Israel-Hezbollah Conflict: വെളിപ്പെടുത്തല്‍ പണിപറ്റിച്ചു; ഇസ്രായേലിലേക്ക് കൂട്ടത്തോടെ റോക്കറ്റുകള്‍ അയച്ച് ഹിസ്ബുള്ള
Hezbollah Fires Rockets Towards Northern Israel: ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ ഇസ്രായേലില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം. ആളുകള്‍ക്ക് പരിക്കേറ്റതിന് പുറമേ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്.
ടെല്‍അവീവ്: ബെയ്‌റൂത്തില്‍ നടന്ന പേജര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേല്‍ ആണെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആക്രമണം ശക്തമാക്കി ഹിസ്ബുള്ള. വടക്കന്‍ ഇസ്രായേലിലേക്ക് 165 ഓളം റോക്കറ്റുകള്‍ ഹിസ്ബുള്ള വിക്ഷേപിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ട് ഘട്ടമായാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ഏഴ് വയസുകാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ഹിസ്ബുള്ള ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് എക്‌സില്‍ പങ്കുവെച്ചു. വടക്കന്‍ ഇസ്രായേല്‍ ആക്രമണത്തിനിരയായെന്നും തങ്ങളുടെ ജനങ്ങളെ ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതെന്ന് തുടരുമെന്നും പോസ്റ്റിലൂടെ ഐഡിഎഫ് പറയുന്നു.
50 ഓളം റോക്കറ്റുകളെ ഇസ്രായേലിന്റെ എയര്‍ ഡിഫന്‍സ് സംവിധാനമായ അയണ്‍ ഡോം തടുത്തതായാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ഗലീലിയില്‍ നിന്നാണ് ഹിസ്ബുള്ള റോക്കറ്റുകള്‍ തൊടുത്തുവിട്ടത്. അവയില്‍ ഭൂരിഭാഗവും തടുക്കാന്‍ സാധിച്ചു. എന്നാല്‍ ചിലത് കര്‍മിയലിനും സമീപ പ്രദേശങ്ങളിലും പതിച്ചതായി ഐഡിഎഫ് പറഞ്ഞു.
Also Read: Israel-Hezbollah Conflict: ലെബനനില്‍ വെടിനിര്‍ത്തല്‍ നീക്കം; റഷ്യയുടെ പിന്തുണ തേടി ഇസ്രായേല്‍
ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ ഇസ്രായേലില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം. ആളുകള്‍ക്ക് പരിക്കേറ്റതിന് പുറമേ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്.
ബെയ്‌റൂത്തില്‍ ഹിസ്ബുള്ളയ്ക്ക് നേരെയുണ്ടായ വാക്കി ടോക്കി, പേജര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന് നെതന്യാഹു കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. എന്നാല്‍ ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. ആയിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 40 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 3,000ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
#Northern_Israel_Is_Under_Attack
We will continue to defend our civilians against Hezbollah’s aggression. pic.twitter.com/0fd0Wq6pxa
— Israel Defense Forces (@IDF) November 11, 2024
മുതിര്‍ന്ന നേതാക്കളുടെയും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് പേജര്‍ ആക്രമണം നടത്തിയതും ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവിനെ കൊലപ്പെടുത്തിയതെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 ഒക്‌ബോര്‍ 7ന് ആരംഭിച്ച ഹിസ്ബുള്ള റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് വടക്കന്‍ ഇസ്രായേലില്‍ നിന്ന് കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് ഇസ്രായേലികളുടെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് നെതന്യാഹു പറഞ്ഞിരുന്നു.
അതേസമയം, ഏറെ നാളുകളായി തുടരുന്ന ആക്രമണം ലെബനനില്‍ നിന്ന് ഏകദേശം ദശലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപാര്‍പ്പിക്കാന്‍ കാരണമായത്. കൂടാതെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 3,189 തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള നേരത്തെ നടത്തിയ ആക്രമണങ്ങളില്‍ സൈനികരും പ്രദേശവാസികളും ഉള്‍പ്പെടെ നൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
അതിനിടെ, ലെബനനില്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങുന്നത്. വെടിനിര്‍ത്തലിന് പിന്തുണ തേടി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു. ഇസ്രായേല്‍ സ്ട്രാറ്റജിക് വകുപ്പ് മന്ത്രിയായ റോണ്‍ ഡെര്‍മര്‍ ആണ് റഷ്യയില്‍ സന്ദര്‍ശനം നടത്തിയത്.
എന്നാല്‍, ഇസ്രായേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ നേതാവ് നയിം ഖാസിം നേരത്തെ പറഞ്ഞിരുന്നു. വെടിനിര്‍ത്തലിന് വേണ്ടി ഇസ്രായേലിനോട് യാചിക്കില്ലെന്നും വെടിനിര്‍ത്തലിനായി ഇസ്രായേല്‍ മുന്നോട്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഹിസ്ബുള്ളയുടെ നേതാവായി ചുമതലയേറ്റെടുത്തതിന് ശേഷം അജ്ഞാത കേന്ദ്രത്തില്‍ നിന്നും നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു ഖാസിമിന്റെ പ്രഖ്യാപനം.
പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം. ഹിസ്ബുള്ളയ്ക്ക് അംഗീകരിക്കാവുന്ന വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ തന്നെ മുന്നോട്ട് വെക്കുന്നത് മാത്രമാണ് ഒരേയൊരു മാര്‍ഗം. ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റല്ലയുടെ സൈനിക സമീപനം തന്നെയായിരിക്കും പിന്തുടരുകയെന്നും ഖാസിം വ്യക്തമാക്കി.