Hezbollah: യുദ്ധം കനക്കും, ഇസ്രായേലിന് തിരിച്ചടി നല്‍കും; മുന്നറിയിപ്പ് നല്‍കി ഹിസ്ബുള്ള
Hezbollah-Israel Conflict: കഴിഞ്ഞ ദിവസം ഹിസ്ബുള്ള ശക്തി കേന്ദ്രങ്ങളില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. എത്ര വാക്കി ടോക്കികളാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. ബെയ്റൂട്ട്, ബെക്കാ വാലി, ദക്ഷിണ ലെബനന്‍ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ജറുസലേം: ഇസ്രായേലിന് നേരെ യുദ്ധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഹിസ്ബുള്ള (Hezbollah). ലെബനനിലെ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ വയര്‍ലെസ് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ള രംഗത്തെത്തിയത്. പേജര്‍ കൂട്ടക്കൊലയ്ക്ക് ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്നും ഹമാസിന് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും ഹിസ്ബുള്ള പ്രഖ്യാപിച്ചു. ഇപ്പോള്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹിസ്ബുള്ള ശക്തി കേന്ദ്രങ്ങളില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. എത്ര വാക്കി ടോക്കികളാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. ബെയ്റൂട്ട്, ബെക്കാ വാലി, ദക്ഷിണ ലെബനന്‍ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌ഫോടനം നടന്നത് ഹിസ്ബുള്ള നേതാക്കളുടെ സംസ്‌കാര ചടങ്ങിനിടെയാണെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.
ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. 2,800 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. പൊട്ടിത്തെറിയില്‍ ലെബനനിലെ ഇസ്രായേല്‍ സ്ഥാനപതി മുജ്തബ അമാനിക്കും പരിക്കേറ്റിട്ടുണ്ടെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്റെ തെക്ക്-കിഴക്ക് പ്രദേശങ്ങള്‍, ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള പ്രാന്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒരേസമയം സ്ഫോടനം നടന്നിട്ടുണ്ടെന്നാണ് വിവരം. ഹിസ്ബുള്ളയുടെ ആശയവിനിമയ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഹിസ്ബുള്ള എംപിമാരായ അലി അമ്മാര്‍, ഹസ്സന്‍ ഹദ്‌ലുള്ള എന്നിവരുടെ ആണ്മക്കളും, ഒരു ഹിസ്ബുള്ള പ്രവര്‍ത്തകന്റെ പത്തുവയസുകാരി മകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഗ്രൂപ്പിലെ അംഗങ്ങള്‍ സെല്‍ഫോണുകള്‍ കൈവശം വെക്കരുതെന്ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുല്ല നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിസ്ബുള്ള അംഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതിനിടെ ആയിരുന്നു ഇത്. ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് പ്രദേശത്ത് തുടരെ തുടരെ ആക്രമണങ്ങള്‍ നടന്നത്.
അതേസമയം, മധ്യപൂര്‍വദേശത്തെ പൂര്‍ണയുദ്ധത്തിലേക്ക് കൊണ്ടുപോകാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ജോര്‍ദാന്‍ ആരോപിച്ചു. ഇസ്രായേലിന്റെ നടപടി യുദ്ധം കടുപ്പിക്കുമെന്ന് റഷ്യയും ചൂണ്ടിക്കാട്ടുന്നുണ്ട്. ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള ആക്രമണം കടുപ്പിച്ച് യുദ്ധത്തിലേക്ക് നീങ്ങുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ചൊവ്വാഴ്ച ഉച്ച മുതലായിരുന്നു ഉടമസ്ഥരുടെ കൈവശമിരിക്കെ പേജറുകള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരിലും കൊല്ലപ്പെട്ടവരിലുമുള്ള ഭൂരിഭാഗം ആളുകള്‍ ഹിസ്ബുള്ള പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ കൊണ്ട് ബെയ്‌റൂട്ടിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ഭൂരിഭാഗം ആളുകള്‍ക്കും കണ്ണിന് സാരമായി പരിക്കേറ്റതായും കൈകള്‍ അറ്റുപോയതായും ലെബനന്‍ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് വ്യക്തമാക്കി.
മുഖത്ത് പരിക്കേറ്റവരുടെയും വിരലുകള്‍ അറ്റുപോയവരുടെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റവര്‍ക്കുള്ള മരുന്നുകളുമായി ഇറാഖ് സൈനിക വിമാനം ബെയ്‌റൂട്ടിലെത്തിയിട്ടുണ്ട്. തുര്‍ക്കി, ഇറാന്‍, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളും ലെബനന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, സ്‌ഫോടന പരമ്പരയ്ക്ക് കാരണമായ പേജറുകളെ നിര്‍മിച്ച ഹംഗറി കമ്പനിയായ ബിഎസ് കണ്‍സെല്‍റ്റിങ് കെഎഫ്ടിയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. ആള്‍താമസമുള്ള മേഖലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തില്‍ എ4 ഷീറ്റ് വലുപ്പത്തിലുള്ള ഗ്ലാസ് വാതിലിന് മുകളിലാണ് സ്ഥാപനത്തിന്റെ പേരെഴുതിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് നിരവധി കമ്പനികളുടെ ആസ്ഥാനമാണെന്നാണ് ഇവിടെയുള്ള ഒരു സ്ത്രീ വ്യക്തമാക്കിയത്. ബിഎസി കണ്‍സല്‍റ്റിങ് കെഎഫ്ടിയുടെ ആളുകള്‍ ഒരിക്കല്‍ പോലും അവിടേക്ക് വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്റ്റിയാനോ റൊസാരിയോ ബാര്‍സനി അര്‍സീഡിയാകോനോ എന്ന സ്ത്രീയാണ് കമ്പനിയുടെ സിഇഒ എന്നാണ് വിവരം. യൂനെസ്‌കോ, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍, ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി എന്നിവിടങ്ങളില്‍ ഇവര്‍ ജോലി ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണ ഖനനം, കമ്പ്യൂട്ടര്‍ ഗെയിം നിര്‍മാണം തുടങ്ങിയ ബിസിനസുകളാണ് ഇവര്‍ നടത്തുന്നതെന്നാണ് വിവരം.