Ismail Haniyeh: ഹനിയക്കായി ആ ബോംബ് കാത്തിരുന്നത് രണ്ടുമാസം; ഇറാനെ ഞെട്ടിച്ച് കൊലപാതകം
Ismail Haniyeh Murder Updates: ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രായേലിന് മറുപടി നല്‍കാന്‍ ഇറാന്‍ ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ നേരത്തെ പറഞ്ഞിരുന്നു. ഹനിയയെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ടെഹ്‌റാന്‍: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പേ ബോംബ് ഒളിപ്പിച്ച് വെച്ചിരുന്നുവെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാനിലെ തന്ത്രപ്രധാന കേന്ദ്രത്തിലായിരുന്നു ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ്. ഇവിടെ വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്‌ഫോടനത്തില്‍ ഗസ്റ്റ് ഹൗസിന്റെ ഭിത്തി തകര്‍ന്നു. ജനലുകള്‍ ഉള്‍പ്പെടെ ഇളകി തെറിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ളതും തന്ത്രപ്രധാന യോഗങ്ങള്‍ ചേരുന്നതിനും അതിഥികള്‍ക്ക് താമസിക്കാനുമായിരുന്നു ആക്രമണം നേരിട്ട ഈ കെട്ടിടം ഉപയോഗിച്ചിരുന്നത്.
അതേസമയം, ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രായേലിന് മറുപടി നല്‍കാന്‍ ഇറാന്‍ ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ നേരത്തെ പറഞ്ഞിരുന്നു. ഹനിയയെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഹനിയ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാന്‍ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാംനഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫലസ്തീനിന്റെ ധീരനായ നേതാവ് ഇസ്മായില്‍ ഹനിയ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിരോധ മുന്നണി ദുഖത്തിലാണ്. ക്രിമിനലുകളും ഭീകരരുമായ സയണിസ്റ്റ് ഭരണകൂടം ഞങ്ങളുടെ അതിഥിയെ കൊലപ്പെടുത്തി. ഇത് ശക്തമായ പ്രതികാരത്തിന് കളമൊരുക്കിയിരിക്കുകയാണെന്ന് ഖാംനഈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും ആരോപിച്ചിരുന്നു. എന്നാല്‍ ഹനിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരേക്കും ആരും ഏറ്റെടുത്തിട്ടില്ല.
Also Read: Ismail Haniyeh Murder: ഇസ്രായേല്‍ ആക്രമിക്കാന്‍ ഉത്തരവിട്ട് ഇറാന്‍; പകരം ചോദിച്ചിരിക്കുമെന്ന് ഖാംനഈ
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനും പരമോന്നത നേതാവിനെ കാണാനും ടെഹ്‌റാനിലെത്തിയതായിരുന്നു ഹനിയ. ആക്രമണത്തില്‍ ഹനിയയെ കൂടാതെ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയയുടെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
ആക്രമണം നടക്കുന്നതിന് മുമ്പ് ഇറാന്‍ പ്രസിഡന്റ് പെസസ്‌കിയാനേയും ആയത്തുല്ല ഖാംനഈയേയും ഹനിയ സന്ദര്‍ശിച്ചിരുന്നു. ഇതിന് മുമ്പ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി മരണപ്പെട്ടപ്പോഴായിരുന്നു ഹനിയ ഇറാന്‍ സന്ദര്‍ശിച്ചിരുന്നത്.