Hezbollah against Israel: ‘സർപ്രൈസിന് തയ്യറായിക്കോളൂ’; ഇസ്രയേലിനെതിരെ വെല്ലുവിളിയുമായി ഹിസ്ബുള്ള
ലെബനന്‍ വിമോചനത്തിൻ്റെ 25-ാം വാര്‍ഷികത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹസന്‍ നസ്‌റുള്ള ഇക്കാര്യം പറഞ്ഞത്.
ടെഹ്‌റാന്‍: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെതിരേ വെല്ലുവിളിച്ച് ഹിസ്ബുള്ള. ഇസ്രയേല്‍ ഹിസ്ബുള്ളയുടെ സര്‍പ്രൈസിനായി തയ്യറായിരുന്നോളാനാണ് ഗ്രൂപ്പ് സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുള്ള ടെലിവിഷന്‍ സന്ദേശത്തിലൂടെ അറിയിച്ചത്.
ലെബനന്‍ വിമോചനത്തിൻ്റെ 25-ാം വാര്‍ഷികത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹസന്‍ നസ്‌റുള്ള ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതലാണ് ഇസ്രയേല്‍ ഗാസയില്‍ സൈനിക നടപടി ആരംഭിച്ചത്. എന്നാല്‍ ഗാസയ്‌ക്കെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്‌റുള്ള വ്യക്തമാക്കി.
അതിനിടെ ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ടു. സഫ്താവി ഭാഗത്തെ അല്‍ നസ്ല സ്‌കൂളിലാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണം നടത്തിയത് അഭയാര്‍ത്ഥികള്‍ക്ക് വെള്ളം എത്തിച്ച് നല്‍കിയിരുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു.
സംഭവത്തില്‍ അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ പത്തുപേരാണ് കൊല്ലപ്പെട്ടത്. 17 പേര്‍ക്ക് പേരിക്കേല്‍ക്കുകയും ചെയ്തു. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നിരവധി കുട്ടികളാണ് ആക്രമണത്തിനിരയായത്. വടക്കന്‍ ഗസയിലെ ആരോഗ്യ സംവിധാനം പൂര്‍ണമായും തകര്‍ന്നതിനാലും ഇന്ധനക്ഷാമം നിലനില്‍ക്കുന്നതുകൊണ്ടും സംഭവസ്ഥലത്തേക്ക് ആംബുലന്‍സിന് വരാന്‍ കഴിയാത്തതും പരിക്കറ്റവരെ ആശുപത്രിയിലെത്തിക്കുന്നതില്‍ വലിയ വെല്ലുവിളിയായി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പേര്‍ കൂടി ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഗസ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 35,903 ആയി, 80,420 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, റഫയില്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി അറിയിച്ചിരുന്നു. ഗസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ ഹർജിയിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. രണ്ടിനെതിരെ 13 ജഡ്ജിമാര്‍ റഫയിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന വിധിയെ പിന്തുണച്ചു. ഗസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.