Hajj Death: ചൂട് സഹിക്കാനായില്ല, ഹജ്ജിനിടെ 1301 പേര്‍ മരിച്ചു; 83 ശതമാനം പേരും പെര്‍മിറ്റില്ലാത്തവര്‍

1301 People Died During Hajj: ഹജ്ജ് സമയത്ത് 51 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില ഉണ്ടായിരുന്നത്. തീര്‍ത്ഥാടകരില്‍ ഭൂരിഭാഗം ആളുകളും കനത്ത ചൂടിനെ വകവെക്കാതെ മരുഭൂമിയിലൂടെയാണ് മക്കയിലേക്കെത്തിയത്. ഇത്തരം സാഹസം കാണിച്ചതാണ് പലരും തളര്‍ന്നുവീഴാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Hajj Death: ചൂട് സഹിക്കാനായില്ല, ഹജ്ജിനിടെ 1301 പേര്‍ മരിച്ചു; 83 ശതമാനം പേരും പെര്‍മിറ്റില്ലാത്തവര്‍

Hajj 2025

Updated On: 

25 Jun 2024 12:43 PM

മക്ക: ഇത്തവണത്തെ ഹജ്ജ് (Hajj 2024) തീര്‍ത്ഥാടനത്തിനിടെ 1301 പേര്‍ മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം (Saudi Arabia Ministry Of Health). നേരത്തെ ആയിരത്തിലേറെ പേര്‍ മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് ഔദ്യോഗിക കണക്ക് പുറത്തുവിടുകയായിരുന്നു. മരിച്ചവരില്‍ 83 ശതമാനം പേരും ഹജ്ജിന് പോകുന്നതിന് പെര്‍മിറ്റ് ലഭിക്കാത്തവരാണ്. സൂര്യതാപമേറ്റാണ് എല്ലാവരും മരിച്ചത്. കനത്ത ചൂടുള്ള വെയില്‍ നേരിട്ട് ശരീരത്തിലേറ്റതും ചൂടില്‍ ദീര്‍ഘനേരം നടന്നതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളുമാണ് മരണത്തിലേക്ക് നയിച്ചത്. സൂര്യതാപമേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ 93 പേര്‍ക്കും ഹജ്ജിന് അനുമതി ലഭിച്ചിരുന്നില്ല. പ്രായമായവരും ഗുരുതര രോഗമുള്ളവരുമാണ് മരിച്ചവരില്‍ ഏറെയും.

ഹജ്ജ് സമയത്ത് 51 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില ഉണ്ടായിരുന്നത്. തീര്‍ത്ഥാടകരില്‍ ഭൂരിഭാഗം ആളുകളും കനത്ത ചൂടിനെ വകവെക്കാതെ മരുഭൂമിയിലൂടെയാണ് മക്കയിലേക്കെത്തിയത്. ഇത്തരം സാഹസം കാണിച്ചതാണ് പലരും തളര്‍ന്നുവീഴാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Also Read: Viral Video: കാനഡയിലും രക്ഷയില്ലാ…!; റസ്റ്റോറൻ്റ് ജോലിക്കായി ഇന്ത്യൻ വിദ്യാർത്ഥികളുടെ നീണ്ട ക്യൂ, വീഡിയോ വൈറൽ

പെര്‍മിറ്റ് ലഭിക്കാതെ മക്കയിലെത്തുന്നവര്‍ നിയമനടപടികളില്‍ നിന്ന് രക്ഷ നേടാന്‍ ഔദ്യോഗിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താറില്ല. ഇവര്‍ക്ക് തീര്‍ത്ഥാടക ടെന്റുകളിലും താമസിക്കാന്‍ സാധിക്കില്ല. ഇതെല്ലാമാണ് മരണത്തിന് കാരണമായത്. തളര്‍ന്നുവീണ ഒട്ടേറെപ്പേര്‍ക്ക് ചികിത്സ നല്‍കിയിരുന്നുവെങ്കിലും പലരെയും രക്ഷപ്പെടുത്താനായില്ല. ചിലര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ അധികപേരുടെയും കയ്യില്‍ തിരിച്ചറിയല്‍ രേഖകളോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്നുള്ള 68 ഹാജിമാരാണ് കനത്ത ചൂടിനെ തുടര്‍ന്ന് മരിച്ചത്. മരിച്ചവരെ തിരിച്ചറിയുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നടക്കുന്നതായി സൗദി അധികൃതര്‍ വ്യക്തമാക്കി. ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ മാര്‍ഗങ്ങളിലൂടെ തിരിച്ചറിഞ്ഞവരുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റുകളും കൈമാറി. മൃതദേഹങ്ങള്‍ മക്കയില്‍ കബറടക്കി എന്നും അധികൃതര്‍ പറഞ്ഞു.

18 ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജിന് എത്തിയത്. ഇതില്‍ 4,65,000 പേര്‍ക്കാണ് ഹജ്ജ് സമയത്ത് ചികിത്സ നല്‍കേണ്ടി വന്നത്. 30,000 പേര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി പോലുള്ള ഉയര്‍ന്ന ചികിത്സ നല്‍കേണ്ടതായി വന്നു. മാത്രമല്ല ഹജ്ജ് വേളയില്‍ 95 തീര്‍ത്ഥാടകരെ എയര്‍ ലിഫ്റ്റിങ്ങിലൂടെ ആശുപത്രികളിലെത്തിച്ചു. ചികിത്സ നല്‍കിയവരില്‍ 1,41,000 പേരും പെര്‍മിറ്റില്ലാത്ത തീര്‍ത്ഥാടകരാണ്. പെര്‍മിറ്റില്ലാത്താവര്‍ക്കും രാജ്യം സൗജന്യ ചികിത്സയാണ് നല്‍കുന്നതെന്നും സൗദി ആരോഗ്യമന്ത്രി പറഞ്ഞു.

Also Read: Suraj Revanna Arrest : ലൈംഗികപീഡനക്കേസിൽ സൂരജ് രേവണ്ണയെ ജൂലായ് ഒന്നുവരെ സിഐഡി കസ്റ്റഡിയിൽ വിട്ടു

ഈ വര്‍ഷത്തെ ഹജ്ജ് സമയത്ത് പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ രാജ്യം നേരത്തെ സ്വീകരിച്ചിരുന്നു. സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യതയെ കുറിച്ച് ഹാജിമാര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അത് അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്നും സൗദി ആരോഗ്യമന്ത്രി പറഞ്ഞു.

ചൂട് കൂടുന്നു

സൗദിയില്‍ ചൂടുകൂടുന്നത് കണക്കിലെടുത്ത് ഉച്ചക്ക് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്. കിഴക്കന്‍ പ്രവിശ്യയിലും റിയാദ് നഗരത്തിലും മാധ്യപ്രവിശ്യയിലും ഖസിം പ്രവിശ്യയിലുമാണ് ചൂട് കൂടുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ ഉച്ചയ്ക്ക് പുറത്തിറങ്ങി നടക്കരുതെന്ന് ആരോഗ്യകാര്യ ജനറല്‍ ഡയറക്ടറേറ്റ് നിര്‍ദേശം പുറപ്പെടുവിച്ചു.

ഉച്ചയ്ക്ക് സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ട്. ശാരീരികമായി പൊള്ളലടക്കം പരിക്കേല്‍ക്കാന്‍ ഇടയാകും. വാഹനം ഓടിക്കുമ്പോള്‍ സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കുക, അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ വാഹനത്തില്‍ വിന്‍ഡോ ഫിലിം ഒട്ടിക്കുക, ശരീരത്തിന്റെ ഭൂരിഭാഗവും മൂടുന്ന തരത്തില്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, സണ്‍ഗ്ലാസ് ഉപയോഗിക്കുക, ഉച്ചക്കുള്ള ഡ്രൈവിങ് ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഡയറക്ടറേറ്റ് പുറത്തിറക്കിയിട്ടുണ്ട്.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു