5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UPI In Maldives: ഇനി മാലദ്വീപിൽ പോകാം കൈയ്യും വീശി..! യുപിഐ പണമിടപാട് അവതരിപ്പിച്ച് ഇന്ത്യ

UPI In Maldives Update: വിനോദസഞ്ചാരത്തെ ആശ്രയിച്ചുള്ള മാലദ്വീപ് സമ്പദ്‌വ്യവസ്ഥയിൽ യുപിഐ ആവിഷ്കരണം ഗുണപരമായ സ്വാധീനമുണ്ടാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മുഹമ്മദ് മുയിസു പ്രസിഡന്റായതിനു പിന്നാലെ മോശമായ ഇന്ത്യ-മാലദ്വീപ് ബന്ധം പുനഃസ്ഥാപിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജയ്ശങ്കറിന്റെ ദ്വീപിലേക്കുള്ള സന്ദർശനം.

UPI In Maldives: ഇനി മാലദ്വീപിൽ പോകാം കൈയ്യും വീശി..! യുപിഐ പണമിടപാട് അവതരിപ്പിച്ച് ഇന്ത്യ
Maldives.
neethu-vijayan
Neethu Vijayan | Published: 11 Aug 2024 15:58 PM

മാലെ: ഇന്ത്യയുമായി സഹകരിച്ച് മാലദ്വീപ് (Maldives) യുപിഐ (UPI) പണമിടപാട് സംവിധാനം ഒരുക്കുന്നു. ഇതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും മാലദ്വീപും കഴിഞ്ഞ ദിവസം ഒപ്പുവച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ മൂന്നുദിന മാലദ്വീപ് സന്ദർശനവേളയിലായിരുന്നു ധാരണാപത്രത്തിലുള്ള ഒപ്പുവയ്ക്കൽ. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും മാലദ്വീപിന്റെ സാമ്പത്തികവികസന-വ്യാപാരമന്ത്രാലയവും തമ്മിലാണ് ധാരണാപത്രം ഒപ്പിവച്ചിരിക്കുന്നത്.

മൊബൈൽഫോൺ വഴി തത്സമയ ബാങ്കിടപാട് സാധ്യമാക്കുന്ന സംവിധാനമാണ് യൂണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ് (യുപിഐ). നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇതു വികസിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയുടെ യുപിഐ സംവിധാനം അവതരിപ്പിക്കുന്ന എട്ടാമത്തെ രാജ്യമാണ് മാലദ്വീപ്.‌‌ കൂടാതെ ലോകത്തിലെ ആകെ ഡിജിറ്റൽ പേയ്മെൻ്റുകളിൽ 40 ശതമാനവും‌ ഇന്ത്യയിലാണ് നടക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.

വിനോദസഞ്ചാരത്തെ ആശ്രയിച്ചുള്ള മാലദ്വീപ് സമ്പദ്‌വ്യവസ്ഥയിൽ യുപിഐ ആവിഷ്കരണം ഗുണപരമായ സ്വാധീനമുണ്ടാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. തെരുവുവിളക്ക് സ്ഥാപിക്കൽ, മാനസികാരോഗ്യം, സവിശേഷവിദ്യാഭ്യാസം തുടങ്ങി ആറുമേഖലകളിൽ സംയുക്ത പദ്ധതികൾക്ക് ഇരുരാജ്യവും തുടക്കംകുറിച്ചിരിക്കുന്നത്. മാലദ്വീപിൽ 1000 സിവിൽ സർവീസസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസും സിവിൽ സർവീസസ് കമ്മിഷനും തമ്മിലുള്ള ധാരണാപത്രം പുതുക്കിയിട്ടുണ്ട്.

ALSO READ: വീണ്ടും ആശങ്കയുണർത്തി കോവിഡ്; അപകടകാരികളായ വകഭേദങ്ങൾ വന്നേക്കാമെന്ന് ലോകാരോ​ഗ്യസംഘടന

മുഹമ്മദ് മുയിസു പ്രസിഡന്റായതിനു പിന്നാലെ മോശമായ ഇന്ത്യ-മാലദ്വീപ് ബന്ധം പുനഃസ്ഥാപിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജയ്ശങ്കറിന്റെ ദ്വീപിലേക്കുള്ള സന്ദർശനം. മുയിസു അധികാരമേറ്റശേഷം ഇന്ത്യയിൽനിന്ന് മാലദ്വീപ് സന്ദർശിക്കുന്ന ഉന്നത രാഷ്ട്രീയനേതാവാണ് ജയ്ശങ്കർ. ഇന്ത്യ എല്ലാകാലത്തും മാലദ്വീപിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളും വികസനപങ്കാളിയുമാണെന്ന് മന്ത്രി സമീർ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയും മാലദ്വീപും അടുത്ത അയൽരാജ്യങ്ങൾ മാത്രമല്ല, സ്വാഭാവികപങ്കാളികളുമാണെന്ന് ജയ്ശങ്കർ ഇതിനോട് പ്രതികരിച്ചു.

ഇന്ത്യൻ സഞ്ചാരികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ട് മാലദ്വീപ് സർക്കാർ വെൽകം ഇന്ത്യ റോഡ് ഷോ നടത്തിയിരുന്നു. മാലദ്വീപ് മാർക്കറ്റിംഗ് ആൻ്റ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ, മാലിദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്‌സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ്, നാഷണൽ ഹോട്ടൽസ് ആൻ്റ് ഗസ്റ്റ്ഹൗസ് അസോസിയേഷൻ ഓഫ് മാലദ്വീപ് എന്നീ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു റോഡ് ഷോ.
ജൂലൈ 30ന് ഡൽഹിയിലായിരുന്നു ഷോയ്ക്ക് തുടക്കം കുറിച്ചത്. മാലദ്വീപിന്റെ ബീച്ചുകൾ, ആഡംബര റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവയെല്ലാം ചിത്രീകരിച്ചുകൊണ്ടായിരുന്നു റോഡ് ഷോ.

ഒരു ഇടവേളയ്ക്ക് ശേഷം മാലദ്വീപിലേക്ക് ഇന്ത്യൻ സഞ്ചാരികൾ വീണ്ടുമെത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024 ൽ ഇതുവരെ 65,000ൽ കൂടുതൽ ഇന്ത്യൻ സഞ്ചാരികൾ മാലദ്വീപിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇത് നിലനിർത്തുന്നതിനും കൂടുതൽ സഞ്ചാരികളെ മാലദ്വീപിലേക്ക് എത്തിക്കുന്നതിനുമാണ് റോഡ് ഷോകൾ സജ്ജീകരിച്ചിരിക്കുന്നത്.