Iran Israel War: ഇറാനെ നേരിടാന്‍ ഇസ്രായേലിന് സൈനിക സഹായവുമായി അമേരിക്ക
Ismail Haniyeh Murder Updates: കര കേന്ദ്രീകരിച്ചുള്ള ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ആയുധങ്ങള്‍ അയക്കാനും യുഎസ് ഉത്തരവിട്ടിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ചാണ് സഹായം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിലും യുഎസ് ഇസ്രായേലിന് സഹായവുമായി രംഗത്തെത്തിയിരുന്നു.
ജെറുസലേം: ഇസ്രായേലിനെതിരെ ആക്രമണം പ്രഖ്യാപിച്ച ഇറാനെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് കൂടുതല്‍ സൈനിക സഹായം വാഗ്ദാനം ചെയ്ത് യുഎസ്. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ പടിഞ്ഞാറന്‍ ജെറുസലേമും ടെഹ്‌റാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി. ക്രൂയിസറുകള്‍, ഡിസ്‌ട്രോയറുകള്‍, അധിക ഫൈറ്ററുകള്‍ എന്നിവയാണ് യുഎസ് പ്രതിരോധ വകുപ്പ് ഇസ്രായേലിന് നല്‍കുന്നത്. ഏതുതരത്തിലുള്ള ആക്രമണങ്ങളെയും തങ്ങള്‍ പ്രതിരോധിക്കുമെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു.
കര കേന്ദ്രീകരിച്ചുള്ള ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ആയുധങ്ങള്‍ അയക്കാനും യുഎസ് ഉത്തരവിട്ടിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ചാണ് സഹായം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിലും യുഎസ് ഇസ്രായേലിന് സഹായവുമായി രംഗത്തെത്തിയിരുന്നു.
Also Read: Ismail Haniyeh: ഹനിയക്കായി ആ ബോംബ് കാത്തിരുന്നത് രണ്ടുമാസം; ഇറാനെ ഞെട്ടിച്ച് കൊലപാതകം
കൂടാതെ പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്ന യുഎസ്എസ് തിയോഡര്‍ റൂസവെല്‍റ്റിന്റെ നേതൃത്വത്തിലുള്ള കപ്പല്‍പ്പടയ്ക്ക് പകരം എബ്രഹാം ലിങ്കന്റെ നേതൃത്വത്തിലുള്ള പുതിയ വിമാനവാഹിനിക്കപ്പല്‍പ്പടയെ വിന്യസിക്കും. പഴയ വിമാനവാഹനിക്കപ്പലില്‍ നിന്ന് പുറത്തുകടക്കാന്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനോട് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ബാലിസ്റ്റിക് മിസൈല്‍ വേധ യുദ്ധക്കപ്പലുകളെയും യുദ്ധവിമാന സ്‌ക്വാഡിനെയും വിന്യസിക്കാനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഉത്തരവിട്ടു.
ഇറാനോ അവരുടെ സഖ്യകക്ഷികളോ ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടിട്ടുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഹമാസിന്റെ ആദ്യ ആക്രമണം മുതല്‍ പശ്ചിമേഷ്യയിലെ തങ്ങളുടെ ജനങ്ങളെയും താത്പര്യങ്ങളെയും സംരക്ഷിക്കുമെന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പെന്റഗണ്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രീന സിങ് പറഞ്ഞു. രാജ്യത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ എത്രയും പെട്ടെന്ന് ലെബനാനില്‍ കഴിയുന്ന യുഎസ് പൗരന്മാര്‍ നാട്ടിലേക്ക് തിരിച്ചെത്തണമെന്നും യുഎസ് എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ വ്യക്തമാക്കിയിരുന്നു. ഹനിയയെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഹനിയ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാന്‍ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാംനഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും സംഭവദിവസം തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഹനിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരേക്കും ആരും ഏറ്റെടുത്തിട്ടില്ല.
Also Read: Ismail Haniyeh Murder: ഇസ്രായേല്‍ ആക്രമിക്കാന്‍ ഉത്തരവിട്ട് ഇറാന്‍; പകരം ചോദിച്ചിരിക്കുമെന്ന് ഖാംനഈ
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനും പരമോന്നത നേതാവിനെ കാണാനും ടെഹ്‌റാനിലെത്തിയതായിരുന്നു ഹനിയ. ആക്രമണത്തില്‍ ഹനിയയെ കൂടാതെ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയ താമസിച്ച വീടിന് നേരെയായിരുന്നു ആക്രമണം.
ആക്രമണം നടക്കുന്നതിന് ഏതാനും സമയം മുമ്പ് ഇറാന്‍ പ്രസിഡന്റ് പെസസ്‌കിയാനേയും ആയത്തുല്ല ഖാംനഈയേയും ഹനിയ സന്ദര്‍ശിച്ചിരുന്നു. ഇതിന് മുമ്പ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി മരണപ്പെട്ടപ്പോഴായിരുന്നു ഹനിയ ഇറാന്‍ സന്ദര്‍ശിച്ചിരുന്നത്.