Hezbollah Drone Attack: ഇസ്രയേൽ സൈനിക ക്യാമ്പിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം; 4 സൈനികർ കൊല്ലപ്പെട്ടു
Hezbollah Drone Attack On Israel: ടെൽ അവീവിന് വടക്കുള്ള ബിൻയാമിന പട്ടണത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ ഏഴ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഐഡിഎഫ് പറയുന്നു.
ടെൽ അവീവ്: വടക്കൻ ഇസ്രയേലിലെ സൈനിക ക്യാമ്പിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം. വ്യോമാക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. സംഭവത്തിൽ 61-പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ടെൽ അവീവിന് വടക്കുള്ള ബിൻയാമിന പട്ടണത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ ഏഴ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഐഡിഎഫ് പറയുന്നു.
ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ 61 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ ആംബുലൻസിലും ഹെലിക്കോപ്റ്ററിലുമായി പ്രദേശത്തെ എട്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിനു നേരെയുണ്ടാകുന്ന ശക്തമായ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിതെന്നാണ് വിലയിരുത്തൽ.
ബിൻയാമിനയിലെ ഇസ്രയേലി സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഞായറാഴ്ച ഹിസ്ബുള്ള പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടെന്ന വിവരം ഇസ്രയേൽ പുറത്തുവിട്ടത്.
വ്യാഴാഴ്ച ഇസ്രയേൽ ലെബനോനിൽ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോൺ ആക്രമണമെന്നാണ് ഹിസ്ബുള്ള ഇതിനോട് പ്രതികരിച്ചത്. ഈ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു ഞായറാഴ്ചത്തെ ഹിസ്ബുള്ളയുടെ ആക്രമണം നടന്നത്.