5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഇറാന്റെ ആക്രമണ ഭീഷണിയെത്തുടർന്ന് യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്ക

ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെ ഇസ്രയേലിന് നൽകിയിട്ടുണ്ട്.

ഇറാന്റെ ആക്രമണ ഭീഷണിയെത്തുടർന്ന് യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്ക
American warship
neethu-vijayan
Neethu Vijayan | Published: 13 Apr 2024 11:36 AM

വാഷിങ്ടൺ: സിറിയയിലെ നയതന്ത്ര കാര്യാലയം ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകൾ അയച്ചിരിക്കുകയാണ് അമേരിക്ക. തിരിച്ചടി ഉടനുണ്ടായേക്കുമെന്നും ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നുമാണ് യുഎസ് ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. ഇതിന് പിന്നാലെയാണ് യുഎസ് ഇസ്രയേലിന് സൈനിക സഹായം നൽകിയത്.

മേഖലയിലെ ഇസ്രയേലി, അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യുഎസ് സൈനിക സഹായങ്ങൾ അയച്ചതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളാണ് യുഎസ്. നാവികസേന അയച്ചതെന്ന് നേവി ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ചെങ്കടലിലുള്ള എസ്എസ് കാർനിയാണ് അമേരിക്ക അയച്ച ഒരു യുദ്ധക്കപ്പൽ. ഹൂതികളുടെ ഡ്രോൺ ആക്രമണവും കപ്പൽവേധ മിസൈലുകളും പ്രതിരോധിക്കുന്ന വ്യോമദൗത്യമാണ് ചെങ്കടലിൽ യുഎസ്എസ് കാർനിക്കുള്ളത്.

ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെ ഇസ്രയേലിന് നൽകിയിട്ടുണ്ട്. അതേസമയം ഒരുകാരണവശാലും ആക്രമിക്കരുതെന്ന് ഇറാനോടും നിർദേശിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ബൈഡന്റെ പ്രതികരണം. ഇറാന് എന്ത് സന്ദേശമാണ് നൽകാനുള്ളതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അരുത് എന്നുമാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേലിനെ ഏതുവിധേനയും സംരക്ഷിക്കാൻ യു എസ് പ്രതിജ്ഞാബദ്ധമാണെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.

അടുത്ത 48 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം വോൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്. ഇസ്രയേലിൽ എവിടെയും ഏതു സമയത്തും ആക്രമണം നടക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആക്രമണ പദ്ധതി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നിലുണ്ടെന്നും അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണെന്നും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പറഞ്ഞതായാണ് വിവരം. ഗാസയിൽ ആറുമാസം പിന്നിട്ട യുദ്ധം ഇസ്രയേലും സായുധസംഘടനയായ ഹമാസും തമ്മിലുള്ളതാണെങ്കിൽ ഇറാൻ നേരിട്ട് ഇസ്രയേലിനെ ആക്രമിക്കുന്നതിലൂടെ അത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ളതാകും.