5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Earth Axis: ഭൂമിയുടെ അച്ചുതണ്ട് ചരിഞ്ഞു, കാരണമറിയാമോ ? അനന്തരഫലങ്ങള്‍ എന്തൊക്കെ ?

1993 മുതൽ 2010 വരെയുള്ള വിവരങ്ങൾ വിലയിരുത്തിയാണ് ഗവേഷകരുടെ കണ്ടെത്തല്‍. 2,150 ജിഗാടൺ ഭൂഗർഭജലം പമ്പ് ചെയ്യപ്പെട്ടുവെന്നും, ഇത് ഭൂമിയുടെ ചരിവിലെ മാറ്റങ്ങൾക്ക് കാരണമായെന്നും ഗവേഷകര്‍ വ്യക്തമാക്കി

Earth Axis: ഭൂമിയുടെ അച്ചുതണ്ട് ചരിഞ്ഞു, കാരണമറിയാമോ ? അനന്തരഫലങ്ങള്‍ എന്തൊക്കെ ?
ഭൂമി (image credits: social media)
jayadevan-am
Jayadevan AM | Published: 26 Nov 2024 22:39 PM

ഭൂമിയുടെ അച്ചുതണ്ടിലുണ്ടായ ചെരിവില്‍ ശാസ്ത്രലോകത്ത് ആശങ്ക. രണ്ട് പതിറ്റാണ്ടിനുള്ളില്‍ 31.5 ഇഞ്ചാണ് ചരിഞ്ഞത്. (ഏകദേശം 80 സെന്‍റീമീറ്റര്‍) കിഴക്കോട് ചരിഞ്ഞതായാണ് കണ്ടെത്തല്‍. ഭൂഗര്‍ഭജലം ഉപരിതലത്തിലേക്ക് വലിച്ചെടുക്കുന്നതാണ് ഇതിന് കാരണം. ഭൂമിയുടെ അച്ചുതണ്ട് ചരിയുന്നത് ഭ്രമണത്തിന് വ്യത്യാസം വരുത്തുമെന്ന് ഗവേഷകര്‍ പറയുന്നു. സമുദ്രജലനിരപ്പ് ഉയരുന്നതിനും കാരണമായേക്കാം. കാലാവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തിയേക്കാം.

ഭൂഗര്‍ഭ ജലത്തിന്റെ അമിതമായ ഉപയോഗമാണ് ഇതിന് കാരണമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂഗർഭജലം വിവിധ പ്രദേശങ്ങളിൽ നിന്ന് പമ്പ് ചെയ്യപ്പെടുകയും ഒടുവിൽ സമുദ്രങ്ങളിലേക്ക് ഒഴുകുകയും ചെയ്യുമ്പോൾ, അത് ഗ്രഹത്തിലെ പിണ്ഡത്തിൻ്റെ വിതരണത്തിൽ മാറ്റം വരുത്തുന്നു. ഇത് ഭൂമിയുടെ ചരിവിനെയും ഭ്രമണത്തെയും സ്വാധീനിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1993 മുതൽ 2010 വരെയുള്ള വിവരങ്ങൾ വിലയിരുത്തിയാണ് ഗവേഷകരുടെ കണ്ടെത്തല്‍. 2,150 ജിഗാടൺ ഭൂഗർഭജലം പമ്പ് ചെയ്യപ്പെട്ടുവെന്നും, ഇത് ഭൂമിയുടെ ചരിവിലെ മാറ്റങ്ങൾക്ക് കാരണമായെന്നും ഗവേഷകര്‍ വ്യക്തമാക്കി. കൂടാതെ, സമുദ്രനിരപ്പ് 0.24 ഇഞ്ച് ഉയർന്നു. പടിഞ്ഞാറൻ വടക്കേ അമേരിക്ക, വടക്കുപടിഞ്ഞാറൻ ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായും ഭൂഗര്‍ഭജലം വലിച്ചെടുത്തിരിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

സമുദ്രനിരപ്പ് ഉയരുന്നതിനെ സംബന്ധിച്ചും പഠനറിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. സമുദ്രങ്ങളിലേക്കുള്ള ഈ ജലത്തിൻ്റെ പ്രവാഹം ആഗോള സമുദ്രനിരപ്പിൽ വര്‍ധനവ് ഉണ്ടാക്കുന്നു. മഞ്ഞുമലകൾ ഉരുകുന്നതിനും സമുദ്രങ്ങളുടെ താപ വികാസത്തിനും ഒപ്പം സമുദ്രനിരപ്പ് ഉയരുന്നതിനുള്ള ഒരു പ്രധാന സ്രോതസ് ഇതാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഭൂഗർഭജല പമ്പിങ്‌ ഭൂമിയുടെ ഭ്രമണത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കുന്നത് ഗവേഷണ മേഖലയില്‍ പുതിയ വഴിത്തിരിവാണ്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാന്‍ ഈ ഗവേഷണത്തിലൂടെ സാധിക്കും. ഭൂഗർഭജലത്തിൻ്റെ തുടർച്ചയായ അമിതമായുള്ള പമ്പിങ്‌ ദീർഘകാല കാലാവസ്ഥാ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് ഗവേഷകരുടെ ആശങ്ക.

കാലാവസ്ഥാവ്യതിയാനം ഭൂമിയില്‍ ഉളവാക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയുന്നതിനായി ദക്ഷിണകൊറിയയിലെ സിയോൾ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ജിയോഫിസിസ്റ്റായ കി വിയോൺ സിയോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

അച്ചുതണ്ടിലെ ഈ ചരിവ് കാലാവസ്ഥയെയടക്കം ഉടന്‍ ബാധിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഭൂഗര്‍ഭജലത്തിന്റെ വിനിയോഗം അമിതമായി തുടര്‍ന്നാല്‍ ഭാവിയില്‍ ഇത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ പുതിയ കണ്ടെത്തല്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.