Yoav Gallant Fired: ‘വിശ്വാസം നഷ്ടപ്പെട്ടു’; ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കി നെതന്യാഹു
Israel Defence Minister Yoav Gallant Fired: നെതന്യാഹുവും യോവ് ഗാലന്റും തമ്മിൽ ഇസ്രായേൽ - ഹമാസ് യുദ്ധകാലം മുതൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
ടെൽ അവീവ്: ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാലന്റിന് പകരക്കാരനായി എത്തുക വിദേശകാര്യ മന്ത്രി കാറ്റ്സ്. നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് മന്ത്രിയെ മാറ്റുന്നതെന്നും നെതന്യാഹു വ്യക്തമാക്കി.
“ഒരു യുദ്ധത്തിനിടയിൽ, പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും തമ്മിലുള്ള വിശ്വാസം എന്നത്തേക്കാളും അത്യാവശ്യമാണ്. ആദ്യ മാസങ്ങളിൽ അത്തരത്തിലുള്ള വിശ്വാസവും, ഫലപ്രദമായ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി എനിക്കും പ്രതിരോധ മന്ത്രിക്കും ഇടയിലുണ്ടായിരുന്ന വിശ്വാസത്തിൽ വിള്ളൽ വീണു. അത് ജനങ്ങളും ശത്രുക്കളും അറിയുന്ന സാഹചര്യം വരെ ഉണ്ടായി. ശത്രുക്കൾ അതിൽ ആനന്ദം കണ്ടെത്തുകയും നേട്ടമുണ്ടാകുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടായി” ബെഞ്ചമിൻ നെതന്യാഹു വിശദീകരിച്ചു.
അതേസമയം, “ഇസ്രയേലിന്റെ സുരക്ഷ എന്റെ ജീവിത ദൗത്യമായിരുന്നു. ഇനിയും അങ്ങനെ ആയിരിക്കും” എന്ന് ഗാലന്റും സമൂഹ മാധ്യമത്തിൽ കുറിച്ചു.
ביטחון מדינת ישראל היה ותמיד יישאר משימת חיי 🇮🇱🇮🇱
— יואב גלנט – Yoav Gallant (@yoavgallant) November 5, 2024
നെതന്യാഹുവും യോവ് ഗാലന്റും തമ്മിൽ ഇസ്രായേൽ – ഹമാസ് യുദ്ധകാലം മുതൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഉണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം, ഗാസയിൽ നടത്തിയ യുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു അഭിപ്രായ വ്യത്യാസം ഉണ്ടായത്. ആ സമയത്ത്, സൈനിക നടപടി കൊണ്ട് മാത്രം കാര്യമില്ലെന്നും, നയതന്ത്രപരമായ നടപടികൾ കൂടി ഉണ്ടെങ്കിലേ ബന്ദികളെ മോചിപ്പിക്കാൻ കഴിയുകയുള്ളൂ എന്ന നിലപാട് ഗാലന്റ് സ്വീകരിച്ചിരുന്നു. എന്നാൽ, നെതന്യാഹുവിന് അക്കാര്യത്തിൽ യോജിപ്പുണ്ടായിരുന്നില്ല.