Indian Schools In Oman: കിൻ്റർഗാർടനിൽ രണ്ടല്ല മൂന്ന് വർഷം!: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇങ്ങനെ
National Education Policy In Oman Indian Schools: പുതിയ നയം അനുസരിച്ച്, അടിസ്ഥാന ഘട്ടത്തിൽ ഇപ്പോൾ മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് കിൻ്റർഗാർട്ടനും തുടർന്ന് ആറ് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിലും ഉൾപ്പെടും. കിന്റർഗാർട്ടൻ നിലവിലുള്ള രണ്ട് വർഷ ഘടനയിൽ നിന്ന് മൂന്ന് വർഷമാകും എന്നതാണ് ഇതിലെ പ്രധാന മാറ്റം. 2025-2026 അധ്യയന വർഷം മുതലാണ് ഈ നയം പ്രാബല്യത്തിൽ വരുന്നത്. എൻഇപിയുടെ ഭാഗമായി എപ്രിൽ ഒന്ന് മുതൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകിൽ 'ബാൽവതിക' (പ്രീസ്‌കൂൾ) നടപ്പിലാക്കും.
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഇനി വിദ്യാഭ്യസം മാറിമറിയും. പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും നടപ്പിലാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ സ്‌കൂൾ ഒമാൻറെ ഡയറക്ടർ ബോർഡ്. എൻഇപി നയം അനുസരിച്ച്, ഒരു കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുടനീളം വിദ്യാഭ്യാസത്തോടുള്ള സമഗ്രമായ സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ രീതി മുന്നോട്ട് പോകുന്നത്. അതിൻ്റെ അടിസ്ഥാനത്തിൽ അക്കാദമിക് ഘടന 5+3+3+4 സംവിധാനത്തിലേക്ക് പുനർനിർവചിക്കപ്പെട്ടാണ് ഇന്ത്യൻ അധികൃതർ ഈ നയം ഒരുക്കിയിരിക്കുന്നതെന്നും ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.
പുതിയ നയം അനുസരിച്ച്, അടിസ്ഥാന ഘട്ടത്തിൽ ഇപ്പോൾ മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് കിൻ്റർഗാർട്ടനും തുടർന്ന് ആറ് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിലും ഉൾപ്പെടും. കിന്റർഗാർട്ടൻ നിലവിലുള്ള രണ്ട് വർഷ ഘടനയിൽ നിന്ന് മൂന്ന് വർഷമാകും എന്നതാണ് ഇതിലെ പ്രധാന മാറ്റം.
പ്രിപ്പറേറ്ററി സ്‌റ്റേജിൽ എട്ട് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളും 11 മുതൽ 14 വയസ്സുവരെയുള്ള മിഡിൽ സ്‌റ്റേജിൽ ആറ് മുതൽ എട്ടുവരെ ക്ലാസുകളും 14 മുതൽ 18 വയസ്സുവരെയുള്ള ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ സെക്കൻഡറി ഘട്ടവും ഉൾപ്പെടുത്തിയാണ് വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. ആഗോള നിലവാരവുമായി യോജിപ്പിച്ച് കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാനുള്ള അർപ്പണബോധമാണ് ഈ നയം രൂപീകരിക്കാൻ പ്രേരിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
2025-2026 അധ്യയന വർഷം മുതലാണ് ഈ നയം പ്രാബല്യത്തിൽ വരുന്നത്. എൻഇപിയുടെ ഭാഗമായി എപ്രിൽ ഒന്ന് മുതൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകിൽ ‘ബാൽവതിക’ (പ്രീസ്‌കൂൾ) നടപ്പിലാക്കും. പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷനുകൾ 2025 മാർച്ച് 31 വരെയുള്ള കർശനമായ പ്രായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടപ്പിലാക്കുകയെന്നും അധികൃതർ അറിയിച്ചു.
ബാൽവതിക: മൂന്ന് വയസ്സ് പ്രായമുള്ള കുട്ടികൾ, കെ ജി ഒന്ന്: നാല് വയസ്സ് പ്രായമുള്ള കുട്ടികൾ, കെ ജി രണ്ട്: അഞ്ച് വയസുള്ള കുട്ടികൾ, ക്ലാസ് ഒന്ന്: ആറ് വയസുള്ള കുട്ടികൾ എന്നിങ്ങനെയാണ് കർശനമായ പ്രായ മാനദണ്ഡങ്ങൾ. ഇന്റർസ്‌കൂൾ ട്രാൻസ്ഫറുകൾക്കുള്ള പ്രവേശനത്തിന് സാധുവായ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. അതേസമയം നിലവിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള പ്രമോഷൻ യഥാക്രമം കെ ജി ഒന്ന് മുതൽ കെ ജി രണ്ടു വരെയും കെ ജി രണ്ട് മുതൽ ക്ലാസ് ഒന്നു വരെയും നിലവിലെ സമ്പ്രദായമനസുരിച്ച് തുടരും.