5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hamas-Israel War: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ: യുഎൻ പ്രമേയം പാസാക്കി, വിട്ടുനിന്ന് റഷ്യ

Hamas-Israel War: മൂന്ന് നിർദേശങ്ങളും ഇസ്രയേൽ അംഗീകരിച്ചുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

Hamas-Israel War: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ: യുഎൻ പ്രമേയം പാസാക്കി, വിട്ടുനിന്ന് റഷ്യ
Complete ceasefire in Gaza. UN passes resolution.
neethu-vijayan
Neethu Vijayan | Updated On: 11 Jun 2024 08:13 AM

ജറുസലം: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി പാസാക്കി. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമ്മാണവും ആവശ്യപ്പെടുന്നതാണ് യുഎൻ പാസാക്കിയ പ്രമേയം.

കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച മൂന്നു ഘട്ടമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ പ്രമേയത്തിൽ സ്വാഗതം ചെയ്യുന്നുണ്ട്. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ മാത്രമാണ് വിട്ടുനിന്നത്.

ആദ്യത്തെ ആറാഴ്ച വെടിനിർത്തലിനൊപ്പം ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്തീൻ പൗരന്മാരെയും ഗാസയിൽ ബന്ധികളാക്കിയിരിക്കുന്ന ഇസ്രയേലി പൗരന്മാരിൽ ചിലരെയും വിട്ടയക്കണമെന്നാണ് നിർദ്ദേശം.

അതേസമയം രണ്ടാം ഘട്ടത്തിൽ ബാക്കി ബന്ദികളെക്കൂടി വിട്ടയക്കണമെന്നാണ് പ്രമേയത്തിൽ പറഞ്ഞിരിക്കുന്നത്. ഗാസയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടത്തിലെ ആവശ്യം. മൂന്ന് നിർദേശങ്ങളും ഇസ്രയേൽ അംഗീകരിച്ചുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

ALSO READ: ഹമാസ് ബന്ദികളാക്കിയവരെ ഇസ്രായേൽ സൈന്യം മോചിപ്പിച്ചു; വീഡിയോ പുറത്ത്

ഇസ്രയേലും ഹമാസും എത്രയും വേഗം പ്രമേയത്തിലെ നിർദേശങ്ങൾ ഉപാധികൾ വയ്ക്കാതെ നടപ്പാക്കണമെന്നും നിർദേശമുണ്ട്. മധ്യഗാസയിലും കിഴക്കൻ റഫയിലും ഇസ്രയേൽ സൈന്യം ബോംബിങ്ങും ഷെല്ലാക്രമണവും ശക്തമായി തുടരുന്നതിനിടെയാണ് വെടിനിർത്തൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രമേയം യുഎൻ പാസാക്കിയിരിക്കുന്നത്.

യുദ്ധം ലബനനിലേക്കു കൂടി വ്യാപിച്ചേക്കുമെന്ന ആശങ്ക യുഎസിനുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയും ഇസ്രയേൽ സൈന്യവുമായുള്ള സംഘർഷം രൂക്ഷമായിരുന്നു.

അതിനിടെ കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഇസ്രായാലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ നാല് ബന്ദികളെയാണ് ജൂൺ എട്ട് ശനിയാഴ്ച ഇസ്രായേൽ സൈന്യം മോചിപ്പിച്ചിരുന്നു. ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

സജീവമായ യുദ്ധമേഖലയുടെ മധ്യത്തിൽ, ബന്ദികളെ ഹെലികോപ്റ്ററിൽ കയറ്റി വിടുന്നതും ദൃശ്യങ്ങളിൽ കാണാം. നോവ അർഗമണി (26), അൽമോഗ് മെയർ ജാൻ (21), ആൻഡ്രി കോസ്‌ലോവ് (27), ഷ്‌ലോമി സിവ് (41) എന്നിവരെയാണ് മോചിപ്പിച്ചത്. മധ്യഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവരെ മോചിപ്പിച്ചത്.

ഇസ്രായേൽ സൈന്യമാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിനായി നാവികസേനയുടെ എലൈറ്റ് ഷായെറ്റ് 13 കമാൻഡോ യൂണിറ്റിലെ അംഗങ്ങൾ സംഭവസ്ഥലത്തെത്തുന്നതും വീ‍ഡിയോയിൽ ദൃശ്യമാണ്.