മസ്ജിദുല്‍ അഖ്‌സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
അന്താരാഷ്ട്ര ധാരണ പ്രകാരം മസ്ജിദില്‍ പ്രാര്‍ത്ഥന നടത്താനുള്ള അനുമതി മുസ്ലിങ്ങള്‍ക്ക് മാത്രമാണ്. എന്നാല്‍ പലസ്തീനി യുവാക്കളെ മസ്ജിദിലേക്ക് പ്രവേശിക്കാന്‍ നിലവില്‍ ഇസ്രായേല്‍ സൈന്യം അനുവദിക്കുന്നില്ല.
ജറുസലേം: മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. 163 ഇസ്രായേലി കുടിയേറ്റക്കാര്‍ മസ്ജിദില്‍ അതിക്രമിച്ചുകയറി പ്രാര്‍ത്ഥന നടത്തുകയായിരുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇത് നടന്നതെന്നാണ് വിവരം.
അന്താരാഷ്ട്ര ധാരണ പ്രകാരം മസ്ജിദില്‍ പ്രാര്‍ത്ഥന നടത്താനുള്ള അനുമതി മുസ്ലിങ്ങള്‍ക്ക് മാത്രമാണ്. എന്നാല്‍ പലസ്തീനി യുവാക്കളെ മസ്ജിദിലേക്ക് പ്രവേശിക്കാന്‍ നിലവില്‍ ഇസ്രായേല്‍ സൈന്യം അനുവദിക്കുന്നില്ല.
അതേസമയം, സെന്‍ട്രല്‍ ഗസയില്‍ ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ പോരാട്ടം തുടരുകയാണ്. സെന്‍ട്രല്‍ ഗസയിലെ അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തുന്നുണ്ട്.
ഹമാസ് നടത്തിയ തിരിച്ചടിയില്‍ ഇസ്രായേല്‍ സൈന്യത്തിന് കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. തുരങ്ക കവാടങ്ങളും മോര്‍ട്ടര്‍ ലോഞ്ചുകളും തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പലസ്തീനികളാണ് ഗസയില്‍ കൊല്ലപ്പെട്ടത്. 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ പലസ്തീനികളുടെ എണ്ണം 34,596 ആയി. 77,816 പേര്‍ക്ക് ഇതുവരെ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, നുസൈറാത് അഭയാര്‍ഥി ക്യാമ്പിലും ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. പത്ത് അഭയാര്‍ഥികള്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ അല്‍ ഔദ, അല്‍ അഖ്‌സ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റഫയില്‍ ആക്രമണത്തിന്റെ എല്ലാ സാധ്യതയും നിലനിര്‍ത്തികൊണ്ട് തന്നെ ഇസ്രായേല്‍ നിരീക്ഷണ ഡ്രോണുകള്‍ പറത്തുന്ന ശബ്ദം കേള്‍ക്കുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. കരയാക്രമണം നടത്താനുള്ള തയാറെടുപ്പിലാണ് ഇസ്രായേല്‍ എന്നാണ് സൂചന. അതിനോടൊപ്പം തന്നെ ലബനാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ള ആക്രമണം നടത്തുന്നത് ശക്തമാക്കിയിരിക്കുകയാണ്.
അതിനിടെ, ബന്ദിമോചന- വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ ഈജിപ്തില്‍ തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം 15 പലസ്തീനികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്. റാമല്ല, നബ്മുസ്, ഹിബ്രോണ്‍, തുല്‍കറം, ജറുസലേം എന്നിവിടങ്ങളില്‍ നിന്നാണ് പലസ്തീനികളെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഇസ്രായേലുമായുള്ള മുഴുവന്‍ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് കൊളംബിയ. ഗസയിലെ യുദ്ധത്തില്‍ ഇസ്രായേല്‍ല്‍ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രഖ്യാപനം. ഗസയില്‍ ഇസ്രായേലി സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്ക് മുമ്പില്‍ ലോകരാഷ്ട്രങ്ങള്‍ മൗനം പാലിക്കുകയാണെന്നും ഗുസ്താവോ പറഞ്ഞു. അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ഗുസ്താവോയുടെ പ്രസ്താവന.
വംശഹത്യക്ക് പിന്തുണ നല്‍കുന്ന പ്രധാനമന്ത്രിയാണ് ഇസ്രായേലിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയതിനാല്‍ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും കൊളംബിയ അവസാനിപ്പിക്കുകയാണ് ഗുസ്താവോ പ്രഖ്യാപിച്ചു. ഇതിനുപുറമെ ഇസ്രായേലിനെതിരെയുള്ള വംശഹത്യ കേസില്‍ ഐസിസിയോടൊപ്പം അന്താരാഷ്ട്ര നീതിന്യായ കോടതിയും ഇടപെടണമെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേലിന്റെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രധാന വിമര്‍ശകരില്‍ ഒരാളാണ് ലാറ്റിനമേരിക്കയില്‍ നിന്നുള്ള ഇടതുപക്ഷ നേതാവ് ഗുസ്താവോ പെട്രോ. ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ‘ജൂതന്മാരിലെ നാസി’യെ പോലെയാണ് സംസാരിക്കുന്നതെന്നും പെട്രോ ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രായേല്‍ ഗസയില്‍ അധിനിവേശം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോ നടത്തിയ വിമര്‍ശനമായിരുന്നു ഇത്.