AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gulf Flight Service: പാക് വ്യോമാതിർത്തി അടച്ചു; ഗൾഫ് വിമാനങ്ങൾ പോകുക ഈ വഴി, ടിക്കറ്റ് നിരക്ക് കൂട്ടുമോ?

India To UAE Flight Service: 2019 ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷവും പാകിസ്ഥാൻ ഇത്തരത്തിൽ വ്യോമാതിർത്തി അടച്ചുപൂട്ടുകയും ഇന്ത്യൻ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഏകദേശം അഞ്ച് മാസത്തേക്കാണ് മുഴുവൻ വ്യോമാതിർത്തിയും അടച്ചിട്ടിരുന്നത്.

Gulf Flight Service: പാക് വ്യോമാതിർത്തി അടച്ചു; ഗൾഫ് വിമാനങ്ങൾ പോകുക ഈ വഴി, ടിക്കറ്റ് നിരക്ക് കൂട്ടുമോ?
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 26 Apr 2025 08:38 AM

യുഎഇ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു. പാക്കിസ്ഥാൻ വ്യോമപാത വിലക്കിയതിന് പിന്നാലെയാണ് വിമാനം വഴിതിരിച്ചുവിടുന്നത്. പാക്കിസ്ഥാന്റെ നടപടി ഗൾഫിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കുമെന്ന് വിമാന കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചിരുന്നു. നിലവിലെ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിന് മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുന്നതിനാൽ ഗൾഫ് മേഖലയിൽ നിന്നുള്ള വിമാനങ്ങൾ വൈകുമെന്നും കമ്പനികൾ അറിയിച്ചു.

വ്യാഴാഴ്ചയാണ് വ്യോമാതിർത്തി അടച്ചിടുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പുണ്ട്. യാത്രക്കാരുടെയും വിമാനത്തിലെ ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എയർ ഇന്ത്യ പറഞ്ഞു.

ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള നിരവധി പ്രതിദിന വിമാനങ്ങൾക്കാണ് പാക് നടപടിയെ തുടർന്ന് തടസ്സം നേരിട്ടിരിക്കുന്നത്. റൂട്ട് മാറുന്നതിനാൽ യാത്രാ സമയത്തിൽ രണ്ട് മണിക്കൂർ അധികം വേണ്ടിവരുന്നുണ്ട്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികൾക്ക് മാത്രമാണ് പാകിസ്ഥാൻ്റെ വിലക്ക് ബാധകമാകുന്നത്. അതിനാൽ മറ്റ് എയർലൈനുകൾക്ക് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നില്ല.

അതേസമയം ഈ സാഹചര്യം ദിവസങ്ങളോ ആഴ്ചകളോ തുടരുകയാണെങ്കിൽ ടിക്കറ്റ് നിരക്ക് വർധനവിനും ഷെഡ്യൂളിങ് പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് അധികൃതർ പറയുന്നുണ്ട്. വർദ്ധനവുണ്ടായാൽ തന്നെ മാർക്കറ്റ് ട്രെൻഡിനനുസരിച്ചായിരിക്കും ടിക്കറ്റ് നിരക്ക് ഉയർത്തുക. പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായത്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വിമാന കമ്പനികൾക്ക് പാകിസ്താൻ വ്യോമപാത നിഷേധിച്ചത്.

2019 ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷവും പാകിസ്ഥാൻ ഇത്തരത്തിൽ വ്യോമാതിർത്തി അടച്ചുപൂട്ടുകയും ഇന്ത്യൻ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഏകദേശം അഞ്ച് മാസത്തേക്കാണ് മുഴുവൻ വ്യോമാതിർത്തിയും അടച്ചിട്ടിരുന്നത്. ദിവസേന സർവീസ് നടത്തുന്ന 400 വിമാനങ്ങളെയാണ് ഈ നടപടി ബാധിച്ചത്.