5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: അനധികൃത കുടിയേറ്റം തടയും; രാജ്യത്ത് ട്രാൻസ്ജെൻഡറില്ല, സ്ത്രീയും പുരുഷനും മാത്രം: നയപ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ്

Illegal Immigration Will Be Stopped Syas Donald Trump: നയപ്രഖ്യാപനത്തിൽ അനധികൃത കുടിയേറ്റത്തിന് പ്രാധാന്യം നൽകി അമേരിക്കയുടെ പുതിയ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയുമെന്നും ട്രാൻസ്ജെൻഡർ വിഭാഗത്തെ പൂർണമായും തള്ളുകയാണെന്നും ട്രംപ് പറഞ്ഞു.

Donald Trump: അനധികൃത കുടിയേറ്റം തടയും; രാജ്യത്ത് ട്രാൻസ്ജെൻഡറില്ല, സ്ത്രീയും പുരുഷനും മാത്രം: നയപ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്Image Credit source: Social Media
abdul-basith
Abdul Basith | Published: 21 Jan 2025 07:23 AM

യുഎസ് പ്രസിഡൻ്റായി അധികാരമേറ്റതിന് പിന്നാലെ നയപ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ്. രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം തടയുമെന്നതായിരുന്നു പ്രധാന പ്രഖ്യാപനം. ഒപ്പം, ട്രാൻസ്ജെൻഡർ വിഭാഗത്തെ പൂർണമായും തള്ളുകയാണെന്ന നിലപാട് ട്രംപ് ആവർത്തിച്ചു. 2025 ജനുവരി 20 യുഎസ് വിമോചന ദിനമാണെന്നും രാജ്യത്തിൻ്റെ സുവർണയുഗത്തിന് ഇന്ന് തുടക്കമാവുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.

അനധികൃത കുടിയേറ്റം തടയുമെന്ന് ട്രംപ് ആവർത്തിച്ചു. യുഎസ്‌-മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ഒപ്പുവയ്ക്കും. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന വിദേശികളെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരികെ അയയ്ക്കും. ഇത്തരം ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുകയാണ് ബൈഡൻ ഭരണകൂടം ചെയ്തത്. വിദേശത്തെ അതിർത്തികൾ സംരക്ഷിക്കാൻ ഇവർ പരിധിയില്ലാത്ത സഹായം ചെയ്തു. എന്നാൽ, അമേരിക്കൻ അതിർത്തി സംരക്ഷിക്കാൻ ഇവർ ഒന്നും ചെയ്തില്ല. അമേരിക്കയിൽ സ്ത്രീയും പുരുഷനും എന്നീ രണ്ട് വിഭാഗങ്ങൾ മാത്രമേ ഉണ്ടാവൂ. ട്രാൻസ്ജെൻഡർ ഉണ്ടാവില്ല. ഇതിനുള്ള ഉത്തരവില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

Also Read: Donald Trump : ക്യാപിറ്റൽ മന്ദിരത്തിൽ റിപ്പബ്ലിക്കൻ കാറ്റ് വീശി; രാജകീയ തിരിച്ചുവരവിൽ യുഎസ് പ്രസിഡന്റായി അധികാരമേറ്റ് ഡൊണാൾഡ് ട്രംപ്‌

മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കി മാറ്റും. പാനമ കനാൽ പാനമയിൽ നിന്ന് തിരികെയെടുക്കാനുള്ള നടപടികൾ സ്വീകരിയ്ക്കും. കനാലുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കരാർ പാനമ ലംഘിച്ചു. അതുകൊണ്ട് തന്നെ ഈ സമ്മാനം തിരികെയെടുക്കും. കനാൽ നിയന്ത്രിക്കുന്നത് ചൈനയാണെന്ന തെറ്റായ വാദം ട്രംപ് ആവർത്തിക്കുകയും ചെയ്തു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരികെപിടിയ്ക്കും. നീതിയുടെ അളവുകോലുകള്‍ സന്തുലിതമാക്കും. അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരാനുള്ള ഉത്തരവിൽ ഒപ്പുവെയ്ക്കും. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് പിന്‍വലിയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഈ മാസം 20ന് ഇന്ത്യന്‍ സമയം രാത്രി 10.30ന് ശേഷമായിരുന്നു ട്രംപിൻ്റെ സത്യപ്രതിജ്ഞ. ക്യാപിറ്റോൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ യുഎസിന്റെ 47-ാം പ്രസിഡന്റായി ട്രംപ് അധികാരമേറ്റു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സ്ഥാനമൊഴിഞ്ഞ ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്നാണ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. ഡൊണാൾട് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, ജെഡി വാൻസ്, ഭാര്യ ഉഷ വാൻസ് തുടങ്ങിയവർ വൈറ്റ് ഹൗസിലെ ചായ സൽക്കാരത്തിൽ പങ്കെടുത്തു. ഇതിന് ശേഷമായിരുന്നു സത്യപ്രതിജ്ഞ.

ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങിയവരും ഇന്ത്യയിൽ നിന്ന് ചടങ്ങിൽ പങ്കെടുത്തു. ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബറാക്ക് ഒബാമ തുടങ്ങിയ മുൻ പ്രസിഡൻ്റുമാരും, ഹിലരി ക്ലിന്റണ്‍, ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ടിം കുക്ക്, സാം ആള്‍ട്ട്മാന്‍, സുന്ദര്‍ പിച്ചൈ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.