5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Syria: ഇസ്രായേലും സിറിയയും തമ്മില്‍ രഹസ്യ ഇടപാടുകള്‍ നടന്നു: വിവരങ്ങള്‍ പുറത്ത്‌

Secret Dealings Between Syria and Israel: ഇസ്രായേലിന്റെ എതിരാളിയായാണ് ബഷറിനെ ഇത്രയും നാള്‍ ലോകം കണ്ടിരുന്നത്. എന്നാല്‍ ഇതിന് തീര്‍ത്തും വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ സൈനിക നീക്കങ്ങളില്‍ സിറിയയ്ക്ക് പങ്കുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.

Israel-Syria: ഇസ്രായേലും സിറിയയും തമ്മില്‍ രഹസ്യ ഇടപാടുകള്‍ നടന്നു: വിവരങ്ങള്‍ പുറത്ത്‌
ബാഷര്‍ അസദിന്റെ ചിത്രം വിമതര്‍ തകര്‍ത്ത നിലയില്‍ (image credits: PTI)
shiji-mk
Shiji M K | Published: 12 Dec 2024 23:36 PM

ദമസ്‌കസ്: ഇസ്രായേലും സിറിയയും തമ്മില്‍ രഹസ്യ ഇടപാടുകളുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇത് തെളിയിക്കുന്ന ചില രേഖകള്‍ പുറത്ത് വന്നതായാണ് വിവരം. ബഷര്‍ അസദ് സര്‍ക്കാരിന്റെ പതനത്തിന് ശേഷം സിറിയയില്‍ നിന്ന് കണ്ടെടുത്ത ചില രേഖകളിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഇവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിച്ചിട്ടില്ല.

കണ്ടെടുത്ത രേഖകളില്‍ അറബ് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ലെറ്റര്‍ഹെഡുകളും ഇന്റലിജന്‍സ് ബ്രാഞ്ചിന്റെ സ്റ്റാമ്പുകളും ഉണ്ടെന്നാണ് വിവരം. അതിനാല്‍ തന്നെ ഔദ്യോഗിക സ്വഭാവമുള്ള ഇടപാടാണിതെന്ന കാര്യം വ്യക്തമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലിന്റെ എതിരാളിയായാണ് ബഷറിനെ ഇത്രയും നാള്‍ ലോകം കണ്ടിരുന്നത്. എന്നാല്‍ ഇതിന് തീര്‍ത്തും വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ സൈനിക നീക്കങ്ങളില്‍ സിറിയയ്ക്ക് പങ്കുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.

പുറത്തുവന്ന രേഖകളുടെ കൂട്ടത്തില്‍ ഇസ്രായേല്‍ സിറിയയ്ക്ക് അയച്ച കത്തും ഉള്‍പ്പെടുന്നു. ഇറാന്റെയും ഹിസ്ബുള്ളയുടെയും സൈനിക സ്വത്തുക്കളുടെ ഒഴുക്ക് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇസ്രായേല്‍ സിറിയക്ക് കത്തയച്ചത്. ഇതുകൂടാതെ, മോസസ് എന്ന പേരുള്ള ഒരാള്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും മുന്നറിയിപ്പ് നല്‍കികൊണ്ട് സിറിയന്‍ പ്രതിരോധമന്ത്രിയായിരുന്ന ലഫ്. ജനറല്‍ അലി മഹ്‌മൂദ് അബ്ബാസുമായി ആശയവിനിമയം നടത്തിയതിന്റെ വിവരങ്ങളും, ഈ സന്ദേശങ്ങള്‍ ദേശീയ സുരക്ഷ ബ്യൂറോ മുന്‍ മേധാവി അലി മംലൂക്കിന് കൈമാറിയതായ വിവരങ്ങളും രേഖകളുടെ കൂട്ടത്തിലുണ്ട്.

Also Read: Siriya: സിറിയയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; സെെനികത്താവളങ്ങൾക്ക് നേരെ വ്യോമാക്രമണം

ഇറാനുമായുള്ള സഹകരണം തുടരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേല്‍ സിറിയക്ക് 2023ല്‍ ഏപ്രിലില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുന്നറിയിപ്പ് നല്‍കുന്നതിന് മുന്നോടിയായി ഗോലാന്‍ കുന്നുകളില്‍ നിന്ന് ഇസ്രായേല്‍ റോക്കറ്റ് വിക്ഷേപണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രായേലുമായി രഹസ്യ ധാരണയിലെത്തിയ ബഷര്‍ ഇറാനെതിരെ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തതായും രേഖകളില്‍ പറയുന്നു.

അതേസമയം, സിറിയയിലേക്ക് ലക്ഷക്കണക്കിന് അഭയാര്‍ഥികളെ തിരിച്ചെത്തിക്കുമെന്നും രാജ്യത്ത് അടിസ്ഥാന സേനങ്ങള്‍ ഉറപ്പുവരുത്തുമെന്നും ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അല്‍ ബഷീര്‍. ഖജനാവില്‍ ചില്ലിക്കാശ് പോലും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിറിയയിലുള്ള 900 അമേരിക്കന്‍ സൈനികര്‍ തുടരുമെന്ന് യുഎസ് സേന വ്യക്തമാക്കി. വിമതസഖ്യവുമായി ചര്‍ച്ചയ്ക്കുള്ള ശ്രമം ആരംഭിച്ചതായും യുഎസ് പറയുന്നു. സിറിയയിലെ പുതിയ സര്‍ക്കാറുമായി ചര്‍ച്ച നടത്തിയതിന് ശേഷം സൈനിക സാന്നിധ്യം തുടരണമോയെന്ന കാര്യം തീരുമാനിക്കുമെന്ന് റഷ്യയും പറയുന്നു. റഷ്യയുടെ ചില പോര്‍ വിമാനങ്ങള്‍ സിറിയയില്‍ നിന്ന് മടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സിറിയയുടെ വടക്കന്‍ മേഖലയില്‍ യുഎസ് പിന്തുണയുള്ള കുര്‍ദിഷ് സിറിയന്‍ ഫോഴ്‌സും തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയന്‍ വിമതരും തമ്മില്‍ വെടി നിര്‍ത്തല്‍ കരാറിന് ധാരണയായിട്ടുണ്ട്.