Iran-Israel Conflict: ഹമാസിന്റെ അവസാന ഉന്നതനെയും വധിച്ചെന്ന് ഇസ്രായേൽ; കൊല്ലപ്പെട്ടത് നാഷണൽ റിലേഷൻസ് മേധാവി ഇസ് അൽ ദിൻ കസബ്
Head of Hamas National Relations Izz Al Din Kassab Killed: ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം കനത്തു നിൽക്കുന്ന സമയത്താണ് ഹമാസിന് ഒരു ഉന്നത നേതാവിനെ കൂടി നഷ്ടമാകുന്നത്.
ടെൽ അവീവ്: ഹമാസിന്റെ ഉന്നത സ്ഥാനത്തിരുന്ന അവസാന നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ. ഹമാസ് പൊളിറ്റിക്കൽ ബ്യുറോയിലെ നാഷണൽ റിലേഷൻസ് മേധാവിയായിരുന്ന ഇസ് അൽ ദിൻ കസബാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയായിരുന്നു ഇക്കാര്യം അറിയിച്ചത്.
ഹമാസും ഗാസയിലെ മറ്റ് ഭീകര സംഘടനകളും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കുന്നതിന് പ്രധാന പങ്കുവഹിച്ച ആളായിരുന്നു ഇസ് അൽ ദിൻ കസബ്. മേഖലയിലെ തന്ത്രപ്രധാനമായ സൈനിക നീക്കങ്ങൾക്ക് നിർദേശം നൽകുന്നയാളാണിതെന്നും ഐഡിഎഫ് വ്യക്തമാക്കി. കൂടാതെ, ഇസ്രയേലിനെതിരെ ഭീകരാക്രമണങ്ങൾ നടപ്പാക്കുന്നതിനുള്ള അധികാരം കസബിനാണ് ഉണ്ടായിരുന്നതെന്നും പോസ്റ്റിൽ ഐഡിഎഫ് പറയുന്നു.
🔴ELIMINATED: Izz al-Din Kassab, Head of National Relations in Hamas’ Political Bureau
Kassab was a member of Hamas’ political bureau and was responsible for national relations within the organization, overseeing the coordination and connection between Hamas and other terrorist… pic.twitter.com/yITeHUE5s2
— Israel Defense Forces (@IDF) November 1, 2024
ALSO READ: വെടി നിര്‍ത്തലിനായി ഇസ്രായേലിനോട് യാചിക്കില്ല, പോരാട്ടം തുടരും: നയിം ഖാസിം
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം കനത്തു നിൽക്കുന്ന സമയത്താണ് ഹമാസിന് ഒരു ഉന്നത നേതാവിനെ കൂടി നഷ്ടമാകുന്നത്. ഹിസ്‌ബുള്ള നേതാവ് ഹസ്സൻ നസ്രല്ലയുടെ കൊലപാതകം അവർക്ക് വലിയ തിരിച്ചടിയായിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു ഉന്നതൻ കൂടി കൊല്ലപ്പെടുന്നത്. അതേസമയം, ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യം വെച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ 4,400 മിസൈലുകൾ തൊടുത്തതായി ഐഡിഎഫ് കഴിഞ്ഞ ദിവസം അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂവായിരത്തിലധികം സ്‌ഫോടക വസ്തുക്കൾ, 2,500 ആന്റി ടാങ്ക് മിസൈലുകൾ, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ എന്നിവ കണ്ടെത്തിയതായും, അത് നശിപ്പിച്ചതായും ഐഡിഎഫ് വ്യക്തമാക്കി. കൂടാതെ, യുദ്ധം തുടങ്ങിയ സമയത്ത് തന്നെ 1500-ലധികം ഭീകരരെ തങ്ങൾ വധിച്ചുവെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.