Israel-Hamas Conflict: ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്ത് ഹമാസ്; തിരിച്ചടിച്ച് ഐഡിഎഫ്
Israel-Hamas Conflict Updates: പലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരായ ഇസ്രായേലി കൂട്ടക്കൊലകള്‍ക്ക് മറുപടിയായി തെക്കന്‍ ഇസ്രായേലിലെ അഷ്‌ദോദില്‍ റോക്കറ്റ് ആക്രമണം നടത്തിയതായും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്ലാം ബ്രിഗേഡ് ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്.

ജെറുസലേം: ഗാസയിലെ സാധാരണക്കാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേലിന്റെ തെക്കന്‍ നഗരങ്ങളില്‍ റോക്കറ്റ് ആക്രമണം നടത്തി ഹമാസ്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ ഇസ്രായേല്‍ സൈന്യം മധ്യ ഗാസയില്‍ വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരായി ഇസ്രായേലികള്‍ നടത്തിയ മറുപടിയായി തെക്കന്‍ ഇസ്രായേലിലെ അഷ്‌ദോദില്‍ റോക്കറ്റ് ആക്രമണം നടത്തിയതായും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്ലാം ബ്രിഗേഡ് ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്.
ആക്രമണത്തെ തുടര്‍ന്ന് ആഷ്‌ദോദ്, ആഷ്‌കെലോണ്‍, യാവ്‌നെ എന്നീ ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണുകള്‍ മുഴങ്ങി. ഗാസയില്‍ നിന്ന് പത്ത് റോക്കറ്റുകളാണ് തങ്ങള്‍ക്ക് നേരെ വന്നത്. ഇതില്‍ ഭൂരിഭാഗവും തടഞ്ഞതായി ഇസ്രായേല്‍ സൈനിക വക്താവ് അവിചയ് അദ്രെയ് സ്ഥിരീകരിച്ചു.




റോക്കറ്റുകളിലൊന്ന് മധ്യ ആഷ്‌കെലോണില്‍ പതിച്ചതായും ഇതേതുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാന്‍ ടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസിന്റെ റോക്കറ്റാക്രമണത്തിന് പിന്നാലെ പ്രത്യാക്രമണം നടത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഐഡിഎഫിന് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ മധ്യ ഗാസയിലെ ദെയ്ര്‍ അല്‍ ബലാഹ് നഗരത്തെ ലക്ഷ്യമാക്കി ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണം നടത്തിയതായും കാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയിലെ റോക്കറ്റ് ലോഞ്ചറുകള്‍ ആക്രമിച്ചതായും അവിടെ നിന്നാണ് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടതെന്നും ഇസ്രായേല്‍ പ്രതിരോധ സേന പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, ഗാസയ്ക്ക് മുകളിലൂടെ തുടര്‍ച്ചയായി ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നതായാണ് ഗാസയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.