Israel-Hamas War: ഒരു വെള്ളത്തുണി തരൂ; മൃതദേഹങ്ങള്‍ പുതപ്പിക്കാന്‍ വെള്ളത്തുണി പോലുമില്ലാതെ ഗസ
UNRWA Requests For Ceasefire in Gaza: ഹിസ്ബുള്ള ലെബനനില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റുകള്‍ പതിച്ച് വടക്കന്‍ ഇസ്രായേലിലെ ഒരു കെട്ടിടവും കാറുകളും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട് സ്ഥിതി ചെയ്യുന്ന സിസേറിയയിലും മിസൈലുകള്‍ പതിച്ചിട്ടുണ്ട്.
ഗസ സിറ്റി: ഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ പലസ്തീന്‍ അഭയാര്‍ഥി സംഘടന. ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടുന്ന വടക്കന്‍ ഗസയിലെ ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകുന്നതിനായാണ് വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ആര്‍ബ്ല്യൂഎ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ 115 പേരാണ് ഗസയില്‍ കൊല്ലപ്പെട്ടത്. 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മനുഷ്യദുരന്തത്തിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഗസയുള്ളതെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ മേധാവി ഫിലിപ്പി ലാസറിനി പറഞ്ഞു.
യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷത്തോളം പലസ്തീനികള്‍ക്കാണ് പരിക്കേറ്റത്. ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ടെല്‍ അവീവില്‍ എത്തിയിരുന്നുവെങ്കിലും തങ്ങളുടെ നിലപാടില്‍ നിന്ന് മാറ്റമില്ലെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയത്.
പരിക്കേറ്റവര്‍ കണ്‍മുന്നിലിരുന്ന് മരണപ്പെടുന്നത് കാണേണ്ടി വരികയാണ് ഗസയില്‍ എന്നാണ് ഗസ ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ മുനീര്‍ അല്‍ ബര്‍ഷ് പറഞ്ഞത്. മാത്രമല്ല, മൃതദേഹങ്ങള്‍ പുതപ്പിക്കാനാവശ്യമായ വെള്ളത്തുണി പോലുമെടുക്കാനില്ല. വെള്ളത്തുണികള്‍ കൈവശമുള്ളവര്‍ അത് സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. നിലവില്‍ മൃതദേഹങ്ങള്‍ റോഡിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും കിടക്കുന്ന കാഴ്ചയാണ് ഗസയില്‍. വേണ്ടവിധത്തില്‍ സംസ്‌കരിക്കാന്‍ സാധിക്കാത്തതിനാല്‍ പല മൃതദേഹങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
കൂടാതെ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനാവശ്യമായ മരുന്നുകളും ലഭ്യമല്ല. മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് ഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം ആരംഭിക്കുന്നത്. ജബാലിയയില്‍ ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 42,718 പേരാണ് ഗസയില്‍ കൊല്ലപ്പെട്ടത്.
അതേസമയം, ലെബനനില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുള്ള. ടെല്‍ അവീവിലെ ഇസ്രായേല്‍ ഇന്റലിജന്‍സ് ആസ്ഥാനവും ഹൈഫയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സ്റ്റെല്ല മാരിസ് നാവിക താവളത്തിലുമാണ് ആക്രമണം നടത്തിയത്. റോക്കറ്റ്, ബോംബ് ആക്രമണമാണ് നടത്തിയതെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.
ഹിസ്ബുള്ള ആക്രമണം ശക്തമാക്കിയതോടെ ടെല്‍ അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബെന്‍ ഗൂറിയോണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളും റദ്ദാക്കി. ഹിസ്ബുള്ളയുടെ ആക്രമണമുണ്ടായതിന് പിന്നാലെ ഇവിടങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ഹിസ്ബുള്ള ലെബനനില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റുകള്‍ പതിച്ച് വടക്കന്‍ ഇസ്രായേലിലെ ഒരു കെട്ടിടവും കാറുകളും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട് സ്ഥിതി ചെയ്യുന്ന സിസേറിയയിലും മിസൈലുകള്‍ പതിച്ചിട്ടുണ്ട്.