Israel-Lebanon War: ലെബനനിൽ വെടിനിർത്തൽ കരാറിന് സമ്മതിച്ച് ഇസ്രായേൽ; ലംഘി‌ച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

Israel-Hezbollah ceasefire agreement: വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള അമേരിക്കയുടെയും ഫ്രാൻസിന്റെയും നിർദ്ദേശങ്ങൾ ഇസ്രായേലും ലെബനനും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

Israel-Lebanon War: ലെബനനിൽ വെടിനിർത്തൽ കരാറിന് സമ്മതിച്ച് ഇസ്രായേൽ; ലംഘി‌ച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

Benjamin Netanyahu(Image Credits: PTI)

Updated On: 

27 Nov 2024 07:47 AM

ജറുസലേം: പശ്ചിമേഷ്യയിലെ ഇസ്രായേൽ- ലെബനൻ യുദ്ധത്തിൽ താത്കാലിക ആശ്വാസം. ഇരു രാജ്യങ്ങളും തമ്മിൽ നടന്നുവന്ന സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാറിന് ഇസ്രായേലിന്റെ പച്ചക്കൊടി. സമാധാനക്കരാറിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിളിച്ചു ചേർത്ത സുരക്ഷാ മന്ത്രിസഭ‌‌ ഇസ്രായേൽ- ഹിസ്ബുല്ല യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ചു.‌‌ 10-1 വോട്ടിനാണ് സുരക്ഷാ മന്ത്രിസഭ‌‌ കരാർ അം​ഗീകരിച്ചത്.

അമേരിക്ക – ഫ്രാൻസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ പ്രകാരം ഹിസ്ബുല്ല തെക്കൻ പ്രദേശങ്ങളിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്ക് ദിശയിലേക്ക് മാറണം. ഇസ്രായേൽ ലെബനൻ അതിർത്തിയിൽ നിന്നുള്ള സെെന്യത്തെ പിൻവലിക്കും. എന്നാൽ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഹിസ്ബുല്ലക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി.

ഇറാനിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സൈന്യത്തിന് വിശ്രമം നൽകുക, ആയുധശേഷി വർദ്ധിപ്പിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വെടിനിർത്തൽ കരാറെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെ യുദ്ധത്തിന്റെ ഭാ​ഗമായി വധിച്ചതിലൂടെയും അവരുടെ കേന്ദ്രങ്ങൾ തകർത്തതിലൂടെയും ലക്ഷ്യം കെെവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആക്രമണം ആരംഭിച്ചതിനെക്കാൾ ദുർബലമാണ് നിലവിൽ ഹിസ്ബുല്ല. അവരുടെ നേതൃനിരയെ ഇല്ലാതാക്കിയതിനൊപ്പം മിസൈലുകളും റോക്കറ്റുകളും തകർത്തു. ഹിസ്ബുള്ള പോരാളികളെയും ലോകത്ത് നിന്ന് ഇല്ലാതാക്കി. ഇസ്രായേൽ- ലെബനൻ അതിർത്തിക്കടുത്തുള്ള ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങൾ നിർവീര്യമാക്കിയെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കരാർ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അറിയിച്ചു. അമേരിക്കയുടെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ കൊണ്ടുവന്ന വെടിനിർത്തൽ കരാറിനാണ് അം​ഗീകാരം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിസ്ബുല്ല വെടിനിർത്തൽ കരാറിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക തയ്യാറാക്കിയ വെടിനിർത്തൽ കരാർ ചർച്ച ചെയ്യാനായി ദിവസങ്ങൾക്ക് മുമ്പ് വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ഇസ്രായേലും ലെബനനും സന്ദർശിച്ചിരുന്നു. ഇസ്രായേൽ സെെന്യം ലെബനനിൽ നിന്ന് പിന്മാറണമെന്നും, 2006-ലെ യുഎൻ രക്ഷാസമിതി പ്രമേയമനുസരിച്ച് ലെബനൻ–ഇസ്രയേൽ അതിർത്തിയിൽ സമാധാനസേനയുടെ കാവൽ തുടരാനുമാണു യുഎസ് നിർദേശം. എന്നാൽ, സുരക്ഷാപ്രശ്നമുണ്ടായാൽ ഹിസ്ബുല്ലക്കെതിരെ തിരിച്ചടിക്കാനുള്ള അവകാശം വേണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള അമേരിക്കയുടെയും ഫ്രാൻസിന്റെയും നിർദ്ദേശങ്ങൾ ഇസ്രായേലും ലെബനനും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഏറെ സന്തോഷം നൽകുന്ന കാര്യമാണിതെന്നും, വെടി നിർത്തൽ കരാർ അംഗീകരിച്ച ഇസ്രായേൽ, ലെബനൻ പ്രധാനമന്ത്രിമാരുമായി താൻ സംസാരിച്ചതായും ബൈഡൻ വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാർ അം​ഗീകരിച്ചുവെന്ന വാർത്ത അമേരിക്കൻ പ്രസിഡന്റ് ലോകത്തെ അറിയിച്ചത്. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ വെടിനിർത്തൽ കരാർ സഹായിച്ചേക്കുമെന്നും ബെെഡൻ പറഞ്ഞു.

നയതന്ത്ര- ഉഭയകക്ഷി തലത്തിൽ തുടർച്ചയായി നടത്തിയ ശ്രമങ്ങളാണ് വെടിനിർത്തലിന് പിന്നിലെന്ന് ജോ ബൈഡനും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. കരാർ ഇരുപക്ഷത്തും സമാധാനം ഉറപ്പാക്കാൻ സഹായിക്കുമെന്നും ഇരുപക്ഷത്തുമുള്ളവർക്ക് സമാധാനമായി ഇനി അവരവരുടെ വീടുകളിലേക്ക് മാറാം‌. കരാർ നടപ്പിലാക്കാൻ അമേരിക്കയും ഫ്രാൻസും ഇരുരാജ്യങ്ങൾക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

അസിഡിറ്റി എങ്ങനെ തടയാം?
നടി കിയാറ അദ്വാനിയുടെ ചർമ്മത്തിന്റെ രഹസ്യം ഇതാണോ?
പേന്‍ ഒരു ദിവസം എത്ര മുട്ടയിടുമെന്ന് അറിയാമോ?
ബാത്ത്‌റൂമിലെ കറ കളയാൻ ഈ കുഞ്ഞൻ പുളി മതി...