Donald Trump’s Inauguration:അന്ന് ഹൗഡി മോദി, ഇന്ന് സ്ഥാനാരോഹണം; ട്രംപിന് മുന്നില്‍ വീണ്ടും ‘ഡ്രം മേളം’ മുഴക്കാന്‍ ഇന്ത്യന്‍ സംഘമെത്തും
Donald Trump’s Inauguration Ceremony: 2019-ൽ ടെക്സസിൽ നടന്ന ഹൗഡി മോദി പരിപാടിയിലും ശിവം ധോൾ താഷ പഥക് ബാൻഡിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്രയും പ്രമുഖമായ പരിപാടിയിൽ ഇവർ പങ്കെടുക്കുന്നത്.
വാഷിംഗ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം ചടങ്ങിന്റെ ഭാഗമായി ക്യാപിറ്റോൾ ഹില്ലിൽ നിന്ന് വൈറ്റ് ഹൗസിലേക്കുള്ള പരേഡിൽ ഇന്ത്യൻ ധോൾ ബാൻഡ് പങ്കെടുക്കും. ഇന്ത്യക്കാരായ 30 പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒരു സംഘമാണ് ഇത് അവതരിപ്പിക്കുന്നത്. ‘ശിവം ധോൾ താഷ ഗ്രൂപ്പ്’ എന്ന് പേരിലാണ് ഇവർ അറിയപ്പെടുന്നത്. ഇതോടെ ദശലക്ഷക്കണക്കിന് ആഗോള പ്രേക്ഷകർക്ക് ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകം ആസ്വദിക്കാൻ സാധിക്കും.
”ഈ നാഴികക്കല്ല്, സംഘത്തിൻ്റെ വിജയം മാത്രമല്ല, യുഎസിലും ലോകമെമ്പാടുമുള്ള ടെക്‌സാസിലെ ഇന്ത്യൻ സമൂഹത്തിൻ്റെ നിർണായക നിമിഷം കൂടിയാണ്. ടെക്‌സാസിൽ നിന്നുള്ള ചലനാത്മകവും ഊർജസ്വലവുമായ ഒരു ഇന്ത്യൻ പരമ്പരാഗത ഡ്രം മേള ഇതാദ്യമായാണ് ഇത്രയും മഹത്തായ വേദിയിൽ അവതരിപ്പിക്കുന്നതെന്ന് പത്രക്കുറിപ്പിൽ പറയുന്നു. ഗ്രൂപ്പിൻ്റെ ക്ഷണം ലോകമെമ്പാടുമുള്ള ഇന്ത്യൻ സംസ്കാരത്തിൻ്റെ വർദ്ധിച്ചുവരുന്ന അംഗീകാരത്തിനെ സൂചിപ്പിക്കുന്നുവെന്നും യുഎസും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിൻ്റെ ആഘോഷവുമാണ് ഇതെന്നും വാർത്തകുറിപ്പിൽ പറയുന്നു.
Also Read: ‘ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ’: ഷെയ്ഖ് ഹസീന
അതേസമയം മുൻപും മതപരമായ ഉത്സവങ്ങൾക്കപ്പുറം വിപുലമായ പരിപാടികളിൽ ബാൻഡ് അവതരിപ്പിച്ചിട്ടുണ്ട്. സംഗീത കച്ചേരികൾ, ആഫ്രിക്കൻ, ജാപ്പനീസ് താളവാദ്യവാദികളുമായുള്ള സഹകരണം, 2019-ൽ ടെക്സസിൽ നടന്ന ഹൗഡി മോദി പരിപാടിയിലും, ഐസിസി ടി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങ് എന്നിവയിലും ഇവർ ശ്രദ്ധ നേടിയിട്ടുണ്ട്.
നാളത്തെ ചടങ്ങിൽ ഇവർ വെള്ള കുർത്തയും മഞ്ഞ നെഹ്‌റു ജാക്കറ്റുകളും തലപ്പാവുമായിരിക്കും ധരിക്കുക. പ്രധാന ചടങ്ങിനു ശേഷം ആരംഭിക്കുന്ന പരേഡിൽ യുഎസ് ആർമി, മറൈൻ, നേവി, എയർഫോഴ്സ്, യുഎസ് കോസ്റ്റ് ഗാർഡ് പ്ലാറ്റൂണുകൾ എന്നിവയ്ക്ക് പിന്നിലായിരിക്കും ഇവരുടെ പ്രകടനം ഉണ്ടാവുക. ഇവർക്ക് പുറമെ യുഎസ് ഹൈസ്കൂളുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള മാർച്ചിംഗ് ബാൻഡുകളും ഉണ്ടാകും.
അതേസമയം സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയും പങ്കെടുത്തു. ഇവർക്ക് പുറമെ നിരവധി വ്യവാസായി പ്രമുഖരും പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസും നാളെ സത്യപ്രതിജ്ഞ ചെയ്യും 1985ന് ശേഷം ഇതാദ്യമായി കാലാവസ്ഥ കണക്കിലെടുത്ത് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റിയത്. വാഷിംഗ്ടണിൽ ആർക്ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അസാധാരണ നടപടി.