Dubai: ഇന്ത്യൻ കമ്പനികളുടെ പ്രിയപ്പെട്ട ഇടമായി ദുബായ്; കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വർധിച്ചത് 173 ശതമാനം
Indian Companies In Dubai: കഴിഞ്ഞ 10 വർഷത്തിനിടെ ദുബായിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണം 173 ശതമാനം വർധിച്ചെന്ന് കണക്ക്. നിലവിൽ 70,000ലധികം ഇന്ത്യൻ കമ്പനികളാണ് ദുബായിൽ പ്രവർത്തിക്കുന്നത്.

ഇന്ത്യൻ കമ്പനികളുടെ പ്രിയപ്പെട്ട ഇടമായി ദുബായ്. കഴിഞ്ഞ 10 വർഷത്തിനിടെ ദുബായിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണം 173 ശതമാനമാണ് വർധിച്ചത്. ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ദുബായിലുള്ള വിദേശകമ്പനികളിൽ എണ്ണം കൊണ്ട് ഇന്ത്യൻ കമ്പനികളാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്.
നിലവിൽ ദുബായ് എമിറേറ്റിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾ 70,000ലധികമാണ്. “ദുബായ് എല്ലായ്പ്പോഴും ഇന്ത്യൻ കമ്പനികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയും ദുബായും തമ്മിൽ എണ്ണ ഒഴികെയുള്ള പരസ്പര സഹകരണം 190 ബില്ല്യൺ ഡോളറാണ്. ഈ കാലയളവിൽ 23.7 ശതമാനം വളർച്ചയും കണ്ടു.”- ദുബായ് ചേംബേഴ്സ് വൈസ് ചെയർമാൻ അഹ്മദ് ബിൻ ബ്യാത് പറഞ്ഞു.
ഈ വർഷം ആദ്യ പാദത്തിൽ തന്നെ പുതിയ 4,500 ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 16.2 ശതമാനം വളർച്ചയാണ് ഈ സമയത്ത് രേഖപ്പെടുത്തിയത്.
ദുബായിലെ പുതിയ പാർക്കിങ് ചട്ടങ്ങൾ
ദുബായിൽ പുതിയ ചാർക്കിങ് ചട്ടങ്ങൾ നിലവിൽ വന്നിരുന്നു. ഈ മാസം നാല് മുതലാണ് അധികൃതർ പുതിയ പാർക്കിങ് ചട്ടങ്ങൾ അവതരിപ്പിച്ചത്. പുതിയ സബ്സ്ക്രിപ്ഷൻ പാക്കേജുകളും പുതുക്കിയ പാർക്കിങ് ഫീസും അടക്കമുള്ള മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പീക്ക് അവർ പാർക്കിംഗുമായി ബന്ധപ്പെട്ടും പുതിയ നിർദ്ദേശങ്ങളുണ്ട്,
പ്രീമിയം പാർക്കിങ് സ്പോട്ടുകളിൽ പീക്ക് സമയത്തെ പാർക്കിംഗിന് മണിക്കൂറിൽ ആറ് ദിർഹം നൽകണം. രാവിലെ എട്ട് മുതൽ 10 മണി വരെയും വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെയുമാണ് പീക്ക് സമയം. മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെയാണ് സബ്സ്ക്രിപ്ഷൻ കാലയളവ്. ഇതിന് 250 ദിർഹം മുതൽ 4500 ദിർഹം വരെയാണ് നൽകേണ്ട തുക. ഇതിനൊപ്പം മറ്റ് ചില നിർദ്ദേശങ്ങളും പുതിയ പാർക്കിങ് ചട്ടങ്ങളിലുണ്ട്.