5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഹമാസ് ആക്രമണം പ്രതിരോധിക്കാനായില്ല; ഇസ്രായേല്‍ ഇന്റലിജന്‍സ് മേധാവി രാജിവെച്ചു

ഹമാസിന്റെ സായുധ നീക്കത്തെ കുറിച്ച് ഇസ്രായേലിന് ഒന്നിലേറെ തവണ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും അവയെല്ലാം അവഗണിക്കുകയാണ് ചെയ്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹമാസ് ആക്രമണം പ്രതിരോധിക്കാനായില്ല; ഇസ്രായേല്‍ ഇന്റലിജന്‍സ് മേധാവി രാജിവെച്ചു
Aharon Haliva (Social Media Image)
shiji-mk
Shiji M K | Published: 23 Apr 2024 09:56 AM

ജറുസലേം: ഇസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി രാജിവെച്ചു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജി. ഇസ്രായേല്‍ പ്രതിരോധ സേന ഐഡിഎഫാണ് രാജിക്കാര്യം പുറത്തുവിട്ടത്. പ്രതിരോധിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ആദ്യമായി രാജിവെക്കുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് മിലിട്ടറി ഇന്റലിജന്‍സ് മേധാവി അഹരോണ്‍ ഹലീവ.

നേരത്തെ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലൈവി, ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെതിന്റെ മേധാവി റോണെന്‍ ബെര്‍ എന്നിവര്‍ ഹമാസിന്റെ നീക്കം തടയാനാകാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നില്ല.

‘2023 ഒക്ടോബര്‍ 7 ശനിയാഴ്ച ഹമാസ് ഇസ്രായേല്‍ രാഷ്ട്രത്തിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി. എന്റെ കീഴിലുള്ള ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഞങ്ങളെ ഏല്‍പ്പിച്ച ചുമതല നിറവേറ്റാന്‍ എനിക്കും എന്റെ ടീമിനും സാധിച്ചില്ല. ആ കറുത്ത ദിനം ഇന്നും ഒരു നിഴലുപോലെ എന്നെ പിന്തുടരുന്നുണ്ട്,’ എന്നാണ് ഹലീവ എഴുതിയ രാജിക്കത്തില്‍ പറയുന്നത്.

എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഹമാസിന്റെ സായുധ നീക്കത്തെ കുറിച്ച് ഇസ്രായേലിന് ഒന്നിലേറെ തവണ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും അവയെല്ലാം അവഗണിക്കുകയാണ് ചെയ്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒക്ടോബര്‍ ഏഴിനായിരുന്നു ഹമാസ് ഇസ്രായേല്‍ ആക്രമിച്ചത്. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന് പേരിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ നിരവധി പേര്‍ ഇസ്രായേലിന്റെ തന്നെ ഹാനിബാള്‍ ഡയറക്ടീവ് അനുസരിച്ചുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഹമാസും ഇസ്രായേല്‍ മാധ്യമങ്ങളും സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെ സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രായേല്‍ അഴിച്ചുവിട്ടത്. ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ ഇതുവരെ 34,097 പേരാണ് കൊല്ലപ്പെട്ടത്.