Antony Blinken about Israel: പലസ്തീന്‍ സിവിലിയന്മാരെ സംരക്ഷിക്കാന്‍ ഇസ്രായേലിന് പദ്ധതിയില്ല: ആന്റണി ബ്ലിങ്കന്‍
തെക്കന്‍ ഗസയിലുള്ള എല്ലാ ഹമാസ് പ്രവര്‍ത്തകരെയും കൊല്ലുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടാല്‍ അത് വലിയൊരു ആക്രമണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു
വാഷിങ്ടണ്‍: പലസ്തീന്‍ സിവിലിയന്മാരെ സംരക്ഷിക്കാന്‍ ഇസ്രായേലിന് പദ്ധതിയില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. റഫയിലെ 1.4 പലസ്തീന്‍ സിവിലിയന്മാരെ ഇസ്രായേല്‍ സംരക്ഷിക്കില്ലെന്നാണ് ബ്ലിങ്കന്‍ പറഞ്ഞത്. തെക്കന്‍ ഗസയിലുള്ള എല്ലാ ഹമാസ് പ്രവര്‍ത്തകരെയും കൊല്ലുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടാല്‍ അത് വലിയൊരു ആക്രമണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ ഇപ്പോഴും ആയുധധാരികളായ അനേകം ഹമാസ് പ്രവര്‍ത്തകര്‍ ജിവനോടെ ഉണ്ടന്നത് വലിയൊരു യുദ്ധം വരാനിരിക്കുന്നു എന്നതിന്റെ സൂചനയാണ്,’ ബ്ലിങ്കന്‍ പറഞ്ഞു.
യുഎസ് നല്‍കിയ ആയുധങ്ങള്‍ ഇസ്രായേല്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണെന്ന സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചു അദ്ദേഹം വിശദീകരിച്ചു. കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്കുണ്ടായ നാശനഷ്ടങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഇസ്രായേല്‍ നീതിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ബ്ലിങ്കന്‍ പറഞ്ഞു.
എന്‍ബിസിയുടെ മീറ്റ് ദി പ്രസിലായിരുന്നു ബ്ലിങ്കന്റെ പ്രതികരണം.
അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചാല്‍ ഇന്നുതന്നെ വെടിനിര്‍ത്തലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ പറഞ്ഞിരുന്നു. ഹമാസാണ് തീരുമാനിക്കേണ്ടത്, അവര്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് വെടിനിര്‍ത്തല്‍ നാളെ ആരംഭിക്കാമെന്നാണ് ബൈഡന്‍ പറഞ്ഞത്.
എന്നാല്‍ ഇസ്രായേല്‍ തടവിലാക്കിയ പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന ബന്ദികളെ വിട്ടയക്കുന്നതിനെ കുറിച്ച് ബൈഡന്‍ ഒന്നും സംസാരിച്ചിരുന്നില്ല. ഇസ്രായേലിന്റെ തടവറക്കുള്ളില്‍ ബന്ദികള്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരകളാകുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് കൂടിയാണ് ബൈഡന്‍ മൗനം തുടരുന്നത്.
വര്‍ഷങ്ങളായി ഇസ്രായേല്‍ ബന്ദികളാക്കിവെച്ചിരിക്കുന്ന മുഴുവന്‍ പേരെയും മോചിപ്പിക്കണമെന്നും ഗസയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായും പിന്മാറണമെന്നുമാണ് വെടിനിര്‍ത്തല്‍ ഉപാധിയായി ഹമാസ് മുന്നോട്ടുവെക്കുന്നത്. കെയ്‌റോയില്‍ നടന്ന ചര്‍ച്ചയിലുണ്ടായ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് അറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് ബൈഡന്‍ യാതൊന്നും സംസാരിക്കാന്‍ തയാറായിട്ടില്ല.
അതേസമയം, ഇസ്രായേലിലേക്കുള്ള കയറ്റുമതി തുടരുമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇസ്രായേലിന് നല്‍കിയ ആയുധങ്ങള്‍ ഗസയില്‍ കൂട്ടക്കുരുതിക്ക് കാരണമായിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ നീക്കം. ആയുധക്കയറ്റുമതി നിര്‍ത്തിവെക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിദേശകാര്യ വകുപ്പ് പറയുന്നത്.
അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങള്‍ക്കെതിരായ യുഎസ് നല്‍കിയ ആയുധങ്ങള്‍ ഇസ്രായേല്‍ ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എന്നാല്‍ യുഎസ് നല്‍കിയ ആയുധം തന്നെയാണോ കൂട്ടക്കുരുതിക്ക് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്നാണ് ന്യായം. യുഎസ് നല്‍കുന്ന ആയുധങ്ങള്‍ ഇസ്രായേല്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ജോ ബൈഡനും ആരോപിച്ചിരുന്നു. അതുകൊണ്ട് ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതി നിര്‍ത്തിവെച്ചതായും ഭാവിയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് 3,500 മാരക പ്രഹരശേഷിയുള്ള ബോംബുകളുടെ കയറ്റുമതി യുഎസ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.