വേർപിരിയാൻ കഴിയില്ലെന്ന് ഭർത്താവ്; വിചാരണക്കിടെ കോടതിയിൽ നിന്നും ഭാര്യയെ എടുത്തുകൊണ്ട് ഓടി; ഒടുവിൽ കോടതി വിധിയെഴുതി
കേസിന്റെ വിചാരണ പുരോഗമിക്കവെ വികാരാധീനനായ ലീ, ചെന്നിനെ എടുത്തുയർത്തി കോടതിമുറിയിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്നതിനിടെ ഭാര്യയെ കോടതിയിൽ നിന്നും എടുത്തുകൊണ്ട് ഓടി ഭർത്താവ്. ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. ഭർത്താവ് ലീ-യിൽ നിന്നുമുണ്ടായ ഗാർഹിക പീഡനം ചൂണ്ടിക്കാട്ടിയാണ് ഭാര്യ ചെൻ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട കോടതി വിചാരണ പുരോഗമിക്കവേയാണ് സംഭവം നടന്നത്.
ഇരുപത് വർഷം മുൻപാണ് ലീയും ചെന്നും വിവാഹിതരാകുന്നത്. ഇവർക്ക് രണ്ട് ആൺ കുട്ടികളും ഒരു മകളുമുണ്ട്. മദ്യപിച്ച് കഴിഞ്ഞാൽ ലീ അക്രമാസക്തൻ ആകാറുണ്ടെന്ന് ചെൻ നൽകിയ പരാതിയിൽ പറയുന്നു. ദമ്പതിമാർ തമ്മിൽ വളരെ ആഴത്തിലുള്ള വൈകാരിക ബന്ധമുണ്ടെന്ന് മനസിലാക്കിയ കോടതി, ഇവർക്ക് വിവാഹമോചനം നല്കാനാകില്ലെന്ന നിലപാടായിരുന്നു ആദ്യം സ്വീകരിച്ചത്. ഇവർക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കുമെന്ന് കോടതി വിലയിരുത്തുകയും ചെയ്തു. അതെ സമയം, തനിക്ക് വിവാഹമോചനം വേണ്ടെന്ന നിലപാടിൽ തന്നെയായിരുന്നു ലീ.
എന്നാൽ, കോടതിയുടെ തീരുമാനത്തിൽ അതൃപ്ത്തി അറിയിച്ച ചെൻ, അപ്പീൽ നൽകി. തുടർന്ന് രണ്ടാമത് നടന്ന വിചാരണ പുരോഗമിക്കവെയാണ് കോടതിയിൽ സംഭവബഹുലമായ കാര്യങ്ങൾ അരങ്ങേറിയത്. കേസിന്റെ വിചാരണ നടക്കുന്നതിനിടയിൽ വികാരാധീനനായ ലീ, ചെന്നിനെ എടുത്തുയർത്തി കോടതിമുറിയിൽ നിന്നും പുറത്തേക്ക് ഓടി. ചെൻ അലറി കരയാൻ തുടങ്ങിയതോടെ കോടതി ജീവനക്കാർ പിന്നാലെ ഓടി ലീയെ പിടികൂടി. സംഭവത്തിൽ ലീ കോടതിക്ക് മാപ്പ് അപേക്ഷ സമർപ്പിച്ചു. ഒടുവിൽ, കോടതിയുടെ ഇടപെടലിനും ചർച്ചയ്ക്കും ശേഷം വിവാഹമോചനം വേണ്ടെന്ന തീരുമാനത്തിൽ ഇരുവരും എത്തിച്ചേർന്നതായാണ് വിവരം.