Gaza Ceasefire: ‘ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണം’; സംയുക്ത പ്രസ്താവനയുമായി രാജ്യങ്ങൾ
Gaza Ceasefire: ഗാസയിൽ വെടി നിർത്തൽ കരാർ ഉടനടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ. ഗാസയിലെ സാധരണക്കാരുടെ മരണങ്ങളിൽ ഞെട്ടിപ്പോയെന്നും വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

പാരീസ്: പാലസ്തീനിൽ ഇസ്രായേൽ സൈന്യം വീണ്ടും ആക്രമണം ആരംഭിച്ചതോടെ ഗാസയിൽ വെടി നിർത്തൽ കരാർ ഉടനടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യങ്ങൾ. ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് വെടി നിർത്തൽ ഉടനടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന ഇറക്കിയത്.
ജനുവരി 19ലെ വെടിനിർത്തൽ കരാറിന് ശേഷമുള്ള ശാന്തതയെ തകർത്ത് കൊണ്ടായിരുന്നു യുദ്ധകെടുതികൾ നിറഞ്ഞ പ്രദേശത്ത് ഇസ്രായേൽ വീണ്ടും ആക്രമണം ആരംഭിച്ചത്. ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത് ഗാസയിലെ ജനങ്ങൾക്ക് തിരിച്ചടിയാണെന്നും സാധരണക്കാരുടെ മരണങ്ങളിൽ ഞെട്ടിപ്പോയെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. വെടിനിർത്തൽ പൂർണ്ണമായും നടപ്പാക്കപ്പെടുന്നുണ്ടെന്നും ശാശ്വതമാണെന്നും ഉറപ്പാക്കാൻ എല്ലാ കക്ഷികളും ചർച്ചകളിൽ വീണ്ടും ഏർപ്പെടണമെന്ന് ജർമ്മനിയുടെ അന്നലീന ബെയർബോക്ക്, ഫ്രാൻസിന്റെ ജീൻ-നോയൽ ബാരറ്റ്, ബ്രിട്ടന്റെ ഡേവിഡ് ലാമി എന്നിവർ ആവശ്യപ്പെട്ടു.
പലസ്തീൻ പ്രദേശത്ത് അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും ഗാസ ഭരിക്കാനോ ഇസ്രായേലിന് ഇനി ഭീഷണിയാകാനോ പാടില്ല എന്നും അവർ പറഞ്ഞു. ഇസ്രായേൽ രാജ്യാന്തര നിയമം പൂർണമായും മാനിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേൽ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ ഗാസയിലെ മറ്റ് ഭാഗങ്ങളും പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യങ്ങളുടെ നീക്കം.