Hezbollah: പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയം; ലെബനനില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കുന്നു
People Abandoning Mobile Phones in Lebanon: ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്‌റല്ല ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. ലെബനനിലെ മുഴുവന്‍ ജനങ്ങള്‍ക്കുമെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണ് ഇസ്രായേലില്‍ നടത്തുന്ന ഭീകരാക്രമണമെന്ന് ഹസ്സന്‍ നസ്‌റല്ല പറഞ്ഞു.
ബെയ്‌റൂട്ട്: ഹിസ്ബുള്ളയെ (Hezbollah) ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ പേജര്‍, വോക്കി ടോക്കി ആക്രമണങ്ങള്‍ക്ക് പിന്നാലെ പരിഭ്രാന്തരായി ബെയ്‌റൂട്ടിലെ ജനങ്ങള്‍. ആക്രമണങ്ങള്‍ക്ക് പിന്നാലെ ആളുകള്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വിമാനങ്ങളില്‍ പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നതിന് ലെബനന്‍ വ്യോമയാന വകുപ്പ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലെബനന്‍ സായുധസേനയുടെ കൈവശമുള്ള വയര്‍ലെസ് സെറ്റുകള്‍ നശിപ്പിക്കാനും ആരംഭിച്ചു.
അതേസമയം, ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്‌റല്ല ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. ലെബനനിലെ മുഴുവന്‍ ജനങ്ങള്‍ക്കുമെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണ് ഇസ്രായേലില്‍ നടത്തുന്ന ഭീകരാക്രമണമെന്ന് ഹസ്സന്‍ നസ്‌റല്ല പറഞ്ഞു.
ഇസ്രായേല്‍ എല്ലാ രേഖകളും ലംഘിച്ചു. ഹിസ്ബുള്ളയ്ക്ക് വലിയ രീതിയിലുള്ള പ്രഹരമാണ് ഈ രണ്ട് ആക്രമണങ്ങളും നല്‍കിയത്. ജനങ്ങളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുകയാണ് ഇസ്രായേല്‍. ഇസ്രായേല്‍ നടത്തുന്ന ക്രൂരതകളെ ശക്തമായി തന്നെ പ്രതിരോധിക്കും. ബെഞ്ചമിന്‍ നെതന്യാഹുവും യോവ് ഗാലന്റും ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നിറവേറാന്‍ പോകുന്നില്ല. ഫലസ്തീനില്‍ നിന്ന് യുദ്ധം അവസാനിപ്പിച്ച് പോവുക എന്നത് മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള വഴി. ഫലസ്തീന് നല്‍കി കൊണ്ടിരിക്കുന്ന പിന്തുണ ഇനിയും തുടരുമെന്നും ടെലിവിഷനിലൂടെ നസ്‌റല്ല പറഞ്ഞു.
അതേസമയം, വോക്കി ടോക്കിയില്‍ ബോംബ് സ്ഥാപിക്കാന്‍ നിര്‍മാണ സമയത്ത് സാധിക്കില്ലെന്ന് ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉത്പാദക കമ്പനിയായ ഐകോം പ്രസ്താവനയിറക്കി. ഓട്ടോമാറ്റിക് സംവിധാനത്തിലാണ് നിര്‍മാണം. അതിനാല്‍ തന്നെ ഇതിനിടെ ബോംബ് വെക്കാന്‍ സാധിക്കില്ലെന്നാണ് ഐകോം ഡയറക്ടര്‍ യോഷികി ഇനാമോട്ടോ പറഞ്ഞത്. ലെബനനില്‍ പൊട്ടിത്തെറിച്ച മോഡലിന്റെ ഉത്പാദനം വളരെ നേരത്തെ നിര്‍ത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പേജറുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചതായി ബള്‍ഗേറിയ അറിയിച്ചു. സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് അന്വേഷണം. ഈ കമ്പനിയാണ് ലെബനനില്‍ പേജറുകള്‍ ലഭ്യമാക്കിയതെന്നാണ് ബള്‍ഗേറിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. പേജറുകള്‍ ഉത്പാദിപ്പിച്ചത് ബുഡാപെസ്റ്റ് ആസ്ഥാനമായ ബാങ്ക് കണ്‍സല്‍റ്റിങ് ആണെന്നാണ് വിവരം. ഈ പേജറുകള്‍ വില്‍പന നടത്തിയത് നോര്‍ട്ടയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഇസ്രായേലിന് നേരെ യുദ്ധം കടുപ്പിക്കുമെന്ന് ഹിസ്ബുള്ള നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലെബനനിലെ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് ഇസ്രായേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ള രംഗത്തെത്തിയത്. പേജര്‍ കൂട്ടക്കൊലയ്ക്ക് ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്നും ഹമാസിന് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ലെബനനില്‍ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരേക്കും ഇസ്രായേല്‍ ഏറ്റെടുത്തിട്ടില്ല. പേജര്‍, വാക്കി ടോക്കി ആക്രമണങ്ങളിലായി 37 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. മൂവായിരത്തിന് മുകളില്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ഗ്രൂപ്പിലെ അംഗങ്ങള്‍ സെല്‍ഫോണുകള്‍ കൈവശം വെക്കരുതെന്ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ല നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിസ്ബുള്ള അംഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതിനിടെ ആയിരുന്നു ഇത്. ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് പ്രദേശത്ത് തുടരെ തുടരെ ആക്രമണങ്ങള്‍ നടന്നത്.
അതേസമയം, സ്ഫോടനങ്ങളില്‍ പരിക്കേറ്റവരിലും കൊല്ലപ്പെട്ടവരിലുമുള്ള ഭൂരിഭാഗം ആളുകള്‍ ഹിസ്ബുള്ള പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ കൊണ്ട് ബെയ്റൂട്ടിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ഭൂരിഭാഗം ആളുകള്‍ക്കും കണ്ണിന് സാരമായി പരിക്കേറ്റതായും കൈകള്‍ അറ്റുപോയതായും ലെബനന്‍ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് വ്യക്തമാക്കി.
മുഖത്ത് പരിക്കേറ്റവരുടെയും വിരലുകള്‍ അറ്റുപോയവരുടെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റവര്‍ക്കുള്ള മരുന്നുകളുമായി ഇറാഖ് സൈനിക വിമാനം ബെയ്റൂട്ടിലെത്തിയിട്ടുണ്ട്. തുര്‍ക്കി, ഇറാന്‍, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളും ലെബനന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, മധ്യപൂര്‍വദേശത്തെ പൂര്‍ണയുദ്ധത്തിലേക്ക് കൊണ്ടുപോകാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ജോര്‍ദാന്‍ ആരോപിച്ചു. ഇസ്രായേലിന്റെ നടപടി യുദ്ധം കടുപ്പിക്കുമെന്ന് റഷ്യയും ചൂണ്ടിക്കാട്ടുന്നുണ്ട്. ഹിസ്ബുള്ളയ്ക്കെതിരെയുള്ള ആക്രമണം കടുപ്പിച്ച് യുദ്ധത്തിലേക്ക് നീങ്ങുന്നതിനെതിരെ ഇസ്രായേലിന് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും രംഗത്തെത്തിയിരുന്നു.