Ismail Haniyeh Murder: ഇസ്രായേല്‍ ആക്രമിക്കാന്‍ ഉത്തരവിട്ട് ഇറാന്‍; പകരം ചോദിച്ചിരിക്കുമെന്ന് ഖാംനഈ
Iran on Ismail Haniyeh Murder: ആക്രമണം നടക്കുന്നതിന് മുമ്പ് ഇറാന്‍ പ്രസിഡന്റ് പെസസ്‌കിയാനേയും ആയത്തുല്ല ഖാംനഈയേയും ഹനിയ സന്ദര്‍ശിച്ചിരുന്നു. ഇതിന് മുമ്പ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി മരണപ്പെട്ടപ്പോഴായിരുന്നു ഹനിയ ഇറാന്‍ സന്ദര്‍ശിച്ചിരുന്നത്.
ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രായേലിന് മറുപടി നല്‍കാന്‍ ഇറാന്‍ ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ നേരത്തെ പറഞ്ഞിരുന്നു. ഹനിയയെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഹനിയ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാന്‍ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാംനഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫലസ്തീനിന്റെ ധീരനായ നേതാവ് ഇസ്മായില്‍ ഹനിയ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിരോധ മുന്നണി ദുഖത്തിലാണ്. ക്രിമിനലുകളും ഭീകരരുമായ സയണിസ്റ്റ് ഭരണകൂടം ഞങ്ങളുടെ അതിഥിയെ കൊലപ്പെടുത്തി. ഇത് ശക്തമായ പ്രതികാരത്തിന് കളമൊരുക്കിയിരിക്കുകയാണെന്ന് ഖാംനഈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും ആരോപിച്ചിരുന്നു. എന്നാല്‍ ഹനിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരേക്കും ആരും ഏറ്റെടുത്തിട്ടില്ല.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനും പരമോന്നത നേതാവിനെ കാണാനും ടെഹ്റാനിലെത്തിയതായിരുന്നു ഹനിയ. ആക്രമണത്തില്‍ ഹനിയയെ കൂടാതെ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയയുടെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
ആക്രമണം നടക്കുന്നതിന് മുമ്പ് ഇറാന്‍ പ്രസിഡന്റ് പെസസ്‌കിയാനേയും ആയത്തുല്ല ഖാംനഈയേയും ഹനിയ സന്ദര്‍ശിച്ചിരുന്നു. ഇതിന് മുമ്പ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി മരണപ്പെട്ടപ്പോഴായിരുന്നു ഹനിയ ഇറാന്‍ സന്ദര്‍ശിച്ചിരുന്നത്.
ആരാണ് ഇസ്മായില്‍ ഹനിയ
പലസ്തീന്‍ പ്രധാനമന്ത്രിയും ഹമാസ് നേതാവുമാണ് ഇസ്മായില്‍ ഹനിയ. 2006 ലെ പലസ്തീന്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടിയപ്പോള്‍ രൂപീകരിച്ച സര്‍ക്കാരിലെ അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ഇസ്മായില്‍ ഹനിയ.
ഗസ്സയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പഠനകാലത്ത് വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അക്കാലത്ത് രണ്ട് വര്‍ഷത്തേക്ക് യൂണിയന്‍ നേതാവായി തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1987ല്‍ അറബി സാഹിത്യത്തില്‍ ബിരുദം നേടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1989ല്‍ ഇസ്രായേല്‍ ഭരണകൂടം തടവിലിട്ടത്തിനെത്തുടര്‍ന്ന് മൂന്നു വര്‍ഷം ജയിലില്‍ കിടന്നിരുന്നു.
ജയിലില്‍ നിന്ന് പുറത്തു വന്ന ശേഷം ലബനാനിലേക്ക് നാടു കടത്തപ്പെടുകയും തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1997ല്‍ ഹമാസിന്റെ ആത്മീയ നായകനായ ശൈഖ് അഹ്‌മദ് യാസീന്റെ ഓഫീസ് മേല്‍നോട്ടക്കാരനായി ചുമതലയേല്‍ക്കുകയും ചെയ്തു. 2003ല്‍ ഹമാസ് നേതൃത്വത്തിനെതിരെ ഇസ്രായേല്‍ തുടര്‍ന്നുകൊണ്ടിരുന്ന വധശ്രമങ്ങളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് 2006 ഫെബ്രുവരി 20ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ജലാദ് ഷലീത് എന്ന ഇസ്രായേലി പട്ടാളക്കാരനെ വിട്ടുതരാത്ത പക്ഷം ഹനിയയെ വധിക്കുമെന്ന് ഇസ്രയേല്‍ ഭരണകൂടം 2006ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.