Naim Qassem: വെടി നിര്‍ത്തലിനായി ഇസ്രായേലിനോട് യാചിക്കില്ല, പോരാട്ടം തുടരും: നയിം ഖാസിം
Hezbollah-Israel Conflict: 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തത്. ലെബനനിലെയും ഗസയിലേക്കും വെടിനിര്‍ത്തല്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് നയിം ഖാസിമിന്റെ സന്ദേശം എന്നതാണ് ശ്രദ്ധേയം. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തിന് ശേഷമാണ് ഡെപ്യൂട്ടി ലീഡറായിരുന്ന നയിം ഖാസിമിനെ തലവനാക്കിയത്.
ബെയ്‌റൂട്ട്: ഇസ്രായേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ നേതാവ് നയിം ഖാസിം. യുദ്ധത്തില്‍ വെടിനിര്‍ത്തലിന് വേണ്ടി ഇസ്രായേലിനോട് യാചിക്കില്ല. വെടിനിര്‍ത്തലിനായി ഇസ്രായേല്‍ മുന്നോട്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും ഖാസിം പറഞ്ഞു. ഹിസ്ബുള്ളയുടെ നേതാവായി ചുമതലയേറ്റെടുത്തതിന് ശേഷം അജ്ഞാത കേന്ദ്രത്തില്‍ നിന്നും നല്‍കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം. ഇസ്രായേല്‍ തന്നെ ഹിസ്ബുള്ളയ്ക്ക് അംഗീകരിക്കാവുന്ന വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വെക്കുന്നത് മാത്രമാണ് മാര്‍ഗം. ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റല്ലയുടെ സൈനിക സമീപനം തന്നെയായിരിക്കും പിന്തുടരുകയെന്നും ഖാസിം പറഞ്ഞു.
Also Read: Hezbollah chief: ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ; ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി നയിം ഖാസിം
ഏത് വെല്ലുവിളിയും നേരിടാന്‍ ഹിസ്ബുള്ളയുടെ യുദ്ധ സന്നാഹങ്ങള്‍ സജ്ജമാണ്. എത്രകാലം യുദ്ധം തുടരുന്നോ അത്രയും കാലം എന്തും നേരിടാനുള്ള ശക്തി ഹിസ്ബുള്ളയ്ക്കുണ്ട്. ഹസന്‍ നസ്‌റല്ലയുടെയും മറ്റ് നേതാക്കളുടെയും കൊലപാതകത്തിന് ഇസ്രായേല്‍ കണക്ക് പറയേണ്ടതായി വരും. ഇനി ഏത് യുദ്ധ തന്ത്രമാണ് സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഖാസിം വ്യക്തമാക്കി.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ വീടിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ കുറിച്ചും ഖാസിം സംസാരിച്ചു. നെതന്യാഹു ഇത്തവണ രക്ഷപ്പെട്ടു, ഒരു പക്ഷെ അവന്റെ സമയം അടുത്തിട്ടുണ്ടാകില്ല, എന്നാണ് ആക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് ഖാസിം പറഞ്ഞത്.
30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തത്. ലെബനനിലെയും ഗസയിലേക്കും വെടിനിര്‍ത്തല്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് നയിം ഖാസിമിന്റെ സന്ദേശം എന്നതാണ് ശ്രദ്ധേയം. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തിന് ശേഷമാണ് ഡെപ്യൂട്ടി ലീഡറായിരുന്ന നയിം ഖാസിമിനെ തലവനാക്കിയത്.
നിലവില്‍ ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് ഹാഷിം സഫീദിനെയും ഹിസ്ബുള്ളയുടെ റദ്വാന്‍ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുസ്തഫ അഹമ്മദ് എന്നിവരെ കൊലപ്പെടുത്തിയതായും ഇസ്രായേല്‍ അവകാശ വാദം ഉന്നയിക്കുന്നുണ്ട്.
2023 ഒക്ടോബര്‍ എട്ടിനാണ് ഇസ്രായേലിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തുന്നത്, അതിന് ശേഷം ഇതുവരെയുള്ള യുദ്ധത്തില്‍ ലെബനനില്‍ 2790 ആളുകള്‍ കൊല്ലപ്പെടുകയും 12700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. ഏകദേശം 12 ലക്ഷത്തോളം ആളുകളെ പ്രദേശത്ത് നിന്ന് കാണാതായിട്ടുണ്ടെന്നാണ് ലെബനന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇസ്രായേലിന് ഹിസ്ബുള്ള നല്‍കിയ തിരിച്ചടിയില്‍ 63 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അറുപതിനായിരത്തോളം ആളുകള്‍ ഇവിടെ നിന്ന് താമസം മാറുകയും ചെയ്തു. ഇസ്രായേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിലേക്ക് കഴിഞ്ഞ ദിവസം റോക്കറ്റും ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെടുന്നുണ്ട്.