Blocked Fine Dubai : ബ്ലാക്ക് പോയിൻ്റ്സും പിഴയും; ദുബായിലും അബുദാബിയിലും ബ്ലോക്ക്ഡ് ഫൈൻ എങ്ങനെ അടയ്ക്കാം?
How To Settle Blocked Traffic Fines : ദുബായിലും അബുദാബിയിലും ബ്ലോക്ക്ഡ് ഫൈൻ അടയ്ക്കാൻ ചില രീതികളുണ്ട്. അബുദാബിയിൽ ഓൺലൈനായി പിഴ അടയ്ക്കാമെങ്കിൽ ദുബായിൽ ഓഫ്‌ലൈനായി മാത്രമേ പിഴയടയ്ക്കാനാവൂ. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം.
ദുബായിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക്ക് ലഭിക്കുന്ന പിഴ ശിക്ഷ അടയ്ക്കുന്നത് അല്പം ബുദ്ധിമുട്ടാണ്. ഇതിൽ തന്നെ ബ്ലോക്ക്ഡ്, അല്ലെങ്കിൽ ലോക്ക്ഡ് ഫൈൻ വളരെ ആശയക്കുഴപ്പമുണ്ടാക്കും. പണപ്പിഴയ്ക്കൊപ്പം ബ്ലാക്ക് പോയിൻ്റ്സും ഇത്തരം നിയമലംഘനങ്ങൾക്ക് ലഭിക്കും. നിയമലംഘനത്തിൻ്റെ ഗൗരവമനുസരിച്ചാവും പിഴത്തുക കണക്കാക്കുന്നത്.
ഓവർസ്പീഡിനാണ് ബ്ലോക്ക്ഡ് ഫൈൻ ലഭിക്കുകയെങ്കിൽ 500 ദിർഹമാവും പിഴ. മദ്യപിച്ച് വാഹനമോടിച്ചാൽ പിഴത്തുക 2000 ദിർഹമാവും. ഓൺലൈനായാണ് പലരും ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നത്. എന്നാൽ, ഇത്തരം ബ്ലോക്ക്ഡ് ഫൈനുകൾ ഓൺലൈനായി അടയ്ക്കാനാവില്ല. പിന്നെ എങ്ങനെയാണ് ഈ പിഴ അടയ്ക്കാനാവുക?
ദുബായിൽ ബ്ലോക്ക്ഡ് ഫൈൻ അടയ്ക്കാൻ ആദ്യം വാഹനമോടിച്ചയാൾ ഇമെയിൽ വഴി ട്രാഫിക് വിഭാഗത്തെ ബന്ധപ്പെടണം. ps-t@dubaipolice.gov.ae എന്നതാണ് മെയിൽ ഐഡി. അല്ലെങ്കിൽ ട്രാഫിക് വിഭാഗത്തിൻ്റെ ഓഫീസുകളും സന്ദർശിക്കാം. പിന്നീട് എമിറേറ്റ്സ് ഐഡിയും ഡ്രൈവിങ് ലൈസൻസുമായി പോലീസ് സ്റ്റേഷനിലെത്തണം. പോലീസ് സ്റ്റേഷനിൽ വച്ച് ബ്ലാക്ക് പോയിൻ്റ്സ് ഏതൊക്കെയെന്നറിഞ്ഞ് പിഴ അടയ്ക്കാം.
Also Read : Dubai : വേണ്ടത്ര ഗുണനിലവാരമില്ല; ദുബായിൽ മൂന്ന് സ്കൂളുകൾ പൂട്ടി
നേരത്തെ, അബുദാബിയിൽ ഇത്തരം ഫൈനുകൾ ഓൺലൈനായി അടയ്ക്കാൻ കഴിയില്ലായിരുന്നു. ഇപ്പോൾ ബ്ലോക്ക്ഡ് ഫൈനും ഓൺലൈനായി അടയ്ക്കാം. പോലീസ് സ്റ്റേഷനിൽ ചെന്നും അബുദാബിയിൽ ബ്ലോക്ക്ഡ് ഫൈൻ അടയ്ക്കാൻ കഴിയും.
അബുദാബിയിൽ ഓൺലൈനായി പിഴയടയ്ക്കാൻ ആദ്യം TAMM മൊബൈൽ ആപ്പ് തുറക്കണം. തുടർന്ന് ഡ്യൂ പേയ്മെൻ്റ് ഓപ്ഷനെടുത്ത് അവിടെനിന്ന് ഓൺലൈനായി പിഴയടയ്ക്കാം. ബ്ലാക്ക്പോയിൻ്റുകൾ ലൈസൻസിലേക്ക് മാറ്റിയാലേ പിഴയടയ്ക്കാനാവൂ. ട്രാൻസ്ഫർ ടു മൈ ലൈസൻസ്, ട്രാൻസ്ഫർ ഫ്രം അനദർ ട്രാഫിക് പ്രൊഫൈൽ തുടങ്ങി ബ്ലാക്ക് പോയിൻ്റ്സ് മാറ്റാൻ വിവിധ ഓപ്ഷനുകൾ ആപ്പിലുണ്ട്. പിഴയടക്കാൻ മൊബൈൽ നമ്പരിലേക്ക് വരുന്ന ഒടിപിയും ആവശ്യമാണ്.