Iraq Marriage Law: ഒമ്പത് വയസുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യാം; നിയമഭേദഗതിക്കൊരുങ്ങി ഇറാഖ്
Iraq to Amend Marriage Laws: നിയമത്തിലെ രണ്ടാം ഭേദഗതി സെപ്റ്റംബര്‍ 16ന് പാസാക്കിയിരുന്നു. കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം മത അധികാരികള്‍ക്കും സിവില്‍ ജുഡീഷ്യറിക്കും നല്‍കാന്‍ പൗരന്മാര്‍ക്ക് അനുവാദം നല്‍കുന്ന നിയമങ്ങളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ബാഗ്ദാദ്: വിവാഹ നിയമങ്ങളില്‍ ഭേദഗതിക്കൊരുങ്ങി ഇറാഖ്. ഒമ്പത് വയസുള്ള പെണ്‍കുട്ടികളെ പോലും വിവാഹം ചെയ്യാന്‍ പുരുഷന്മാര്‍ക്ക് അനുമതി നല്‍കുന്ന നിയമഭേദഗതിക്കാണ് ഇറാഖ് ശ്രമിക്കുന്നത്. കൂടാതെ വിവാഹ മോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ സ്ത്രീകള്‍ക്കുള്ള അവകാങ്ങള്‍ നിഷേധിക്കുന്ന ഭേദഗതിയാണ് ഇറാഖിന്റെ ലക്ഷ്യം. പെണ്‍കുട്ടികള്‍ക്ക് അധാര്‍മിക ബന്ധങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയാണ് ഈ നിയമ ഭേദഗതി വഴി ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ നിയമത്തിലെ രണ്ടാം ഭേദഗതി സെപ്റ്റംബര്‍ 16ന് പാസാക്കിയിരുന്നു. കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം മത അധികാരികള്‍ക്കും സിവില്‍ ജുഡീഷ്യറിക്കും നല്‍കാന്‍ പൗരന്മാര്‍ക്ക് അനുവാദം നല്‍കുന്ന നിയമങ്ങളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കൊണ്ടുവരാന്‍ പോകുന്ന നിയമഭേദഗതി ശരീഅത്ത് നിയമത്തിന്റെ കര്‍ശനമായ വ്യാഖ്യാനത്തിന് അനുസൃതമാണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ഷിയ പാര്‍ട്ടികളുടെ കുട്ടുക്കെട്ട് സര്‍ക്കാരിന്റെ വാദം. ലോ 188 എന്ന പേരിട്ടിരിക്കുന്ന ഈ പുതിയ നിയമം ആദ്യമായി 1959ലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ആ സമയത്ത് പശ്ചിമേഷ്യയിലെ ഏറ്റവും പുരോഗമനപരമായ നിയമങ്ങളിലൊന്നായിരുന്നു ഇതെന്നുമാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.
എന്നാല്‍ പുതിയ നിയമഭേദഗതിക്കെതിരെ ഇറാഖി വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പുകളെ മറികടന്ന് പാര്‍ലമെന്ററി ഭൂരിപക്ഷത്തോടെ നിയമനിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ പിതാവിന്റെ സമ്മതത്തോടെയാണ് വിവാഹം നടക്കുന്നതെങ്കില്‍ മതനേതാക്കന്മാര്‍ക്ക് വിവാഹം നടത്തുന്നതിന് നിലവില്‍ രാജ്യത്തെ നിയമം അനുവാദം നല്‍കുന്നുണ്ട്. ഇതേ നിയമം അനുസരിച്ചാണ് ഒമ്പത് വയസുള്ള പെണ്‍കുട്ടികളെ പോലും വിവാഹം ചെയ്യാമെന്ന നിയമനിര്‍മാണത്തിലേക്ക് രാജ്യം കടക്കുന്നത്.
Also Read: Israel-Hezbollah Conflict: ലെബനനില്‍ വെടിനിര്‍ത്തല്‍ നീക്കം; റഷ്യയുടെ പിന്തുണ തേടി ഇസ്രായേല്‍
ശൈശവ വിവാഹത്തിന്റെ കാര്യത്തില്‍ ഇറാഖ് വളരെ മുന്നിലാണെന്നാണ് യുണിസെഫ് പറയുന്നത്. ഇറാഖിലെ പെണ്‍കുട്ടികളില്‍ 28 ശതമാനം ആളുകളും 18 വയസിനുള്ളില്‍ വിവാഹിതരാകുന്നുവെന്നാണ് യുണിസെഫ് വ്യക്കമാക്കുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും. പുതിയ നിയമം ഇറാഖി സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നും മതത്തിനായിരിക്കും പ്രഥമസ്ഥാനമെന്നും ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തര്‍ പറഞ്ഞു.
ആധുനിക കാലത്ത് ഇറാഖി സ്ത്രീകള്‍ നേടിയെടുത്ത എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്ന നിയമനിര്‍മ്മാണത്തിലൂടെ ഇറാഖി സ്ത്രീകളെയും സിവില്‍ സമൂഹത്തെയും ഭയപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഇറാഖിലെ സ്ത്രീ സ്വാതന്ത്ര്യ സംഘടനയുടെ പ്രസിഡന്റ് യാനാര്‍ മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു.