Hamas Releases Hostages: വെടിനിർത്തൽ കരാറിന്റെ ഭാഗമായി എട്ട് തടവുകാരെ കൂടി വിട്ടയച്ച് ഹമാസ്; ഇസ്രായേൽ 110 പലസ്തീനികളെ മോചിപ്പിക്കും
Hamas Releases 8 Hostages as Third Truce Begins: ഇസ്രായേലി വനിതാ സേനാംഗമായ ബെർഗരി എന്ന 20കാരിയെ ആണ് ഹമാസ് ആദ്യം മോചിപ്പിച്ചത്. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി ഉദ്യോഗസ്ഥർക്ക് പലസ്തീൻ പ്രദേശത്തിന്റെ വടക്ക് ഭാഗത്തുള്ള ജബലിയിൽ വെച്ചാണ് ഇവരെ കൈമാറിയത്.

ജറുസലേം: വെടിനിർത്തൽ കരാറിന്റെ ഭാഗമായി എട്ട് തടവുകാരെ കൂടി മോചിപ്പിച്ച് ഹമാസ്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണ സമയത്ത് പിടികൂടിയ മൂന്ന് ഇസ്രായേൽ പൗരന്മാരെയും, അഞ്ച് വിദേശികളെയും ആണ് ഹമാസ് വ്യാഴാഴ്ച വിട്ടയച്ചത്. ഇസ്രായേലി ബന്ദികളെയും, തായ് സ്വദേശികളായ അഞ്ച് പേരെയും ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി ഇസ്രായേൽ സേന അറിയിച്ചു.
ഇസ്രായേലി വനിതാ സേനാംഗമായ ബെർഗറി എന്ന 20കാരിയെ ആണ് ഹമാസ് ആദ്യം മോചിപ്പിച്ചത്. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി ഉദ്യോഗസ്ഥർക്ക് പലസ്തീൻ പ്രദേശത്തിന്റെ വടക്ക് ഭാഗത്തുള്ള ജബലിയിൽ വെച്ചാണ് ഇവരെ കൈമാറിയത്. ഇവർക്ക് പിന്നാലെ ആർബെൽ യെഹോഡ് എന്ന 29കാരനെയും, ഗാഡി മോസസ് എന്ന 20കാരനെയും കൈമാറി. മോചിപ്പിച്ച തായ് സ്വദേശികളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഹമാസ് എട്ട് തടവുകാരെ വിട്ടയച്ചതിന് പകരമായി 110 പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും എന്നാണ് വിവരം.
ALSO READ: വാഷിംഗ്ടൺ വിമാനാപകടം; മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്; 28 മൃതദേഹങ്ങൾ കണ്ടെടുത്തു
ജബാലിയ എന്ന നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് സമീപത്ത് വെച്ച് ബെർഗറിയെ റെഡ് ക്രോസിന് കൈമാറിയപ്പോൾ, ഖാൻ യൂനിസ് എന്ന നഗരത്തിൽ വെച്ചാണ് മറ്റുള്ളവരെ കൈമാറിയത്. വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ വെച്ചായിരുന്നു രണ്ടിടങ്ങളും കൈമാറ്റം നടന്നത്. എന്നാൽ ബന്ദികളെ കൈമാറിയ രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഇസ്രായേൽ രംഗത്തെത്തി. മുഖം മറച്ച നിലയിൽ ഹമാസ് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും, അതിനാലാണ് ബന്ദികളുടെ കൈമാറ്റം നിർത്തിവെച്ചതെന്നും ഇസ്രായേൽ അറിയിച്ചു.
ഇസ്രയേലിനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 30 പേരടക്കം ആകെ 110 തടവുകാരെ മോചിപ്പിക്കാനായിരുന്നു ഇസ്രായേൽ തീരുമാനം. എന്നാൽ എല്ലാ ബന്ദികളുടെയും ‘സുരക്ഷിത മോചനം’ ഉറപ്പാക്കുന്നത് വരെ മറ്റുള്ള തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.