Gaza Ceasefire Talks: ഹമാസിനെ ഇല്ലാതാക്കും വരെ സൈനിക നീക്കം നടത്തുമെന്ന് ഇസ്രായേല്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവസാനിച്ചു
Israel Makes New Gaza Ceasefire Proposal: യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. എന്നാല്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ സൈനിക നീക്കം നടത്തുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കെയ്‌റോ: ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് കെയ്‌റോയില്‍ നടന്ന അവസാന ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. വെടിനിര്‍ത്തല്‍ പുനസ്ഥാപിക്കുന്നതിനും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇസ്രായേലും ഹമാസും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ ചര്‍ച്ച പരാജയപ്പെട്ടു.
യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുന്ന കാര്യം കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. എന്നാല്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ സൈനിക നീക്കം നടത്തുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസിന്റെ പൂര്‍ണ നിരായുധീകരണമെന്ന ഇസ്രായേലിന്റെ ആവശ്യവും സംഘടന തള്ളിയിട്ടുണ്ട്. എന്നിരുന്നാലും താത്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാവുകയാണെങ്കില്‍ പലസ്തീന്‍ തടവുകാരെ വിട്ടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ മുന്നോട്ടുവെച്ച കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്താമെന്ന സൂചനയും ഹമാസ് നല്‍കിയിരുന്നതായാണ് വിവരം.




റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ അനുവദിക്കുന്ന പുതിയ കരാറാണ് ഇസ്രായേല്‍ മുന്നോട്ടുവെച്ചത്. നേരത്തെ അഞ്ച് ഇസ്രായേല്‍ ബന്ദികളെയായിരുന്നു ഒരു പലസ്തീന്‍ തടവുകാരന് പകരമായി ഹമാസ് കൈമാറിയിരുന്നത്. എന്നാല്‍ ഇനി ഒരാള്‍ക്ക് പകരം 10 പേരെ വേണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.
എന്നാല്‍ ഇസ്രായേലിന്റെ നിര്‍ദേശത്തോട് പ്രതികരിക്കാന്‍ ഹമാസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസിനെ ഇല്ലാതാക്കുകയും ഗാസയില്‍ തടവിലാക്കിയ ബന്ദികളില്‍ ബാക്കിയുള്ളവരെ മോചിപ്പിക്കുകയും ചെയ്യാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും ഇസ്രായേല്‍ സൈന്യത്തെ ഗാസയില്‍ നിന്ന് പിന്‍വലിക്കുന്നതിനും പകരമായി ബന്ദികളില്‍ ബാക്കിയുള്ളവരെ എല്ലാവരെയും ഒരുമിച്ച് നല്‍കാമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.