5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Hamas War: നെതന്യാഹുവിനും ഹമാസ് നേതാവിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രമിനല്‍ കോടതി

Arrest Warrant For Banjamin Netanyahu: കോടതിയുടെ അധികാരപരിധിക്കെതിരെ ഇസ്രായേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് ഐസിസി പ്രീ ട്രയല്‍ ചേംബര്‍ നിരസിച്ചതായും ബെഞ്ചമിന്‍ നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതായും ഐസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

Israel-Hamas War: നെതന്യാഹുവിനും ഹമാസ് നേതാവിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രമിനല്‍ കോടതി
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (Image Credits: PTI)
shiji-mk
Shiji M K | Updated On: 21 Nov 2024 19:49 PM

ഹേഗ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. നെതന്യാഹുവിനെ കൂടാതെ ഇസ്രായേല്‍ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, മുതിര്‍ന്ന ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് എന്നിവര്‍ക്കെതിരെയും ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്രായേല്‍ നിരത്തിയ വാദങ്ങള്‍ നിരസിച്ചുകൊണ്ടാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കോടതിയുടെ അധികാരപരിധിക്കെതിരെ ഇസ്രായേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് ഐസിസി പ്രീ ട്രയല്‍ ചേംബര്‍ നിരസിച്ചതായും ബെഞ്ചമിന്‍ നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതായും ഐസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിലെ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വെളിച്ചത്തിലാണ് മൂവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നെതന്യാഹു, ഗാലന്റ്, ദെയ്ഫ് എന്നീ മൂന്നുപേര്‍ക്കും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്നും അത് വ്യക്തമാക്കുന്ന തരത്തിലുള്ള സാഹചര്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ നിലവില്‍ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ അവകാശവാദം ഉന്നയിക്കുന്ന ഹമാസ് നേതാവാണ്. കഴിഞ്ഞ ജൂലൈയില്‍ ഗസയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ മഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേല്‍ പറയുന്നത്.

Also Read: Israel-Hamas War: ഇസ്രായേലിന് യുഎസ് ഇനിയും ആയുധങ്ങള്‍ നല്‍കും; വില്‍പന തടയാനുള്ള ബില്‍ പരാജയപ്പെട്ടു

കഴിഞ്ഞ മെയ് മാസത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹു, യോവ് ഗാലന്റ്, മുഹമ്മദ് ദെയ്ഫ്, ഇസ്മായില്‍ ഹനിയ, യഹ്യ സിന്‍വാര്‍ എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ഐസിസി പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യഹ്യ സിന്‍വാറും, ഇസ്മായില്‍ ഹനിയയുടെ മരണം സ്ഥിരീകരിക്കപ്പെട്ടെങ്കിലും ദെയ്ഫ് മരിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരേക്കും വ്യക്തത വന്നിട്ടില്ലെന്ന് ഐസിസി ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2023 ഒക്ടോബര്‍ 7ന് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഹമാസ് നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ഓളം പേര്‍ കൊല്ലപ്പെടുകയും 251 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 44000 പേരാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

ബന്ദികളാക്കിയവരെ ഉപദ്രവിക്കുക, ബലാത്സംഗം, തടവില്‍ പാര്‍പ്പിക്കുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഹമാസിനെതിരെ ആരോപിക്കുന്നത്. ജനവാസ മേഖലകളില്‍ ആക്രമണം നടത്തി നിരവധിയാളുകളെ കൊലപ്പെടുത്തിയെന്നതാണ് ഇസ്രായേലിനെതിരെയുള്ള കുറ്റം.

അതേസമയം, ഇസ്രായേലിന് ആയുധങ്ങള്‍ കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റില്‍ അവതരിപ്പിച്ച ബില്‍ പരാജയപ്പെട്ടു. യുഎസ് സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്‌സാണ് ഇസ്രായേലിന് 20 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍ നല്‍കാനുളള പെന്റഗണിന്റെ ആവശ്യം അംഗീകരിക്കുകയോ അല്ലെങ്കില്‍ നിരസിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സെനറ്റില്‍ അവതരിപ്പിച്ച പ്രമേയമാണ് പരാജയപ്പെട്ടത്. 18 അംഗങ്ങള്‍ മാത്രംആയുധ വില്‍പന നിര്‍ത്തിവെക്കണമെന്ന് വോട്ട് ചെയ്തപ്പോള്‍ ബാക്കി 78 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

കൂടുതല്‍ പേര്‍ എതിര്‍പ്പറിയിച്ചതോടെ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് പ്രമേയങ്ങള്‍ കൂടി സെനറ്റില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ജോയിന്റ് റെസല്യൂഷന്‍ ഡിസപ്രൂവല്‍ എന്ന പേരിലുള്ള പ്രമേയത്തില്‍ ഓരോ ആയുധങ്ങള്‍ ഇസ്രായേലിന് നല്‍കുന്നതിനും വ്യത്യസ്ത പ്രമേയങ്ങള്‍ ഉണ്ടാക്കിയിരുന്നു. പൗരാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, യുദ്ധവിരുദ്ധ സംഘടനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പ്രമേയത്ത അനുകൂലിച്ച് കത്തില്‍ ഒപ്പുവെച്ചിരുന്നു.

ജെഫ് മെര്‍ക്ക്‌ലി, ബ്രയാന്‍ ഷാറ്റ്‌സ്, എലിസബത്ത് വാറന്‍, പീറ്റര്‍ വെല്‍ച്ച്, ക്രിസ് ഹോളന്‍ എന്നീ സെനറ്റര്‍മാരും ബെര്‍ണി സാന്‍ഡേഴ്‌സണ് പുറമേ പ്രമേയത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതാദ്യമായാണ് യുഎസ് സെനറ്റില്‍ ഇസ്രായേലിലേക്കുള്ള ആയുധ വില്‍പനയുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കപ്പെടുന്നത്.