5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Iraq Marriage Bill: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പതായി കുറയ്ക്കണം; ഇറാഖിന്റെ വിവാദ ബിൽ

Iraq Marriage Law Updates: പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പതു വയസ്സായി കുറയ്ക്കാനുള്ള ബില്ല് പാസാക്കാൻ ഒരുങ്ങുകയാണ് ഇറാഖ്. ഇത് രാജ്യമൊട്ടാകെ വിവാദത്തിനു വഴിയൊരുക്കി.

Iraq Marriage Bill: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പതായി കുറയ്ക്കണം; ഇറാഖിന്റെ വിവാദ ബിൽ
(Image Courtesy: X)
Follow Us
nandha-das
Nandha Das | Updated On: 09 Aug 2024 12:36 PM

പെൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം ഒമ്പത് വയസ്സായും, ആൺകുട്ടികളുടേത് 15 വയസ്സായും കുറയ്ക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഇറാഖിന്റെ വിവാദ ബില്ല് വ്യാപകമായ പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമാകുന്നു. ഇറാഖ് പാർലമെൻറിൽ അവതരിപ്പിച്ച നിർദ്ധിഷ്ട നിയമനിർമ്മാണം, പുരുഷാധിപത്യ മാനദണ്ഡങ്ങൾ ആധിപത്യം പുലർത്തുന്ന ഒരു സമൂഹത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുള്ള വലിയ തിരിച്ചടിയായാണ് വിമർശകർ കാണുന്നത്.

ബില്ല് പാസായാൽ വിവാഹം, വിവാഹമോചനം തുടങ്ങിയ വ്യക്തിപരമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ദമ്പതികൾ സുന്നി അല്ലെങ്കിൽ ഷിയ വിഭാഗങ്ങൾ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടും. കുടുംബ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനായി മത അധികാരികളെയോ സിവിൽ ജുഡിഷ്യറിയെയോ തിരഞ്ഞെടുക്കാൻ പൗരന്മാർ നിർബന്ധിതരാവുന്നു.

ബില്ലിൻ്റെ ഏറ്റവും വിവാദപരമായ വശങ്ങളിലൊന്ന്, ബില്ലിൻ്റെ അംഗീകാരം ലഭിച്ച് ആറ് മാസത്തിനുള്ളിൽ ഷിയ, സുന്നി മതപരമായ എൻഡോവ്‌മെൻ്റുകൾ ഇറാഖ് പാർലമെൻ്റിൽ “നിയമ വിധികളുടെ കോഡ്” സമർപ്പിക്കണം എന്നുള്ള ഉത്തരവാണ്. ഇതിലൂടെ വിവാഹങ്ങളുടെ അംഗീകരണത്തിനുള്ള അധികാരം കോടതികളിൽ നിന്നു മതപരമായ ഓഫീസുകളിലേക്ക് മാറ്റും. “ജാഫരി നിയമശാസ്ത്രം” അടിസ്ഥാനമാക്കിയുള്ള നിർദ്ദിഷ്ട ഷിയ കോഡ്, ഒമ്പത് വയസ്സ് പ്രായമുള്ള പെൺകുട്ടികളെയും പതിനഞ്ച് വയസ്സ് പ്രായമുള്ള ആൺകുട്ടികളെയും വിവാഹം കഴിക്കാൻ അനുവദിക്കുന്നു.

READ MORE: ഇസ്രായേലിന്റെ ഉറക്കംകെടുത്തിയ നേതാവ്; ആരാണ് ഹനിയയുടെ പിന്‍ഗാമി യഹ്യ സിന്‍വാര്‍

സ്വതന്ത്ര എംപി റായ്ദ് അൽ-മാലിക്കാണ് ഈ ബില്ല് അവതരിപ്പിച്ചത്. സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കുന്നതും സ്ത്രീകളുടെ അവകാശങ്ങൾ നിയന്ത്രിക്കുന്നതും ഉൾപ്പെടെയുള്ള വിവാദ ഭേദഗതികൾ നിർദ്ദേശിച്ച ചരിത്രമുള്ള വ്യക്തിയാണ് അദ്ദേഹം. വൈവാഹിക ബലാത്സംഗം നിയമവിധേയമാക്കുകയും മുസ്‌ലിം പുരുഷന്മാർ അമുസ്‌ലിം സ്ത്രീകളെ വിവാഹം കഴിക്കുന്നത് വിലക്കുകയും ചെയ്യുന്ന വ്യവസ്ഥകൾ ബില്ലിൻ്റെ മുൻ കരടിൽ ഉൾപ്പെടുത്തിയിരുന്നു, ഇത് ജനങ്ങളുടെ ആശങ്കകൾക്ക് ആക്കം കൂട്ടി.

ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം നിലവില്‍ 18 ആണ്. 1959 മുതല്‍ രാജ്യം പിന്തുടര്‍ന്നുപോരുന്ന പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്. ‘ഈ നിയമം പാസാക്കുന്നത് രാജ്യം പിന്നോട്ട് നീങ്ങുന്നതാണ് കാണിക്കുന്നത്, മുന്നോട്ട് അല്ല,’ എന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്ആർഡബ്ല്യു) ഗവേഷകയായ സാറ സാൻബർ പറഞ്ഞു.

ഈ ബില്ല് പാസായാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മനുഷ്യാവകാശ സംഘടനകളും വനിതാ ഗ്രൂപ്പുകളും സിവിൽ സൊസൈറ്റി പ്രവർത്തകരും ബില്ലിനെ ശക്തമായി എതിർത്തു. ശൈശവവിവാഹം, നേരത്തെയുള്ള ഗർഭധാരണം, ഗാർഹിക പീഡനത്തിൻ്റെ ഉയർന്ന സാധ്യത എന്നിവയിലേക്ക് ഇത് നയിക്കുമെന്ന് അവർ വാദിക്കുന്നു.

യുനിസെഫിൻ്റെ കണക്കനുസരിച്ച് ഇറാഖിലെ 28 ശതമാനം പെൺകുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരായിട്ടുണ്ട്. ഇസ്‌ലാമിക നിയമത്തെ ക്രമീകരിക്കാനും ചെറുപ്പകാരികളെ അധാർമ്മിക ബന്ധങ്ങളിൽ നിന്നും സംരക്ഷിക്കുവാനുമാണ് ഈ പുതിയ മാറ്റമെന്നാണ് നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ, ഒരുപാട് സ്ത്രീകളുടെ ഭാവിയാണ് ഈ പുതിയ നിയമം ഇല്ലാതാക്കുക.

ജൂലൈ അവസാനം വിവാദനിയമം പാർലമെൻറിൽ അവതരിപ്പിച്ചിരുന്നെങ്കിലും അംഗങ്ങൾ എതിർത്തതോടെ പിൻവലിക്കേണ്ടി വന്നു. എന്നാൽ, ചേംബറിൽ ആധിപത്യമുള്ള ഷിയ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചതോടെ ഓഗസ്റ്റ് 4 ന് വീണ്ടും കൊണ്ടുവരികയായിരുന്നു.

Latest News