HMPV Case in China: എച്ച്എംപിവി രോഗബാധ കുറയുന്നതായി ചൈന; വിശദീകരണം

China's Explanation Over HMPV Outbreak: ചൈനയിലെ പനി ക്ലിനിക്കുകളിലും അടിയന്തര വിഭാഗങ്ങളും രോഗികള്‍ കൂടിയിട്ടുണ്ടെങ്കിലും അത് കഴിഞ്ഞ വര്‍ഷത്തെ കണക്കുകളേക്കാള്‍ കുറവാണെന്നും ആരോഗ്യ കമ്മീഷന്റെ മെഡിക്കല്‍ അടിയന്തര പ്രതികരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഗാവോ സിന്‍ക്വിയാങ് പറഞ്ഞു. രാജ്യത്ത് മെഡിക്കല്‍ വിഭവങ്ങളുടെ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

HMPV Case in China: എച്ച്എംപിവി രോഗബാധ കുറയുന്നതായി ചൈന; വിശദീകരണം

എച്ച്എംപിവി ഐസൊലേഷന്‍ വാര്‍ഡ്‌

Published: 

12 Jan 2025 23:25 PM

ബെയ്ജിങ്: ചൈനയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) രോഗബാധയുടെ നിരക്ക് കുറഞ്ഞു. ലോകത്തെ ആശങ്കയിലാഴ്ത്തികൊണ്ട് ഉയര്‍ന്നുവന്ന രോഗബാധയില്‍ വിശദീകരണവുമായി ചൈന. ഉത്തര ചൈനയില്‍ എച്ച്എംപിവി രോഗബാധ നിരക്ക് കുറയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രാജ്യത്ത് മെഡിക്കല്‍ വിഭാഗങ്ങളുടെ ക്ഷാമമില്ലെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.

എച്ച്എംപിവി ഒരു പുതിയ വൈറസല്ല. ഒരുപാട് നാളുകളായി മനുഷ്യരിലുള്ള അസുഖമാണ്. 2001ല്‍ നെതര്‍ലന്‍ഡ്‌സിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. ഇപ്പോള്‍ ഈ വൈറസിന്റെ കേസുകളുടെ എണ്ണം വര്‍ധിക്കാനിടയായത് മികച്ച പരിശോധനാ രീതികള്‍ കൊണ്ടാണ്. ചൈനയിലെ ഉത്തര പ്രവിശ്യയില്‍ രോഗബാധയുടെ എണ്ണം കുറയുകയാണ്. 14 വയസിന് താഴെയുള്ള കുട്ടികളില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞുവെന്നും ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഗവേഷക വാങ് ലിപ്പിങ് പറഞ്ഞു.

ചൈനക്കാരെ ഇപ്പോള്‍ ബാധിക്കുന്ന ശ്വാസകോശ രോഗങ്ങള്‍ നേരത്തെയുള്ള അണുക്കള്‍ മൂലം ഉണ്ടാകുന്നതാണ്. പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയിലെ പനി ക്ലിനിക്കുകളിലും അടിയന്തര വിഭാഗങ്ങളും രോഗികള്‍ കൂടിയിട്ടുണ്ടെങ്കിലും അത് കഴിഞ്ഞ വര്‍ഷത്തെ കണക്കുകളേക്കാള്‍ കുറവാണെന്നും ആരോഗ്യ കമ്മീഷന്റെ മെഡിക്കല്‍ അടിയന്തര പ്രതികരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഗാവോ സിന്‍ക്വിയാങ് പറഞ്ഞു. രാജ്യത്ത് മെഡിക്കല്‍ വിഭവങ്ങളുടെ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര ചൈനയില്‍ രോഗം പടര്‍ന്നുപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലോകമൊട്ടാകെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ചൈനയിലോ ലോകത്തിന്റെ മറ്റുഭാഗങ്ങളിലോ അസാധാരണായി രോഗങ്ങള്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്.

Also Read: Human Metapneumovirus: കരുതലോടെ കീഴടക്കാം; എച്ച്എംപിവി പകരുന്നതെങ്ങനെ? പ്രതിരോധമെന്ത്?

ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് എച്ച്എംപിവിയെന്നും ഭൂരിഭാഗം ആളുകളിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ചൈനയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

സീസണല്‍ ഇന്‍ഫ്‌ളുവന്‍സ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, മൈകോപ്ലാസ്മ ന്യൂമോണിയ തുടങ്ങിയവ സ്ഥിരം ശൈത്യകാല രോഗങ്ങളാണ്. ഇവ അത്രകണ്ട് അപകടകാരികളല്ല. അപൂര്‍വം ചില കേസുകളില്‍ മാത്രമാണ് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിലേക്ക് ഈ അസുഖങ്ങള്‍ എത്തുന്നത്.

എന്നാല്‍, ഇത്തവണ അത്തരം സംഭവങ്ങള്‍ ആഗോളതലത്തില്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൂടാതെ, ചൈനയില്‍ എച്ച്എംപിവി വ്യാപകമായി പടരുന്നുവെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നുമുള്ള സമൂഹമാധ്യമ റിപ്പോര്‍ട്ടുകളും ലോകാരോഗ്യ സംഘടന തള്ളിയിരുന്നു. ചൈനയിലെ ആരോഗ്യപ്രവര്‍ത്തകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് സംഘടന അറിയിച്ചു.

വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ