Ismail Haniyeh: ഹനിയ കൊല്ലപ്പെട്ടത് മിസൈല്‍ ആക്രമണത്തില്‍; മകന്റെ വെളിപ്പെടുത്തല്‍
Ismail Haniyeh Murder Updates: ഇത് ടാര്‍ഗറ്റഡ് ആയിട്ടുള്ള മിസൈല്‍ ആക്രമണമായതിനാലാണ് ഇങ്ങനെ സംഭവിച്ചത്. മാത്രമല്ല അദ്ദേഹം ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ട് തന്നെ ഫോണും എപ്പോഴും കയ്യില്‍ കരുതിയിരുന്നു.
ഗസ സിറ്റി: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മകന്‍ അബ്ദുള്‍ സലാം ഹനിയ. തന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളികൊണ്ടുള്ളതാണ് സലാമിന്റെ വെളിപ്പെടുത്തല്‍. ഹനിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് മകന്‍ തള്ളിയിരിക്കുന്നത്.
‘അദ്ദേഹത്തിന്റെ ഫോണിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്തുകൊണ്ടാണ് മിസൈല്‍ ആക്രമണമാണ് നടന്നത്. പിതാവ് ഉറങ്ങാന്‍ കിടന്നപ്പോള്‍ ഫോണ്‍ തലയ്ക്ക് സമീപം വെച്ചതിനാല്‍ മിസൈല്‍ നേരിട്ട് അവിടെ ചെന്ന് പതിക്കുകയായിരുന്നു. എന്നാല്‍ ബോബ് പൊട്ടിതെറിച്ചാണ് കൊലപാതകം നടന്നതെങ്കില്‍ ബോഡിഗാര്‍ഡും മറ്റ് ഉദ്യോഗസ്ഥരും താമസിച്ചിരുന്ന തൊട്ടടുത്ത മുറിയും സ്‌ഫോടനത്തില്‍ തകരുമായിരുന്നു.
എന്നാല്‍ ഇത് ടാര്‍ഗറ്റഡ് ആയിട്ടുള്ള മിസൈല്‍ ആക്രമണമായതിനാലാണ് ഇങ്ങനെ സംഭവിച്ചത്. മാത്രമല്ല അദ്ദേഹം ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ട് തന്നെ ഫോണും എപ്പോഴും കയ്യില്‍ കരുതിയിരുന്നു. അത് അക്രമികളുടെ ഓപ്പറേഷന്‍ വളരെ എളുപ്പമുള്ളതാക്കി,’ അബ്ദുള്‍ സലാം ഹനിയ പറഞ്ഞു.
Also Read: UAE Air Taxi : ഇനി ടാക്സിയിൽ കേറി പറന്നുപോകാം; യുഎഇയിൽ എയർ ടാക്സി അടുത്ത വർഷം മുതൽ
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറാനിലെത്തിയപ്പോഴായിരുന്നു ഹനിയ കൊല്ലപ്പെട്ടത്. ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ സ്‌ഫോടനമുണ്ടായി എന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രത്തിലായിരുന്നു ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ്. ഇവിടെ വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
സ്ഫോടനത്തില്‍ ഗസ്റ്റ് ഹൗസിന്റെ ഭിത്തി തകര്‍ന്നു, ജനലുകള്‍ ഉള്‍പ്പെടെ ഇളകി തെറിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ളതും തന്ത്രപ്രധാന യോഗങ്ങള്‍ ചേരുന്നതിനും അതിഥികള്‍ക്ക് താമസിക്കാനുമായിരുന്നു ഹനിയ കൊല്ലപ്പെട്ട കെട്ടിടം ഉപയോഗിച്ചിരുന്നത്.
അതേസമയം, ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രായേലിന് മറുപടി നല്‍കാന്‍ ഇറാന്‍ ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും വ്യക്തമാക്കിയിരുന്നു. ഹനിയയെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഹനിയ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാന്‍ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാംനഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. ഫലസ്തീനിന്റെ ധീരനായ നേതാവ് ഇസ്മായില്‍ ഹനിയ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിരോധ മുന്നണി ദുഖത്തിലാണ്. ക്രിമിനലുകളും ഭീകരരുമായ സയണിസ്റ്റ് ഭരണകൂടം ഞങ്ങളുടെ അതിഥിയെ കൊലപ്പെടുത്തി. ഇത് ശക്തമായ പ്രതികാരത്തിന് കളമൊരുക്കിയിരിക്കുകയാണെന്നാണ് ഖാംനഈ പറഞ്ഞത്. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും ആരോപിച്ചിട്ടുണ്ടായിരുന്നു.
അതേസമയം, ഇസ്രായേലിനെതിരെ ആക്രമണം പ്രഖ്യാപിച്ച ഇറാനെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് കൂടുതല്‍ സൈനിക സഹായം യുഎസ് വാഗ്ദാനം ചെയ്തിരുന്നു. ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ പടിഞ്ഞാറന്‍ ജെറുസലേമും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലായിരുന്നു അമേരിക്കയുടെ നടപടി. ക്രൂയിസറുകള്‍, ഡിസ്ട്രോയറുകള്‍, അധിക ഫൈറ്ററുകള്‍ എന്നിവയാണ് യുഎസ് പ്രതിരോധ വകുപ്പ് ഇസ്രായേലിന് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഏതുതരത്തിലുള്ള ആക്രമണങ്ങളെയും തങ്ങള്‍ പ്രതിരോധിക്കുമെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിക്കുകയും ചെയ്തിരുന്നു.
കര കേന്ദ്രീകരിച്ചുള്ള ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ആയുധങ്ങള്‍ അയക്കാനും യുഎസ് ഉത്തരവിട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ചാണ് സഹായം ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്ന യുഎസ്എസ് തിയോഡര്‍ റൂസവെല്‍റ്റിന്റെ നേതൃത്വത്തിലുള്ള കപ്പല്‍പ്പടയ്ക്ക് പകരം എബ്രഹാം ലിങ്കന്റെ നേതൃത്വത്തിലുള്ള പുതിയ വിമാനവാഹിനിക്കപ്പല്‍പ്പടയെ വിന്യസിച്ചു. പഴയ വിമാനവാഹനിക്കപ്പലില്‍ നിന്ന് പുറത്തുകടക്കാന്‍ സ്ട്രൈക്ക് ഗ്രൂപ്പിനോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ ബാലിസ്റ്റിക് മിസൈല്‍ വേധ യുദ്ധക്കപ്പലുകളെയും യുദ്ധവിമാന സ്‌ക്വാഡിനെയും വിന്യസിക്കാനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഉത്തരവിട്ടിരുന്നു.
ഇറാനോ അവരുടെ സഖ്യകക്ഷികളോ ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടിട്ടുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. ഹമാസിന്റെ ആദ്യ ആക്രമണം മുതല്‍ പശ്ചിമേഷ്യയിലെ തങ്ങളുടെ ജനങ്ങളെയും താത്പര്യങ്ങളെയും സംരക്ഷിക്കുമെന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പെന്റഗണ്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രീന സിങും വ്യക്തമാക്കിയതാണ്. രാജ്യത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ എത്രയും പെട്ടെന്ന് ലെബനാനില്‍ കഴിയുന്ന യുഎസ് പൗരന്മാര്‍ നാട്ടിലേക്ക് തിരിച്ചെത്തണമെന്നും യുഎസ് എംബസി നിര്‍ദേശം നല്‍കിയിരുന്നു.