Chandra Arya: ‘പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കും’; ട്രൂഡോയ്ക്ക് പിൻഗാമിയാകാൻ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ
Indian origin MP Chandra Arya: വലിയ തീരുമാനങ്ങൾ ഭയമില്ലാതെ എടുക്കാൻ കഴിയുന്ന ഒരു നേതൃത്വത്തെയാണ് കാനഡ അർഹിക്കുന്നത്. എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് ചന്ദ്ര ആര്യ വ്യക്തമാക്കി.
ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പിൻഗാമിയാകാൻ തയ്യാറെടുത്ത് ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ. പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എംപിയും ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തനുമായ ചന്ദ്ര ആര്യ. കർണാടക സ്വദേശിയാണ് അദ്ദേഹം. ഒട്ടാവയിലെ എംപിയായ ചന്ദ്ര ആര്യ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
എക്‌സിലൂടെ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഷ്ട്രത്തെ പുനർനിർമിക്കാൻ കാര്യക്ഷമമായ സർക്കാരിനെ നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ രാജ്യം അഭിമുഖീകരിക്കുന്നത് തലമുറകളായി കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രശ്നങ്ങളാണ്. അത് പരിഹരിക്കുന്നതിന് കഠിനമായ തെരഞ്ഞെടുപ്പുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വരുംതലമുറകൾക്ക് വേണ്ടി നമ്മൾ ധീരമായ തീരുമാനങ്ങൾ എടുക്കണം. ലിബറൽ പാർട്ടിയുടെ അടുത്ത നേതാവായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ തന്റെ അറിവ് രാജ്യത്തിനായി സമർപ്പിക്കും എന്നും ചന്ദ്ര ആര്യ എക്സിൽ വ്യക്തമാക്കി.
വിധിയുടെ നിയന്ത്രണം കാനഡ ഏറ്റെടുക്കേണ്ട സമയമായെന്നും വിരമിക്കൽ പ്രായം ഉയർത്തിയും പൗരത്വത്തെ അടിസ്ഥാനമാക്കിയുള്ള ടാക്സ് സംവിധാനം ഏർപ്പെടുത്തി പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നും അദ്ദേഹം കുറിപ്പിൽ വിശദമാക്കി. വലിയ തീരുമാനങ്ങൾ ഭയമില്ലാതെ എടുക്കാൻ കഴിയുന്ന ഒരു നേതൃത്വത്തെയാണ് കാനഡ അർഹിക്കുന്നത്. എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്ര ആര്യ എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:
I am running to be the next Prime Minister of Canada to lead a small, more efficient government to rebuild our nation and secure prosperity for future generations.
We are facing significant structural problems that haven’t been seen for generations and solving them will require… pic.twitter.com/GJjJ1Y2oI5— Chandra Arya (@AryaCanada) January 9, 2025
കർണാടക സ്വദേശിയായ ചന്ദ്ര ആര്യ 2006-ലാണ് കാനഡയിലേക്ക് കുടിയേറിയത്. നിലവിൽ അദ്ദേഹം ഹൗസ് ഓഫ് കോമൺസിലെ അംഗമാണ്. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഹിന്ദു പൈതൃക മാസത്തെ അടയാളപ്പെടുത്തുന്നതിന് വേണ്ടി ചന്ദ്ര ആര്യ കനേഡിയൻ പാർലമെന്റിനു പുറത്ത് ഓം ചിഹ്നമുള്ള ത്രികോണ കാവി നിറത്തിലുള്ള പതാക ഉയർത്തിയിരുന്നു. അത് വാർത്തകളിലും നിറഞ്ഞിരുന്നു. പരമ്പരാഗതമായി ജസ്റ്റിൻ ട്രൂഡോയെ പിന്തുണയ്ക്കുന്ന ആളാണ് ചന്ദ്ര ആര്യ. കർണാടകയിലെ തുംകൂർ ജില്ലയിലെ സിറ താലൂക്കിലെ ദ്വാർലു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ വേരുകളുള്ളത്.
ധാർവാഡിലെ കൗസലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എംബിഎ) ബിരുദാനന്തര ബിരുദം നേടി. 2015ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം 2019ലെ തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, 2022ൽ കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ ചന്ദ്ര ആര്യ കന്നടയിൽ സംസാരിച്ചതും വൈറലായിരുന്നു.