US Deportation: ഡൊണാൾഡ് ട്രംപിൻ്റെ നാടുകടത്തൽ; ഇന്ത്യൻ വിദ്യാർഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നു
Donald Trump Deportation Threat: കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിൻറെ നയവും ഭീഷണിയുമാണ് വിദ്യാർഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കാൻ കാരണം. ജോലി ചെയ്യുന്നിടങ്ങളിൽ പോലീസിൻറെയും മറ്റ് അധികൃതരുടെയും പരിശോധനകൾ വർധിച്ചതാണ് വിദ്യാർത്ഥികൾ ജോലി ഉപേക്ഷിക്കുന്ന സ്ഥിതി രൂക്ഷമായത്.

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നാടുകടത്തിൽ ഭീഷണിയിൽ കുടുങ്ങി ഇന്ത്യൻ വിദ്യാർത്ഥികൾ. അമേരിക്കയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിലുള്ള കർശനമായ കുടിയേറ്റ നയങ്ങൾക്കിടയിൽ, പലരുടെയും അമേരിക്കൻ സ്വപ്നം ഇപ്പോൾ ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു.
കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിൻറെ നയവും ഭീഷണിയുമാണ് വിദ്യാർഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കാൻ കാരണം. ജോലി ചെയ്യുന്നിടങ്ങളിൽ പോലീസിൻറെയും മറ്റ് അധികൃതരുടെയും പരിശോധനകൾ വർധിച്ചതാണ് വിദ്യാർത്ഥികൾ ജോലി ഉപേക്ഷിക്കുന്ന സ്ഥിതി രൂക്ഷമായത്. കഴിഞ്ഞ വർഷം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക നൽകുന്ന F-1 സ്റ്റുഡന്റ് വിസകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡാറ്റ അനുസരിച്ച്, 2024 ജനുവരി മുതൽ സെപ്റ്റംബർ വരെ 64,008 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് വിസ അനുവദിച്ചത്. 2023 ലെ ഇതേ കാലയളവിലെ 1,03,495 നെ അപേക്ഷിച്ച് ഇത് 38 ശതമാനം കുറവാണ്. കോവിഡ് മഹാമാരിയെത്തുടർന്ന് വിദ്യാർത്ഥി പ്രവേശനത്തിൽ ഉണ്ടായ കുതിച്ചുചാട്ടത്തിന് ശേഷം ആദ്യമായാണ് ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത്.
പ്രസിഡന്റ് ട്രംപ് അധികാരമേറ്റതിനുശേഷം, പ്രാദേശികവൽക്കരണത്തിനായുള്ള അദ്ദേഹത്തിന്റെ നയം വിസ സ്പോൺസർ ചെയ്യുന്ന തൊഴിലുടമകളെ ബുദ്ധിമുട്ടിലാക്കുന്നതായും വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നു. വിദ്യാർത്ഥികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെത്തുന്ന ഉദ്യോഗസ്ഥർ അവരുടെ ഐഡികൾ കാണണമെന്ന് പറഞ്ഞ് തുടങ്ങുന്ന പരിശോധന പലപ്പോഴും വിവിധ സാഹചര്യങ്ങളിലേക്ക് നീളാറുണ്ട്.
അധികാരികളുമായുള്ള വാക്കുതർക്കം ഭയന്നാണ് വിദ്യാർഥികൾ പാർട്ട് ടൈം ജോലി ഉപേക്ഷിക്കുന്നത്. ഇന്ത്യൻ വിദ്യാർഥികൾ മാത്രമല്ല, അമേരിക്കയിലെ മറ്റ് എല്ലാം വിദേശ വിദ്യാർഥികളുടെയും അവസ്ഥ ഏറെക്കുറെ ഇങ്ങനെ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ അമേരിക്കയിലെ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളെയെല്ലാം ട്രംപിൻറെ നാടുകടത്തൽ ഭീഷണി സാരമായി ബാധിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.