ചെയ്യാത്ത കൊലക്കുറ്റത്തിന് പരോൾ പോലുമില്ലാതെ 30 വർഷം ജയിലിൽ; ഒടുവിൽ നീതി, 51കാരൻ പുറത്തേക്ക്
Hawaii Man Spends 30 Years in Jail for Murder He Did Not Commit: 1994 -ൽ മൗയി ദ്വീപിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നതിനിടെ തിമോത്തി ബ്ലെയ്‌സ്‌ഡെൽ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് ഗോർഡനെ 30 വർഷത്തെ തടവിന് ശിക്ഷിച്ചത്.

ഹവായ്: ചെയ്യാത്ത കൊലപാതകത്തിന് 51കാരൻ ജയിലിൽ കിടന്നത് 30 വർഷം. വർഷങ്ങൾക്ക് ശേഷം ഒടുവിൽ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞു. ഹവായി സ്വദേശിയായ ഗോർഡൻ കോർഡെയ്‌റോയ് എന്നയാളാണ് മുപ്പത് വർഷത്തിന് ശേഷം ജയിൽ മോചിതനായത്. ഡിഎൻഎ പരിശോധനാ ഫലങ്ങൾ ഉൾപ്പടെയുള്ള പുതിയ തെളിവുകൾ അദ്ദേഹത്തിന് അനുകൂലമായതിനെ തുടർന്ന് കോടതി അദ്ദേഹത്തെ നിരപരാധിയായി പ്രഖ്യാപിക്കുകയായിരുന്നു.
21-ാം വയസിലാണ് ഗോർഡൻ കോർഡെയ്‌റോയെ കുറ്റക്കാരനാണെന്ന് കാട്ടി ജയിലിലിടുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം ജയിൽ മോചിതനായ ഇയാൾ അമ്മയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 1994 -ൽ മൗയി ദ്വീപിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നതിനിടെ തിമോത്തി ബ്ലെയ്‌സ്‌ഡെൽ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് ഗോർഡനെ 30 വർഷത്തെ തടവിന് ശിക്ഷിച്ചത്.
ALSO READ: മസ്കിന്റെ മകൻ മൂക്ക് തുടച്ചു; 145 വർഷം പഴക്കമുള്ള യുഎസ് പ്രസിഡന്റിന്റെ മേശമേറ്റി ട്രംപ്
കൊലപാതകം, കവർച്ച, കൊലപാതകശ്രമം എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു ശിക്ഷ വിധിച്ചത്. പരോൾ പോലും അനുവദിച്ചിരുന്നില്ല. വർഷങ്ങൾക്കിപ്പുറം പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ജഡ്ജി കിർസ്റ്റിൻ ഹമ്മൻ അദ്ദേഹത്തെ നിരപരാധിയായി പ്രഖ്യാപിച്ച് ജയിൽ മോചിതനാക്കാൻ ഉത്തരവിട്ടു. ഹവായ് ഇന്നസെൻസ് പ്രോജക്റ്റ് ഗോർഡന്റെ കേസ് ഏറ്റെടുക്കാൻ ഇടയായതാണ് ഈ കേസിൽ നിർണായകമായത്.
കോടതി അദ്ദേഹത്തെ നിരപരാധി എന്ന് പ്രഖ്യാപിച്ചപ്പോൾ വളരെ വൈകാരിക മുഹൂർത്തങ്ങൾക്കാണ് താൻ സാക്ഷിയായത് എന്ന് ഹവായ് ഇന്നസെൻസ് പ്രോജക്ട് ഡയറക്ടർ കെന്നത്ത് ലോസൺ പറഞ്ഞു. കോടതി വിധി പറഞ്ഞപ്പോൾ ഗോർഡനോടൊപ്പം കോടതി മുറിയിൽ ഉണ്ടായിരുന്ന എല്ലാവരും പൊട്ടിക്കരഞ്ഞതായും അദ്ദേഹം പറയുന്നു. ജയിൽ മോചിതനായ ശേഷം തനിക്ക് നീതി ലഭിക്കാൻ കൂടെ നിന്നവരോടെല്ലാം ഗോർഡൻ നന്ദി പറഞ്ഞു. വർഷങ്ങൾക്ക് ശേഷമാണെങ്കിൽ പോലും തന്റെ നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗോർഡൻ കൂട്ടിച്ചേർത്തു.