Justin Trudeau: ട്രൂഡോയുടെ പടിയിറക്കം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമോ? കാനഡയുടെ കൈപിടിച്ച് ട്രംപ്
Justin Trudeau Resignation and Indian Students: കാനഡയിലേക്ക് എത്തിയിരുന്ന വിദേശ വിദ്യാര്‍ഥികളില്‍ മുന്‍പന്തിയിലുണ്ടായിരുന്നതും ഇന്ത്യക്കാര്‍ തന്നെയായിരുന്നു. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്റ് ഡെവലപ്പ്‌മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കാനഡയിലെ വിദേശ വിദ്യാര്‍ഥികളുടെ 40 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്.
ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചിരിക്കുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ നീണ്ട അധികാരത്തിന് ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാത്രമല്ല, ലിബറല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥനത്ത് നിന്ന് കൂടി ട്രൂഡോ പിന്മാറി. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ അധികാരത്തില്‍ തുടരുമെന്നാണ് ട്രൂഡോ അറിയിച്ചിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ട്രൂഡോ രാജി സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനിടയില്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടായിരുന്നതും ട്രൂഡോയുടെ പ്രതിച്ഛായക്ക് കോട്ടം സൃഷ്ടിച്ചു. ഇന്ത്യ-കാനഡ നയതന്ത്രത്തിലെ വിള്ളല്‍, ട്രംപിന്റെ കടന്നുവരവ്, ഗവര്‍ണര്‍ വിഷയം, പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ്, മന്ത്രിമാരുടെ രാജി, എംപിമാരുടെ അതൃപ്തി, കുടിയേറ്റ നിയന്ത്രണങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ട്രൂഡോയുടെ ജനപ്രീതി നഷ്ടപ്പെടുന്നതിന് വഴിവെച്ചിട്ടുണ്ട്.
എന്നാല്‍ ട്രൂഡോ തല്‍സ്ഥാനത്ത് നിന്ന് സ്വമേധയ ഇറങ്ങിപ്പോയത് ഇന്ത്യക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ഗുണം ചെയ്യുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. കനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ വാദി ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും കാനഡയും അകലുന്നത്. ഇന്ത്യക്കെതിരെ ട്രൂഡോ കടുത്ത ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇന്ത്യ തള്ളിക്കളഞ്ഞു.
ഇതിനിടെ ഖലിസ്ഥാനോട് അനുഭാവമുള്ള ജഗ്മീത് സിങിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണ ട്രൂഡോയ്ക്ക് നഷ്ടമാകുകയും ചെയ്തു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതോടെ ട്രൂഡോയുടെ ജനപിന്തുണയില്‍ ഇടിവ് സംഭവിച്ചു.
കാനഡയിലേക്ക് എത്തിയിരുന്ന വിദേശ വിദ്യാര്‍ഥികളില്‍ മുന്‍പന്തിയിലുണ്ടായിരുന്നതും ഇന്ത്യക്കാര്‍ തന്നെയായിരുന്നു. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്റ് ഡെവലപ്പ്‌മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കാനഡയിലെ വിദേശ വിദ്യാര്‍ഥികളുടെ 40 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്.
എന്നാല്‍ ഇന്ത്യ-കാനഡ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് കാനഡ അവസാനിപ്പിച്ചു. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം അടിയന്തരമായി അവസാനിപ്പിക്കുന്നതായാണ് ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അറിയിച്ചത്. വിദ്യാര്‍ഥികളുടെ രേഖകള്‍ വളരെ വേഗത്തില്‍ തന്നെ പരിശോധന നടത്താനും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന പദ്ധതിക്കാണ് ഇതോടെ കാനഡ വിരാമമിട്ടത്.
2018ലാണ് കാനഡ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ തുടര്‍വിദ്യാഭ്യാസം നേടുന്നതിന് കാലതാമസം വരാതിരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു കാനഡയുടെ നീക്കം.
Also Read: Justin Trudeau: 10 വർഷത്തെ ഭരണത്തിന് അവസാനം; കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു
ഈ പദ്ധതി നിര്‍ത്താലക്കിയതോടെ സാധാരണ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ മാത്രമാണ് രാജ്യം സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ദൈര്‍ഘ്യമേറിയ വിസ നടപടിക്രമങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വരുന്നത്.
എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കാനഡ രംഗത്തെത്തിയിരുന്നു. സ്റ്റഡി പെര്‍മിറ്റ്, വിസ, മറ്റ് വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയ വീണ്ടും സമര്‍പ്പിക്കാനായിരുന്നു കാനഡയുടെ നിര്‍ദേശം. 4.2 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഇത് ആശങ്കയിലാഴ്ത്തിയത്.
എന്നാല്‍ ഇത്തരം നടപടികള്‍ക്കെല്ലാം പിന്നാലെ ട്രൂഡോ രാജിവെച്ചത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധം ട്രൂഡോയുടെ ജനസമിതി കുറച്ചതിനാല്‍ തന്നെ അടുത്തതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രി ഇക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം, ട്രൂഡോയുടെ പടിയിറക്കത്തിന് പിന്നാലെ കാനഡയെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നിര്‍ദേശം വീണ്ടും മുന്നോട്ടുവെച്ചിരിക്കുകയാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയെ 51മത് സംസ്ഥാനമാക്കാം, നികുതി കുടിശിക ഒഴിവാക്കാം തുടങ്ങി. വാഗ്ദാനങ്ങള്‍ക്ക് പുറമെ റഷ്യ, ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാമെന്നും ട്രംപ് പറയുന്നുണ്ട്.
ട്രംപ് അധികാരത്തിലേക്ക് എത്തുന്നതിന് മുമ്പ് ട്രൂഡോ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ട്രംപിനെ കാനഡയുടെ ഗവര്‍ണര്‍ എന്ന് ട്രൂഡോ വിശേഷിപ്പിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചു. മാത്രമല്ല, കാനഡയില്‍ നിന്ന് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും ലഹരിക്കടത്തും അവസാനിപ്പിച്ചില്ലെങ്കില്‍ കാനഡയ്ക്ക് മേല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.