5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഇറാന് വിജയിക്കാനാവില്ല; ഇസ്രായേലിനെ ഞങ്ങള്‍ക്ക് സംരക്ഷിച്ചേ മതിയാകൂ: ബൈഡന്‍

ഇറാന് എന്ത് സന്ദേശമാണ് നല്‍കാനുള്ളതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അരുത് എന്നുമാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രായേലിനെ ഏതുവിധേനയും സംരക്ഷിക്കാന്‍ യു എസ് പ്രതിജ്ഞാബദ്ധമാണെന്നും ജോ ബൈഡന്‍

ഇറാന് വിജയിക്കാനാവില്ല; ഇസ്രായേലിനെ ഞങ്ങള്‍ക്ക് സംരക്ഷിച്ചേ മതിയാകൂ: ബൈഡന്‍
Joe Biden
shiji-mk
Shiji M K | Published: 13 Apr 2024 09:20 AM

വാഷിങ്ടണ്‍: ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേല്‍ ആക്രമണവുമായി മുന്നോട്ടുപോകരുതെന്ന് ഇറാന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ബൈഡന്റെ പ്രതികരണം.

ഇറാന് എന്ത് സന്ദേശമാണ് നല്‍കാനുള്ളതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അരുത് എന്നുമാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രായേലിനെ ഏതുവിധേനയും സംരക്ഷിക്കാന്‍ യു എസ് പ്രതിജ്ഞാബദ്ധമാണെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇസ്രായേലിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങള്‍ അത് ചെയ്യും. ഇറാന് വിജയിക്കാനാവില്ല. ചില വിവരങ്ങള്‍ നിങ്ങളോട് വെളിപ്പെടുത്താനാകില്ല. എന്നാലും വൈകാതെ തന്നെ ആക്രമണമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ,’ ബൈഡന്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബിയും ഇതുതന്നെ ആവര്‍ത്തിച്ചിരുന്നു. ഇസ്രായേലിന് നേരെ ഇറാന്റെ ആക്രമണം ഉടന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ വൈറ്റ് ഹൗസ് തയാറായിരുന്നില്ല.

അതേസമയം, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇസ്രായേലിന് നേരെ ഇറാന്റെ ആക്രമണമുണ്ടാകുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണം സംബന്ധിച്ച പദ്ധതി ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി പരിഗണിച്ചുവരികയാണെന്നും ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയാണെന്നും ഇറാന്റെ ഉന്നത നേതൃത്വത്തെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാന്‍ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും തങ്ങള്‍ തയാറാണെന്ന് ഇസ്രായേലും വ്യക്തമാക്കിയിട്ടുണ്ട്.

സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ കഴിഞ്ഞയാഴ്ചയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ സീനിയര്‍ കമാന്‍ഡറും ആറ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ ആക്രമിക്കുമെന്ന് ഇറാന്‍ അറിയിച്ചത്.