Happy New Year 2025: പുതുവർഷം വരവേൽക്കാൻ ഒരുങ്ങി ലോകം; ഇത്തവണ ആദ്യമെത്തുക ഇവിടെ; കൊച്ചിയിൽ കർശന സുരക്ഷ
Happy New Year 2025: 2025-നെ വരവേൽക്കാൻ ഒരുങ്ങി ലോകം ഒരുങ്ങികഴിഞ്ഞു. എല്ലായിടത്തും വമ്പൻ പരിപാടികളാണ് പുതുവർഷത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത്തവണ പുതുവർഷം ആദ്യമെത്തുക കിരിബാത്തി ദ്വീപിലാണ്.
ന്യൂഡൽഹി: പുത്തൻ പ്രതീക്ഷകളും തീരുമാനവുമായി പുതിയൊരു വർഷം കൂടി വന്നെത്തുകയാണ്. 2025-നെ വരവേൽക്കാൻ ഒരുങ്ങി ലോകം ഒരുങ്ങികഴിഞ്ഞു. എല്ലായിടത്തും വമ്പൻ പരിപാടികളാണ് പുതുവർഷത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത്തവണ പുതുവർഷം ആദ്യമെത്തുക കിരിബാത്തി ദ്വീപിലാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഇവിടെ പുതുവർഷം പിറക്കുക.
പിന്നാലെ ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
Also Read: ഡ്രോൺ നിരീക്ഷണം, സ്പെഷ്യൽ ടീമുകൾ; പുതുവത്സരാഘോഷങ്ങളിൽ ഇത്തവണ പോലീസ് ഇടപെടൽ ശക്തം
അതേസമയം കൊച്ചിയിലും വമ്പൻ ആഘോഷങ്ങൾക്കാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൊച്ചിയിൽ ഫോർട്ട് കൊച്ചിയിൽ കൂടാതെ കാലടിയിലും കാക്കനാടും കൂറ്റൻ പാപ്പാഞ്ഞിമാരെ തയ്യാറാക്കിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നില്ലെങ്കിലും വെളി മൈതാനത്തെ ആഘോഷത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ പുതുവത്സരാഘോഷങ്ങളിൽ ഇത്തവണ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നാണ് അറിയിപ്പ്. ഇതിനായി പ്രത്യേക ടീമുകൾ രൂപീകരിക്കാനും ഡ്രോൺ നിരീക്ഷണം അടക്കമുള്ളവ നടത്താനും തീരുമാനമായിട്ടുണ്ട്. പുതുവത്സരാഘോഷത്തിന്റെ പേരിൽ നിയമലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍,റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ് , വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിംഗുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും ഒരു എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ മാനേജ്മെന്റോ സംഘാടകരോ ശ്രദ്ധിക്കണം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുക. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112 ല്‍ പോലീസിനെ വിവരം അറിയിക്കുക.