Hajj Starts Friday : ഹജ്ജ് കർമ്മങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും; നാളെ രാത്രിയോടെ തീർത്ഥാടകർ മിനായിലേക്ക്
Hajj Starts Friday : ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും. ഇന്ന് മക്കയിലെത്തുന്ന തീർത്ഥാടകർ നാളെ രാത്രിയോടെ മിനായിലേക്ക് തിരിക്കും. ഏതാണ്ട് 20 ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുക.
ഇക്കൊല്ലത്തെ ഹജ്ജ് കർമ്മങ്ങൾ ഈ മാസം 14 വെള്ളിയാഴ്ച ആരംഭിക്കും. മദീനയിലായിരുന്ന തീർത്ഥാടകരിൽ ഏറിയ പങ്കും മക്കയിലെത്തിയിട്ടുണ്ട്. നാളെ രാത്രിയോടെ ഇവർ തമ്പുകളുടെ നഗരമായ മിനായിലേക്ക് നീങ്ങിത്തുടങ്ങും.
ലോകത്തിൻറെ വിവിധയിടങ്ങളിൽ നിന്നുള്ള 20 ലക്ഷത്തിലധികം തീർഥാടകർ ഇത്തവണ ഹജ്ജ് നിർവഹിക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി എത്തിയ 1,40,000ത്തോളം തീർഥാടകർ ഇപ്പോൾ മക്കയിലാണുള്ളത്. ഇന്ത്യയിൽ നിന്ന് സ്വകാര്യ ഗ്രൂപ്പുകൾ വഴി ഹജ്ജിനെത്തിയവർ മദീനയിൽ നിന്നും മക്കയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മക്കയിലേക്കുള്ള യാത്രക്കിടെ ദുൽഹുലൈഫ എന്ന സ്ഥലത്തുനിന്ന് തീർത്ഥാടകർ നിന്ന് ഹജ്ജിനുള്ള ഇഹ്റാം ചെയ്യും.
ഈ മാസം 17നാണ് ബലിപെരുന്നാൾ. ഹജ്ജ് അവസാനിക്കുമ്പോൾ നടക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ ദുബായിലെ ചില ബീച്ചുകളിലേക്ക് ബാച്ചിലേഴ്‌സിന് പ്രവേശനമില്ല. ദുബായിലെ എട്ട് ബീച്ചുകളിലേക്ക് ബാച്ചിലേഴ്‌സിന് പ്രവേശനമില്ല. ഈ ബീച്ചുകളിൽ അന്നേ ദിവസം കുടുംബങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും അവധി ദിവസങ്ങൾ എല്ലാവർക്കും ബീച്ചിൽ ആസ്വദിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരമൊരു തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: Eid Al Adha: ബലി പെരുന്നാളിന് ഈ ബീച്ചുകളിലേക്ക് ബാച്ചിലേഴ്‌സിന് പ്രവേശനമില്ല
ഖോർ അൽ മംസാർ ബീച്ച്, കോർണിഷ് അൽ മംസാർ, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സിഖീം 1, ഉമ്മു സുഖീം 2, ജബൽ അലി ബീച്ച് എന്നിവിടങ്ങളിലേക്കാണ് ബാച്ചിലേഴ്‌സിനെ നിയന്ത്രിച്ചിരിക്കുന്നത്. ബലി പെരുന്നാൾ ദിനത്തിൽ ബീച്ചിലെ സുരക്ഷ വർധിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി 140 അംഗ സേഫ്റ്റി ആന്റ് റെസ്‌ക്യൂ ടീമിനെ നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 65 അംഗ ഫീൽഡ് കൺട്രോൾ ടീമിനെയും വിന്യസിക്കും.
വിവിധ വിഭാഗങ്ങളുമായി ചേർന്ന് അവധിക്കാലത്തെ ബീച്ചുകളിലെ പ്രവർത്തനം നിരീക്ഷിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ബീച്ച് ആൻഡ് വാട്ടർ കനാൽസ് വകുപ്പ് ഡയറക്ടർ ഇബ്രാഹിം ജുമാ പറഞ്ഞു. ബീച്ചിലെ രക്ഷാപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അത്യാധുനിക ലോജിസ്റ്റിക് ഉപകരണങ്ങളുമായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
അതേസമയം, ബലി പെരുന്നാളിനോട് അനുബന്ധിച്ച് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് അതൊട്ടും എളുപ്പമാകില്ല. ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തിയിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കിയാൽ മാത്രമാണ് കുടുംബവുമൊത്ത് നാട്ടിൽ വന്ന് അവധി ആഘോഷിക്കാൻ സാധിക്കുകയുള്ളു. എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളിലെ സ്ഥിരതയില്ലായ്മയാണ് പ്രധാനമായും നിരക്കുയരുന്നതിന് കാരണമായത്.
മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകളിലെല്ലാം 150 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്ക് വരുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസിൽ മസ്‌കത്ത്-കൊച്ചി സെക്ടറിൽ 165 റിയാലും മസ്‌കത്ത്-കോഴിക്കോട്, കണ്ണൂർ സെക്ടറുകളിൽ 185 റിയാലും തിരുവനന്തപുരത്തേക്ക് 205 റിയാലുമാണ് നിരക്കുകൾ.