Hurricane Milton: അമേരിക്കന്‍ തീരംതൊട്ട് മില്‍ട്ടണ്‍; ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച് ചുഴലിക്കാറ്റ്
Hurricane Milton in Florida: ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ 125ലേറെ വീടുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. ആളുകളോട് വീടുകളില്‍ നിന്ന് ഗവര്‍ണര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്‌ളോറിഡയിലെ പ്രധാന നഗരമായ ടമ്പ ബേയിലുള്ള അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. ആറ് വിമാനത്താവളങ്ങള്‍ അടച്ചു.

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് (Spencer Platt/Getty Images)
ന്യൂയോര്‍ക്ക്: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് (Hurricane Milton) അമേരിക്കയില്‍ തീരംതൊട്ടു. ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരമായ സീസ്റ്റകീയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പ്രദേശത്ത് നിലവില്‍ കനത്ത മഴയും ശക്തമായ കാറ്റുമാണ്. 160 കിലോമീറ്റര്‍ വേഗതയിലാണ് മില്‍ട്ടണ്‍ തീരംതൊട്ടത്. കാറ്റഗറി 3 ചുഴലിക്കാറ്റായാണ് മില്‍ട്ടണ്‍ അമേരിക്കയിലെത്തിയത്. എന്നാല്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് കാറ്റഗറി 2 ലേക്ക് മാറുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ 125ലേറെ വീടുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. ആളുകളോട് വീടുകളില്‍ നിന്ന് ഗവര്‍ണര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്‌ളോറിഡയിലെ പ്രധാന നഗരമായ ടമ്പ ബേയിലുള്ള അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. നിലവില്‍ രണ്ടായിരത്തോളം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. പ്രദേശത്ത് വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
ഉഷ്ണമേഖലാ കൊടുങ്കാറ്റായ മില്‍ട്ടണ്‍ കരയിലേക്കെത്തിയപ്പോള്‍ വേഗത മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്നും 160 കിലോമീറ്ററിലേക്ക് കുറഞ്ഞു. ഫ്‌ളോറിഡയിലെത്തുമ്പോള്‍ മില്‍ട്ടന്റെ വേഗം കുറയുമെന്ന് അമേരിക്കയിലെ നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ നേരത്തെ പ്രവചിച്ചിരുന്നു. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ പ്രദേശത്ത് കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Also Read: Nobel Prize 2024: ഭൗതികശാസ്ത്ര നോബൽ പ്രഖ്യാപിച്ചു; പുരസ്കാരം ജോൺ ഹോപ്ഫീൽഡിനും ജെഫ്രി ഹിൻ്റണിനും
ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്. സെപ്റ്റംബര്‍ അവസാനത്തില്‍ നാശം വിതച്ചുകൊണ്ടെത്തിയ ഹെലന്‍ ചുഴലിക്കാറ്റിന്റെ ആഘാതം മാറും മുമ്പാണ് ഫ്‌ളോറിഡയെ തേടി മില്‍ട്ടണ്‍ എത്തിയത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്‌ളോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളിലാണ് ഹെലന്‍ വ്യാപക നാശം വിതച്ചത്. 230 ലേറെ ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. ഏതാണ്ട് 1287 കിലോമീറ്റർ ദൂരമാണ് ഹെലൻ ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നത്.