറുത്ത ദിനമാണിത്. മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഹേഗില്‍ സ്ഥാപിച്ച രാജ്യാന്തര ക്രിമിനല്‍ കോടതി മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുകയാണ്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ അതിക്രൂരമായി കൂട്ടക്കൊല ചെയ്യുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകര്‍ക്കുകയും ചെയ്തൂവെന്ന് ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നെതന്യാഹുവിന് പുറമേ ഇസ്രായേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.