5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hassan Nasrallah Death: നസ്രല്ലയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പ്രത്യാക്രമണത്തിന് ഒരുങ്ങി ലെബനൻ

Hezbollah Confirms Hassan Nasrallah Death: നസ്രല്ലയുടെ കൊലപാതകത്തിന് പിന്നാലെ പ്രത്യാക്രമണത്തിന് ഒരുങ്ങി ലെബനൻ. അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ.

Hassan Nasrallah Death: നസ്രല്ലയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പ്രത്യാക്രമണത്തിന് ഒരുങ്ങി ലെബനൻ
കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്രല്ല, ഇസ്രായേലിൽ ആക്രമണം നടന്ന പ്രദേശം (Image Credits: Hassan Nasrallah X, IDF X)
nandha-das
Nandha Das | Updated On: 29 Sep 2024 07:12 AM

ബെയ്‌റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസൻ നസ്രല്ല കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഹിസ്ബുള്ള. നസ്രല്ല കൊല്ലപ്പെട്ട വിവരം നേരത്തെ ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു. മണിക്കൂറുകളുടെ മൗനത്തിലൊടുവിൽ ആണ് ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിച്ചത്. ഇസ്രയേലിനെതിരെ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ള അറിയിച്ചിട്ടുണ്ട്.

ലോകത്തെ ഭയപ്പെടുത്താൻ നസ്രല്ല ഇനിയില്ലെന്ന കുറിപ്പോട് കൂടെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയമാണ് നസ്രല്ല കൊല്ലപ്പെട്ട വിവരം ആദ്യം അറിയിച്ചത്. ഹിസ്ബുള്ളയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന ഇറാന് വലിയ തിരിച്ചടിയാണ് നസ്രല്ലയുടെ കൊലപാതകം. ബെയ്‌റൂട്ടിന് തെക്കുള്ള ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് നസ്രല്ല കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ തെക്കൻ മേഖല കമാൻഡറായ അലി കരകെയും മറ്റ് കമാൻഡർമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നസ്രല്ലയുടെ കൊലപാതകത്തിൽ ഇറാനും ഹമാസും അപലപിച്ചു. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.

ലെബനനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുള്ള സായുധ സംഘടനയായി ഹിസ്ബുള്ളയെ വളർത്തിയെടുത്തതിൽ നസ്രല്ലയുടെ പങ്ക് വളരെ വലുതാണ്. അബ്ബാസ്-അൽ-മൂസാവി കൊലപ്പെട്ടതോടെ 1992-ൽ തന്റെ 32-ാം വയസിൽ ഹിസ്ബുല്ലയുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു ഷെയ്ഖ് ഹസ്സൻ നസ്രല്ല. 18 വർഷമായി ഇസ്രായേൽ നസ്രല്ലയെ കൊലപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിട്ട്. ബെയ്‌റൂട്ടിൽ ഉണ്ടായ വ്യോമാക്രമണത്തിൽ നസ്രല്ലയുടെ മകൾ സൈനബ് നസ്രല്ല കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 

 

നസ്രല്ലയുടെ കൊലപാതകത്തിന് പിന്നാലെ ലെബനൻ, ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചു. ലെബനനിൽ നിന്നും ഇസ്രായേൽ പ്രദേശത്തേക്ക് ആക്രമണം ആരംഭിച്ചുവെന്നും, ജറുസലേമിലെ പ്രദേശത്ത് സൈറണുകൾ മുഴങ്ങിയതായും ഇസ്രായേൽ പ്രതിരോധ സേന എക്‌സിലൂടെ അറിയിച്ചു. അതെ സമയം, ബെയ്‌റൂട്ടിലെ ആക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെയും ഇസ്രായേലിലെയും ജനങ്ങൾക്ക് ഒരു സമ്പൂർണ യുദ്ധം താങ്ങാനാവില്ലെന്നും, ഈ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.